ഇത്തിക്കരപക്കിയുടെ പുതിയ ലുക്ക് ; സംവിധായകന് പറയാനുള്ളത് ഇതാണ്..

ഇത്തിക്കരപക്കിയുടെ പുതിയ ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മോഹന്‍ലാലിന്റെ അസാമാന്യമായ മെയ് വഴക്കത്തെക്കുറിച്ചാണ് ഈ ചിത്രം ചര്‍ച്ചകളുയര്‍ത്തിയിരിക്കുന്നത്. നിവിന്‍ നായകനായെത്തുന്ന കായം കുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ ഇത്തിക്കരപക്കിയായുള്ള മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്കിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പുതിയ ചിത്രവും വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിത്തീര്‍ന്നത്. സിനിമയേക്കാള്‍ പ്രചരണം ഈ കഥാപാത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുകയാണ്.
അതേസമയം യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ചിത്രം സൂചിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തിക്കരപക്കിയുടെ മെയ് വഴക്കത്തെപ്പറ്റി സൂചന തരുകയാണ് ഈ ചിത്രത്തിലൂടെ. മരങ്ങള്‍ക്കിടയിലൂടെ ഓടിയും ചാടിയും വളര്‍ന്ന ആളാണ് ഇത്തിക്കരപക്കി. ഏത് വലിയ മരത്തിലും പക്കി കയറും, അതിന് അനുയോജ്യമായ ശരീരഭാഷയും മെയ് വഴക്കവും പക്കിക്കുണ്ട്. പക്കി എന്നാല്‍ ചിത്രശലഭമെന്നാണ്, മരങ്ങള്‍ക്കിടയിലൂടെ തെന്നിപ്പായുന്ന പൂമ്പാറ്റയെപ്പോലെ ദ്രുതഗതിയില്‍ ചലിക്കുന്ന കളളനാണ് ഇത്തിക്കപക്കി.’റോഷന്‍ ആന്‍ഡ്രൂസ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
ഇത്തിക്കരപക്കിയുടെ ഭാഗങ്ങള്‍ പൂര്‍ത്തിയായെന്നും കായംകുളം കൊച്ചുണ്ണി ടീം ലാലേട്ടനെ മിസ് ചെയ്യുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ആരാധകര്‍ മാത്രമല്ല സിനിമാതാരങ്ങളും പുതിയ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തി. മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ജൂഡ് ആന്തണി, അരുണ്‍ ഗോപി, ജോജു ജോര്‍ജ്, ഉണ്ണി മുകുന്ദന്‍, അരുണ്‍ വൈഗ, സന്ദീപ് സേനന്‍ തുടങ്ങി നിരവധി ആളുകള്‍ കമന്റുമായി എത്തി.

SHARE