പരമ്പരയിലെ രണ്ടാം സെഞ്ചുറി അടിച്ച് രോഹിത്ത്

മുംബൈ: പരമ്പരയിലെ രണ്ടാം സെഞ്ചുറി അടിച്ച് രോഹിത്ത്. ഓപ്പണര്‍ രോഹിത് ശര്‍മയുടെ മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. 34 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഏകദിനത്തിലെ 21–ാം സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് 102 റണ്‍സോടെയും അമ്പാട്ടി റായുഡു 45 റണ്‍സോടെയും ക്രീസില്‍. 99 പന്തില്‍ 13 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് (109) ക്രീസില്‍ തുടരുന്ന രോഹിത്–റായുഡു സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്.

ഓപ്പണര്‍ ശിഖര്‍ ധവാന്‍ (40 പന്തില്‍ 38), ക്യാപ്റ്റന്‍ വിരാട് കോഹ്!ലി (17 പന്തില്‍ 16) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. ധവാനെ കീമോ പോളും കോഹ്!ലിയെ കെമര്‍ റോച്ചും പുറത്താക്കി. തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ സെഞ്ചുറി നേടിയശേഷമാണ് ഈ മല്‍സരത്തില്‍ കോഹ്!ലി 16 റണ്‍സുമായി മടങ്ങിയത്. നേരത്തെ, 60 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് രോഹിത് അര്‍ധസെഞ്ചുറി പിന്നിട്ടത്. പിന്നീട് ഇന്നിങ്‌സിന്റെ വേഗം വര്‍ധിപ്പിച്ച രോഹിത്, 36 പന്തുകള്‍ കൂടി നേരിട്ട് സെഞ്ചുറിയിലെത്തി. ഓപ്പണിങ് വിക്കറ്റില്‍ ശിഖര്‍ ധവാനൊപ്പവും (71), പിരിയാത്ത മൂന്നാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവിനൊപ്പവും (109) രോഹിത് സ്ഥാപിച്ച അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകള്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി. മല്‍സരത്തില്‍ കെമര്‍ റോച്ചിനെതിരെ സിക്‌സ് നേടിയ രോഹിത് ശര്‍മ, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ 195 സിക്‌സുമായി സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ഒപ്പമെത്തി. ഇനി മഹേന്ദ്രസിങ് ധോണി മാത്രമാണ് (211) ഇക്കാര്യത്തില്‍ രോഹിതിനു മുന്നിലുള്ള ഇന്ത്യക്കാരന്‍.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ധവാനും രോഹിതും ചേര്‍ന്നു മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത്–ധവാന്‍ സഖ്യം 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 40 പന്തില്‍ നാലു ബൗണ്ടറിയും നാലു സിക്‌സും സഹിതം 38 റണ്‍സെടുത്ത ധവാനെ പുറത്താക്കി കീമോ പോളാണ് വിന്‍ഡീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. സ്‌കോര്‍ 100 കടന്നതിനു പിന്നാലെ മിന്നും ഫോമിലുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്!ലിയെ കെമര്‍ റോച്ച് വിക്കറ്റ് കീപ്പര്‍ ഷായ് ഹോപിന്റെ കൈകളിലെത്തിച്ചു. 17 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 16 റണ്‍സെടുത്താണ് കോഹ്!ലി കൂടാരം കയറിയത്.

ഇതിനിടെ, സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സുള്ളപ്പോള്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ഓപ്പണിങ് സഖ്യമായി രോഹിതും ധവാനും മാറി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ – വീരേന്ദര്‍ സേവാഗ് സഖ്യത്തെയാണ് ഇവര്‍ പിന്നിലാക്കിയത്. 93 ഇന്നിങ്‌സുകളില്‍നിന്ന് 42.13 റണ്‍ ശരാശരിയില്‍ 3919 റണ്‍സാണ് സച്ചിന്‍–സേവാഗ് സഖ്യം നേടിയത്. ഇന്നത്തേത് ഉള്‍പ്പെടെ 87 ഇന്നിങ്‌സുകളില്‍നിന്ന് 46.34 റണ്‍സ് ശരാശരിയില്‍ 3986 റണ്‍സാണ് രോഹിത്–ധവാന്‍ സഖ്യത്തിന്റെ സമ്പാദ്യം. 136 ഇന്നിങ്‌സുകളില്‍നിന്ന് 49.32 റണ്‍ ശരാശരിയില്‍ 6609 റണ്‍സ് നേടിയ സച്ചിന്‍–ഗാംഗുലി സഖ്യമാണ് ഇവര്‍ക്കു മുന്നിലുള്ളത്.
ഈ പരമ്പരയില്‍ തുടര്‍ച്ചയായ നാലാം മല്‍സരത്തിലാണ് ടോസ് ഭാഗ്യം ഇന്ത്യന്‍ നായകനെ അനുഗ്രഹിക്കുന്നത്. പുണെയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച വിന്‍ഡീസ് പരമ്പരയില്‍ 1–1ന് ഒപ്പമെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇരു ടീമുകള്‍ക്കും ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഋഷഭ് പന്തിനു പകരം കേദാര്‍ ജാദവും യുസ്!വേന്ദ്ര ചാഹലിനു പകരം രവീന്ദ്ര ജഡേജയും ടീമിലെത്തി. വിന്‍ഡീസ് നിരയിലും ഒരു മാറ്റമുണ്ട്. ഓബദ് മക്കോയ്ക്കു പകരം കീമോ പോള്‍ ടീമിലെത്തി.

Similar Articles

Comments

Advertismentspot_img

Most Popular