സമ്പൂര്‍ണ മദ്യനിരോധനം കൂടുതല്‍ ദോഷം വരുത്തും; സമൂഹത്തില്‍ നിന്ന് മദ്യത്തെ ഒറ്റയടിക്ക് മാറ്റാനാവില്ലെന്നും കമല്‍ ഹാസന്‍

ചെന്നൈ: സമ്പൂര്‍ണ മദ്യനിരോധനം കൂടുതല്‍ ദോഷം വരുത്തിവെക്കുക മാത്രമെ ചെയ്യൂവെന്നും അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് തന്റെ പാര്‍ട്ടിക്ക് വിശ്വാസമില്ലെന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍.

അതേ സമയം നിങ്ങള്‍ക്ക് തമിഴ്നാട്ടില്‍ പോസ്റ്റ് ഓഫീസ് തിരഞ്ഞ് നടക്കേണ്ടി വരും എന്നാല്‍ മദ്യശാലകള്‍ തിരയേണ്ടി വരില്ല, ഇതിന് തങ്ങള്‍ ഒരു മാറ്റം വരുത്തുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്നാട്ടില്‍ മദ്യശാലകള്‍ ഇങ്ങനെ വ്യാപകമാക്കണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പൂര്‍ണ്ണമായി മദ്യനിരോധനം നടപ്പാക്കുന്നത് മാഫിയകളെ സൃഷ്ടിക്കും. സമൂഹത്തില്‍ നിന്ന് മദ്യത്തെ ഒറ്റയടിക്ക് മാറ്റാനാവില്ല. മനുഷ്യ ശരീരവും അതിന് അനുവദിക്കില്ല. എന്നാല്‍ അതിന്റെ ഉപയോഗം കുറച്ചുകൊണ്ടു വരാമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകള്‍ക്ക് സമീപം മദ്യശാലകള്‍ തുറക്കുന്നതില്‍ ആശങ്കയുണ്ട്. സ്ത്രീ വോട്ട് ബാങ്ക് കണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ണ്ണ മദ്യനിരോധനം വേണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്. നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് തന്റെ പാര്‍ട്ടിയുടെ പ്രധാന നയമെന്നും കമല്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular