ശരീരത്തില്‍ പച്ചകുത്തുമ്പോള്‍ വേദന അറിയില്ല, ഒരു ഇന്‍ജക്ഷന് വില 5000 രൂപ: എക്‌സൈസ് പിടിയിലായ യുവാവില്‍ നിന്ന് പുറത്ത് വന്നത്

തൃശൂര്‍: അതിമാരക മയക്കുമരുന്നായ 28 പെന്റാസോസിന്‍ ആംപ്യൂളുകളുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. കോയന്പത്തൂര്‍ ഉക്കടം സ്വദേശി വിജയ്(21)ആണ് പിടിയിലായത്. ടാറ്റു വരയ്ക്കുന്‌പോള്‍ വേദന അറിയാതിരിക്കാനായി ഉപയോഗിക്കുന്ന മയക്കുമരുന്നുകളില്‍ ഏറ്റവും വില കൂടിയതാണ് ഇത്.

ഒരു ഇന്‍ജക്ഷന്‍ എടുത്താല്‍ ആറു മണിക്കൂര്‍വരെ ലഹരി നിലനില്‍ക്കുന്ന പെന്റാസോസിന് 5000 രൂപയാണ് ഒരു ഡോസിന് ഈടാക്കുന്നത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന ഷെഡ്യൂള്‍ഡ് എച്ച് വണ്‍ ഇനത്തില്‍പ്പെടുന്ന ഈ മയക്കുമരുന്നിന് 250 രൂപ മാത്രമേ മെഡിക്കല്‍ ഷോപ്പുകളില്‍ വിലയുള്ളു. ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ ഇത്തരത്തിലുള്ള മരുന്നുകള്‍ വില്‍ക്കാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. ബംഗളുരുവില്‍ മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന യുവാക്കളില്‍നിന്ന് ഇത്തരത്തിലുള്ള മരുന്നുകള്‍ ഒന്നിന് രണ്ടായിരം എന്ന നിരക്കിലാണ് കിട്ടുന്നതെന്ന് പിടിയിലായ വിജയ് പറഞ്ഞു. ഒരു മില്ലി വീതമുള്ള 28 ആംപ്യൂളുകള്‍ക്ക് 1,40,000 രൂപയാണ് വിപണി മൂല്യം.

SHARE