കീഴാറ്റൂര്‍ സമരത്തില്‍ ഇനി ചര്‍ച്ചയില്ല, വീണ്ടും ഇടഞ്ഞ് ജി.സുധാകരന്‍

തിരുവനന്തപുരം: കീഴാറ്റൂര്‍ സമരത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന സൂചന നല്‍കി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കീഴാറ്റൂരിനെ കുറിച്ച് ഇനിയെന്ത് ചര്‍ച്ചയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ മറ്റെവിടെയും ഇല്ലാത്ത എന്ത് പ്രാധാന്യമാണ് കീഴാറ്റൂരിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല കീഴാറ്റൂരിലേതെന്നും ജി. സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു.

കീഴാറ്റൂര്‍ സമരത്തെ പരിഹസിച്ച് കൊണ്ട് ജി.സുധാകരന്‍ മുമ്പും രംഗത്തുവന്നിരുന്നു. സമരം നടത്തുന്നത് വയല്‍ക്കിളികളല്ല വയല്‍ കഴുകന്‍മാരാണ്. പ്രദേശത്തെ 60 ഭൂവുടമകളില്‍ 56 പേരും ബൈപ്പാസിന് സ്ഥലം വിട്ടുകൊടുക്കാന്‍ സമ്മതപത്രം ഒപ്പിട്ടിട്ടുണ്ടെന്നും സുധാകരന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. നാലു പേര്‍ക്ക് വേണ്ടി നടത്തുന്ന സമരത്തിനൊപ്പമാണ് പ്രതിപക്ഷം നില്‍ക്കുന്നത്. വയലിന്റെ പരിസരത്തു പോലും പോകാത്തവരാണ് സമരം ചെയ്യുന്നതെന്നും സുധാകരന്‍ പരിഹസിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular