ഫോണ്‍ വിളി ഫലം കണ്ടു… ‘ചങ്ക് വണ്ടി’യും തിരിച്ചുകിട്ടി; ‘ആന വണ്ടി’യെ ഇത്രയധികം സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ തേടി സോഷ്യല്‍ മീഡിയ

ഒടുവില്‍ കെ.എസ്.ആര്‍.ടി.സി യാത്രക്കാരിയായ പെണ്‍കുട്ടിയുടെ ഫോണ്‍വിളി ഫലം കണ്ടു. പെണ്‍കുട്ടിയുടെ വിഷമം കേട്ട് ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് ആലുവയിലേക്ക് കൊണ്ടുപോയ ആര്‍.എ.സി 140 വേണാട് ബസ് വീണ്ടും തിരിച്ച് ഈരാറ്റുപേട്ടയ്ക്ക് തന്നെ തിരികെ ലഭിച്ചു. പക്ഷെ ഒരു കാര്യത്തില്‍ മാത്രം ഇപ്പോഴും വ്യക്തതയില്ല. ഫോണ്‍ വിളിച്ച പക്ക കെ.എസ്.ആര്‍.ടി.സി ഫാനായ ആ ‘ചങ്ക്’ പെണ്‍കുട്ടി ആരാണ്.

നാല് മിനിറ്റോളം ദൈര്‍ഘ്യം ഉള്ള പെണ്‍കുട്ടിയുടെ ഓഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങള്‍ വഴി വൈറലായതാണ് ബസ് തിരികെ കിട്ടാന്‍ കാരണമായത്. സ്ഥിരമായി താന്‍ കയറാറുള്ള കെഎസ്ആര്‍ടിസി ബസിനെ കുറിച്ചുള്ള പെണ്‍കുട്ടിയുടെ ആശങ്കയായിരിന്നു ആ നാല് മിനിറ്റുള്ള ഓഡിയോയില്‍ ആധികവും. തങ്ങളുടെ ചങ്കായ കെഎസ്ആര്‍ടിസി ബസ്സിനെ ആലുവ റീജിയണല്‍ ഷോപ്പിലേക്ക് കൊണ്ട് പോയത് എന്തിനാണെന്നാണ് ആ കുട്ടിയ്ക്ക് അറിയേണ്ടിയിരുന്നത്.

ആ വണ്ടി ഞങ്ങള്‍ക്ക് തന്നെ തിരിച്ച് തരില്ലേ എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഡിഗ്രി വിദ്യാര്‍ത്ഥിനിയാണെന്നാണ് സ്വയം പരിചയപ്പെടുത്തി സംസാരിച്ച് തുടങ്ങിയ പെണ്‍കുട്ടി ഞങ്ങളുടെ വണ്ടിയെ കൊല്ലല്ലേ എന്നും ആവശ്യപ്പെട്ടു. ടോമിന്‍ തച്ചങ്കരിയ്ക്ക് പരാതി നല്‍കാമെന്നും, അത് ഞങ്ങളുടെ ചങ്ക് വണ്ടിയാണെന്നും അതിനെ കണ്ടം ചെയ്യല്ലേ എന്നുകൂടി പറഞ്ഞാണ് ആ സംഭാഷണം അവസാനിക്കുന്നത്. പരാതി തലപ്പത്ത് ഔദ്യോഗികമായി എത്തിയോ എന്നറിയില്ല, പക്ഷേ ഓഡിയോ എത്തേണ്ടിടത്ത് തന്നെ എത്തി. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഓഡിയോ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ ഫോണിലുമെത്തി.

യാത്രക്കാരുടെ സ്‌നേഹം കാണാതിരിക്കാന്‍ ആകില്ലെന്ന് കാണിച്ച് വണ്ടി മടക്കി അതേ റൂട്ടില്‍ ഓടിക്കാനുള്ള അനുമതിയും എംഡി നല്‍കി. യാത്രക്കാരുടെ ഗംഭീര സ്വീകരണത്തോടെ കഴിഞ്ഞ ദിവസം പഴയ റൂട്ടിലേക്ക് ആ വണ്ടി ഓടി തുടങ്ങുകയും ചെയ്തു. നാല് മിനിറ്റ് നീളുന്ന ഒരൊറ്റ അഭ്യര്‍ത്ഥന കൊണ്ട് വണ്ടിയെ തിരികെ എത്തിച്ച ആ മിടുക്കി ആരെന്നാണ് ഇനി അറിയേണ്ടത്. ഈരാറ്റുപേട്ടയിലെ ഡിപ്പോയിലൊക്കെ വിളിച്ച് സഹികെട്ടപ്പോഴായിരുന്നു പെണ്‍കുട്ടി നേരിട്ട് ആലുവ ഡിപ്പോയില്‍ വിളിച്ചത്. അത് സ്ഥിരം കയറുന്ന വണ്ടിയാണ്. അത് പോയതില്‍ യാത്രക്കാര്‍ക്ക് സങ്കടം ഉണ്ട്. ക്രൂരമായിപ്പോയി, ഞങ്ങളുടെ വണ്ടിയെടുത്ത് കൊണ്ട് പോയത്, ഡ്രൈവറേയും കണ്ടക്ടറേയും കൊണ്ട് പോയാലും ബസിനെ കൊണ്ട് പോകരുതെന്നും പെണ്‍കുട്ടി അപേക്ഷിച്ചിരുന്നു.

ചങ്കുകള്‍ തിരിച്ച് കൊണ്ട് വന്ന ആ വണ്ടിയ്ക്ക് ചങ്ക് വണ്ടി എന്ന് പേരു നല്‍കാനും, ഈ പേര് എഴുതിയ ബോര്‍ഡ് സ്ഥാപിക്കാനും എംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഇന്‍സ്‌പെക്ടര്‍ സി.ടി ജോണിയോടാണ് പെണ്‍കുട്ടി പരാതി പറഞ്ഞത്. ക്ഷമയോടെ പെണ്‍കുട്ടിയുടെ ആവശ്യം കേട്ട ജോണിയുടെ പ്രവൃത്തി അഭിനന്ദാര്‍ഹമാണെന്ന് കാണിച്ച് എം.ഡി ജോണിയ്ക്ക് കത്തും അയച്ചു.

ആര്‍ എ സി 140 എന്ന ഓര്‍ഡിനറി ബസ് ഈരാറ്റുപേട്ടയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നത് രാവിലെ ഏഴ് മണിയ്ക്കാണ്. അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജ്, പാലാ അല്‍ഫോണ്‍സാ കോളേജ്, സെന്റ് തോമസ് കോളേജ്, ബിസിഎം,ബസേലിയസ് എന്നീ കോളേജുകള്‍ക്ക് പുറമെ നിരവധി സ്വകാര്യ കോളേജുകളും ഈ ബസ്സിന്റെ റൂട്ടിലുണ്ട്.

ഈ കോളേജുകളില്‍ ഒന്നിലെ ഏതോ വിദ്യാര്‍ത്ഥിനിയാണ് വിളിച്ചതെന്ന് ഉറപ്പാണ്. സ്ഥിരം യാത്രക്കാര്‍ നിരവധി ഉള്ളത് കൊണ്ട് ആരാണ് വിളിച്ചതെന്ന് അറിയില്ല. സ്ഥിരം യാത്രക്കാരുടെ പ്രതിനിധിയായാണ് പെണ്‍കുട്ടി വിളിച്ചതും.

രണ്ട് വര്‍ഷമായി ഈ ബസ്സിന്റെ കണ്ടക്ടറായ കെ.എ സമീര്‍ ബസ് ഇവിടെനിന്ന് മാറ്റിയതിന്റെ പേരില്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റും ചര്‍ച്ചയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular