അധികമായാല്‍ ചുംബനവും വിഷം!!! ചുംബനത്തിലൂടെ രോഗത്തെ ക്ഷണിച്ചു വരുത്തുമെന്ന് പഠനം

ഓരോ ദിവസം ചെല്ലുംതോറും ശരീരത്തെ ബാധിക്കുന്ന പുതിയ രോഗങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചുംബനവും രോഗങ്ങളെ ക്ഷണിച്ച് വരുത്തുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. സിന്‍സിനാറ്റി ഹോസ്പിറ്റലിലെ ഒരു വിഭാഗം ഗവേഷകരാണ് പുതിയ വാദവുമായി രംഗത്ത് വന്നിരിക്കുന്നത്.

പരസ്പരം ചുംബിക്കുന്നതിലൂടെ എപ്സ്‌റ്റൈന്‍ ബാര്‍ വൈറസ് എന്ന രോഗാണു നമ്മുടെ ശരീരത്തില്‍ എത്തുന്നുവെന്നാണ് ഇവരുടെ വാദം. ഇത് മറ്റ് ഏഴു രോഗങ്ങളെ ക്ഷണിച്ചു വരുത്താന്‍ കഴിവുള്ള രോഗാണുക്കളില്‍ ഒന്നാണെന്നും പഠനം പറയുന്നു.

എന്നാല്‍ ഇത്തരമൊരു വിവരം ഇതാദ്യമായല്ല. ഇത്തരം വൈറസുകളിലൂടെ പകരുന്ന രോഗങ്ങളെപ്പറ്റി അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ പഠനങ്ങള്‍ നടന്നിട്ടുണ്ട്. റുമാറ്റിക് ആര്‍ത്രറ്റിസ്, ജുവൈനല്‍ ഇഡിയോപതിക്ക് ആര്‍ത്രറ്റിസ് തുടങ്ങിയ രോഗങ്ങള്‍ കുടാതെ ടൈപ്പ് 1 ഡയബറ്റിസും ഈ ചുംബനത്തിലൂടെയുണ്ടാകുന്ന വൈറസുകളുടെ ഭാഗമായി ശരീരത്തെ ബാധിക്കുന്നവയാണ്.

വ്യക്തികളുടെ ഡി.എന്‍.എ യില്‍ തന്നെ മാറ്റങ്ങള്‍ വരുത്തി ജനിതകരോഗങ്ങള്‍ രൂക്ഷമാക്കാനും ഈ വൈറസുകള്‍ കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. ചുംബനത്തിലൂടെ പകരുന്ന എപ്സ്‌റ്റൈന്‍ വൈറസുകള്‍ ശരീരത്തില്‍ തന്നെ നിലനില്‍ക്കുന്നു.

മറ്റൊരു ആശ്വാസം എന്നത് ഈ വൈറസുകള്‍ ശരീരത്തില്‍ നിലനില്‍ക്കുമെങ്കിലും പെട്ടെന്നൊന്നും ഇവര്‍ ആരോഗ്യത്തെ ബാധിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കില്ല. കാലങ്ങള്‍ കഴിയുമ്പോള്‍ മാത്രമേ ഇവ പ്രവര്‍ത്തിച്ച് തുടങ്ങി നമ്മുടെ ആരോഗ്യനിലയെ ബാധിക്കുകയുള്ളുവെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍.

അമിത ക്ഷീണം, തൊണ്ടയിലുണ്ടാകുന്ന രൂക്ഷമായ വേദന, ഇടയ്ക്കിടയുള്ള പനി എന്നിവ എപ്സ്‌റ്റൈന്‍ വൈറസ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ പ്രധാന രോഗലക്ഷണങ്ങളാണ്.

ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിച്ചുതുടങ്ങിക്കഴിഞ്ഞാല്‍ ഡി.എന്‍.എ യിലുണ്ടാകുന്ന തന്‍മാത്രകളുടെ സാധാരണ പ്രവര്‍ത്തനത്തെ അവ ബാധിക്കുന്നു. ഇത് ന്യൂറോണുകള്‍ തമ്മിലുള്ള വിനിമയത്തെ മുഴുവന്‍ തകിടം മറിച്ച് ശരീരത്തിന്റെ തുലനാവസ്ഥ തകര്‍ക്കുന്നു.

ഇത്തരത്തില്‍ വൈറസ് പടരുന്നുവെന്ന കാരണത്താല്‍ ലോകത്തിലുള്ള ആരും തന്നെ ചുംബിക്കാതെയിരിക്കുന്നവരല്ല. എപ്സ്‌റ്റൈന്‍ വൈറസ് ശരീരത്തില്‍ എത്താതിരിക്കാനായി അവ ശരീരത്തിലെത്തുന്ന മാര്‍ഗ്ഗങ്ങള്‍ തടയുക എന്നതുമാത്രമാണ്. അതിനായി പരസ്പരം ചുംബിക്കാതിരിക്കുക എന്ന നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നത് ഏറ്റവും വലിയ വിഡ്ഢിത്തമാണ്. അതുകൊണ്ടു തന്നെ ശുചിത്വപൂര്‍വ്വമായ സാഹചര്യങ്ങളെ ചുംബനം സാധ്യമാക്കുകയെന്നാണ് ഈ ഗവേഷണ പഠനത്തില്‍ പറയുന്നത്.

SHARE