വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത ഷെയര്‍ ചെയ്തവരും കുടുങ്ങും!!! സംസ്ഥാനത്ത് 3000ത്തോളം പേരുടെ ഫോണുകള്‍ നീരീക്ഷണത്തില്‍

തിരുവനന്തപുരം: കാശ്മീരിലെ ബലാത്സംഗ-കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് പൊലീസ്. വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിക്കുകയും, ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം അഴിച്ച്വിടുകയും ചെയ്ത ആയിരത്തോളം പേര്‍ക്കെതിരെ കേസ് എടുത്തു. വര്‍ഗീയ ധ്രൂവീകരണത്തിനുളള വ്യാപക ശ്രമം നടന്നെന്നാണ് പൊലീസ് കണ്ടെത്തല്‍.

തിങ്കളാഴ്ച നടന്ന ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങളാണ് നടന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ അരങ്ങേറിയത്. കണ്ണൂരില്‍ മാത്രം 250 ഓളം പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതില്‍ 50 പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ 25 പേരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കലാപത്തിന് ശ്രമിക്കുക, മനപ്പൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ അപ്രഖ്യാപിത ഹര്‍ത്താല്‍ പ്രചരിപ്പിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ വാട്സ് ആപ്പ് ഗ്രൂപ്പുകളേയും അഡ്മിന്മാരേയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ സംസ്ഥാനത്ത് ഒട്ടാകെയായി 3000ത്തോളം പേരുടെ ഫോണുകള്‍ നിരീക്ഷണത്തിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐടി ആക്ട് പ്രകാരം കേസെടുക്കുമെന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിക്കുമെന്നും വയനാട് പൊലീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ഇതിന്റെ മറവില്‍ വ്യാപകമായി അക്രമങ്ങള്‍ക്ക് മുതിരുകയും പ്രകോപനപരമായ രീതിയില്‍ പ്രകടനങ്ങളും മറ്റും നടത്തിയതിന് വയനാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 762 പേര്‍ക്കെതിരെ 19 ഓളം കേസ് രജിസ്റ്റര്‍ ചെയ്യുകയും 41 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കും. ഇവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്. തുടര്‍ന്ന് വരും കാലങ്ങളില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്ന പക്ഷം കരുതല്‍ തടങ്കല്‍ അടക്കമുള്ളവ സ്വീകരിക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ഹര്‍ത്താലില്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ പങ്കെടുത്ത ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാലക്കാട് 250 ഉം മലപ്പുറത്ത് 131 ഉം കണ്ണൂരില്‍ 169 ഉം കാസര്‍കോട്ട് 104 ഉം കോഴിക്കോട്ട് 200 ഉം വയനാട്ടില്‍ 41 പേരുമാണ് അറസ്റ്റിലായത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മെസേജുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് മനസിലാക്കി പൊതു ജനങ്ങള്‍ ഇത്തരം തെറ്റായ മെസേജുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ട് നില്‍ക്കണമെന്നും വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു

SHARE