കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത!!! ജാഗ്രതാ നിര്‍ദ്ദേശ

തിരുവനന്തപുരം: കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2.6 മീറ്റര്‍ മുതല്‍ 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകളുണ്ടായേക്കാമെന്നാണ് വിവരം. കന്യാകുമാരിക്ക് സമീപം ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത 36 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശം. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തീരമേഖലയില്‍ ജാഗ്രത പുലര്‍ത്താന്‍ റവന്യൂ, ഫിഷറീസ് വകുപ്പുകള്‍ക്കും കോസ്റ്റല്‍ പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.തെക്ക് ന്യൂനമര്‍ദം രൂപപ്പെടുകയും പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിനു സമീപത്തേക്കു നീങ്ങി ശക്തിപ്പെടുകയും ചെയ്യാനിടയുള്ളതിനാലാണ് മുന്നറിയിപ്പ് നല്‍കിയത്. കാറ്റിന്റെ വേഗം അമ്പതു കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെ തെക്കന്‍ തീരത്തു കനത്ത കാറ്റിനു സാധ്യതയുണ്ടെന്നാണു അറിയിച്ചിരിക്കുന്നത്. ശ്രീലങ്കതമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് ശക്തിയാര്‍ജിച്ച് പടിഞ്ഞാറേക്കു നീങ്ങും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയാകാമെന്നും അറിയിപ്പുണ്ട്.

കന്യാകുമാരിക്കു തെക്ക് ഒരു ന്യൂനമര്‍ദം രൂപപ്പെടുന്നുണ്ട്. നിലവിലെ പ്രവചന പ്രകാരം പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിനു സമീപത്തേക്ക് അതു നീങ്ങുകയും ശക്തിപ്പെടുകയും ചെയ്യും. ഈ ന്യൂനമര്‍ദപാത്തിയുടെ നേരിട്ടുള്ള സ്വാധീന മേഖലയില്‍ കേരളത്തില്‍ നിന്നു മത്സ്യബന്ധനത്തിനു പോകുന്ന കന്യാകുമാരി മേഖല, ശ്രീലങ്ക, ലക്ഷദ്വീപ്, തിരുവനന്തപുരം തീരം എന്നിവിടങ്ങളും ഉള്‍പ്പെടും.

ഈ സാഹചര്യത്തില്‍ അടുത്ത 36 മണിക്കൂര്‍ കന്യാകുമാരി ഉള്‍ക്കടല്‍, ശ്രീലങ്ക ഉള്‍ക്കടല്‍, ലക്ഷദ്വീപ് ഉള്‍ക്കടല്‍, തിരുവനന്തപുരം ഉള്‍ക്കടല്‍ എന്നീ തെക്കന്‍ ഇന്ത്യന്‍ മേഖലയില്‍ മത്സ്യബന്ധനം നടത്തരുത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഏതാനും മാസം മുന്‍പ് സംസ്ഥാനത്ത് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. കടലില്‍ കാണാതായ നൂറോളം പേരുടെ വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. ഓഖി ആഞ്ഞടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പു സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികളും സര്‍ക്കാര്‍ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഇപ്പോള്‍ ശക്തമായ കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് ബന്ധപ്പെട്ടവര്‍ക്കു നല്‍കിയിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular