ആമിയെകുറിച്ച് ട്രോളന്‍മാരോ മറ്റുള്ളവരോ എന്തും ചിന്തിക്കുകയോ പറയുകയോ ചെയ്‌തോട്ടെ, കമല്‍ തന്റെ ജോലി മനോഹരമാക്കിയെന്ന് മാധവിക്കുട്ടിയുടെ മകന്‍ ജയസൂര്യ

‘ആമി’ ഏറെ പ്രത്യേകതകളുള്ള, സമാനതകളില്ലാത്ത, സ്വപ്നതുല്യമായ അനുഭവമാണ് എനിക്കീ ചിത്രം. ഈ സിനിമയുടെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടണമെങ്കില്‍ എനിക്കിതെഴുതിയേ തീരൂ. സ്വന്തം അമ്മയുടെ ജീവിതം മുന്നിലെ തിരശീലയില്‍ ചുരുളുകള്‍ നിവര്‍ത്തി തെളിഞ്ഞ അനുഭവം, മരണം വരെ എന്റെ കൂടെയുണ്ടാവുമെന്ന് തീര്‍ച്ച.

സിനിമയുടേതായ എല്ലാ സ്വാതന്ത്ര്യവും, സാങ്കല്പികാംശങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കുമ്പോള്‍ തന്നെ, കാണെക്കാണെ ‘ആമി’ എന്റെ കണ്ണുകള്‍ നിറച്ചു. മുതിര്‍ന്ന പുരുഷന്മാര്‍ കരയാന്‍ പാടുണ്ടോ. എങ്കിലും അത് തന്നെയാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ സംഭവിച്ചത്. ‘എന്നെ കരയിച്ചു കളഞ്ഞല്ലോ’ അന്ന് രാത്രി തന്നെ ഞാന്‍ മഞ്ജു വാര്യരോട് പരിഭവിക്കുകയും ചെയ്തു. ട്രോളന്‍മാരോ മറ്റുള്ളവരോ എന്തും ചിന്തിക്കുകയോ പറയുകയോ ചെയ്‌തോട്ടെ, കമല്‍ തന്റെ ജോലി മനോഹരമാക്കി എന്ന് പറയാതെ വയ്യ.

നിര്‍മ്മിക്കാന്‍ എളുപ്പമുള്ള ഒരു സിനിമയല്ല ഇത്. അത് മറ്റാരെക്കാളും നന്നായി എനിക്കാണ് പറയാന്‍ കഴിയുക. ഈ ചിത്രത്തിന്റെ സൂക്ഷ്മാംശങ്ങളും അതിനു പിന്നിലെ പ്രയത്‌നവും എനിക്കടുത്തറിയാം.

കേന്ദ്ര കഥാപാത്രത്തിന്റെ മഹത്വവും, യാഥാര്‍ത്ഥ്യത്തെ കവിഞ്ഞു നില്‍ക്കുന്ന അവരുടെ വ്യക്തിത്വവും, വായനക്കാര്‍ക്ക് അവരോടുള്ള ആദരവും സ്‌നേഹവും ‘ആമി’യെ തിരശീലയില്‍ എത്തിക്കാന്‍ പ്രയാസമുള്ളതാക്കിത്തീര്‍ത്തു.

പുതിയ വിവാദങ്ങള്‍ ഉണ്ടാക്കാനായി നിങ്ങള്‍ എന്തും പറഞ്ഞോളൂ. മാധവികുട്ടിയെ ഏറ്റവും അടുത്തറിഞ്ഞിട്ടുള്ളത് അവരുടെ കുടുംബാംഗങ്ങള്‍ തന്നെ ആണ്. അത് കൊണ്ട് തന്നെ മറ്റൊന്നും ഇവിടെ പ്രസക്തമല്ല.

കമല്‍ ആദ്യം ഇതേക്കുറിച്ചു സംസാരിച്ച നിമിഷം മുതല്‍ സിനിമ പൂര്‍ത്തീകരിച്ച നിമിഷം വരെ എനിക്ക് നന്നായി ഓര്‍മയുണ്ട്. ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്തു കൊണ്ട്, എനിക്കറിയാവുന്ന മട്ടില്‍ സംസാരിച്ചു കൊണ്ട് സിനിമയുടെ കൂടെക്കൂടിയ എനിക്ക്, ഞാന്‍ ഇതിന്റെ ഒരവിഭാജ്യ ഘടകമാണെന്ന തോന്നലാണ്. വിശദവിവരങ്ങള്‍ നല്‍കുന്ന ഒരു കുടുംബാംഗം എന്ന നിലയ്ക്കപ്പുറത്തേക്ക് ഈ തോന്നല്‍ എന്നെ ഈ പ്രൊജക്റ്റുമായി അടുപ്പിച്ചിട്ടുമുണ്ട്.

കമലാ ദാസിന്റെ വസ്തുവകകളുടെ ഉടമ എന്ന നിലയില്‍, പകര്‍പ്പവകാശി എന്ന നിലയില്‍, എന്റെ സഹോദരന്മാര്‍ക്ക് കൂടി വേണ്ടി ഞാന്‍ ഇതില്‍ ആണ്ടു മുങ്ങിയിരുന്നു. അമ്മയുടെ കൃതികളെ സംബന്ധിച്ചും അല്ലാതെയും ഉള്ള എല്ലാ തീരുമാനങ്ങളിലും, സഹോദരന്മാര്‍ എന്നെ സഹായിച്ചിരുന്നു. എങ്കിലും, ജീവിതത്തില്‍ ഉടനീളവും, ജീവിതത്തിനു ശേഷവും, അമ്മ നേരിട്ട വിവാദങ്ങള്‍ കാരണമാവാം ഈ സിനിമയ്ക്ക് പതിവിലും കൂടുതല്‍ പ്രാധാന്യം ഉണ്ടായി.

ഒരു മികച്ച സംവിധായകന്‍ എന്ന നിലയില്‍ കമല്‍ എനിക്ക് പരിചിതനായിരുന്നുവെങ്കിലും, ‘ആമി’ അനുഭവം തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള ഗഹനമായ ഒരു സംവേദനാത്മകത ചിത്രത്തിന് ആവശ്യമായിരുന്നു. ജനങ്ങള്‍ ആരാധിച്ച വലിയ വ്യക്തിത്വത്തിനുടമയായിരുന്നു കമലാ ദാസ്. അതുകൊണ്ട് തന്നെ, ഒരു പിഴവു പോലും വരാന്‍ പാടില്ല എന്ന് ഞങ്ങള്‍ കരുതിയിരുന്നു.

സിനിമക്ക് അനുമതി നല്‍കുന്ന കുടുംബാംഗമായി ഞാന്‍ മുന്നില്‍ നിന്നു. ആശങ്കയോടെ വിളിച്ചിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും, ചോദിക്കാതെ തന്നെ അനവധി ഉപദേശനിര്‍ദേശങ്ങള്‍ വാരിവിതറിക്കൊണ്ടിരുന്നു.

അമ്മയുടെ ജീവിതത്തെ അടയാളപ്പെടുത്തേണ്ട കൃത്യതയെ സംബന്ധിച്ചും മുന്നറിയിപ്പുകള്‍ ഏറെ ലഭിച്ചു. എല്ലാറ്റിനും എനിക്കൊരൊറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളു. ‘എല്ലാം ഞാന്‍ നോക്കുന്നുണ്ട്, നിങ്ങള്‍ വിഷമിക്കണ്ട’ എന്ന്.

എഴുത്തുകാരും ഞാന്‍ ഉള്‍പ്പെടുന്ന മാധ്യമ രംഗത്തെ സുഹൃത്തുക്കളും ഉയര്‍ത്തിയ പല ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ട വക്താവാകേണ്ടി വന്നിട്ടുണ്ട് എനിക്ക്. പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കിയിരുന്നെങ്കിലും (ജന്മസിദ്ധമായി കിട്ടിയ സ്വഭാവം കൂടി ആയിരിക്കണമിത്), മറ്റുള്ളവര്‍ എന്ത് പറയുമെന്ന് ഞാന്‍ ചിന്തിക്കുകയേ ഇല്ല.
ഈ സിനിമ കാണാന്‍ കാത്തു പുണെയിലെ ഒരു സിനിമാ ഹാളില്‍ മറ്റു മലയാളികള്‍ക്കൊപ്പം ഞാനും എന്റെ ഭാര്യ ദേവിയും ഇരുന്നു. അക്ഷരപ്പിശകുള്ള ക്രെഡിറ്റുകള്‍ ആയിരുന്നെങ്കിലും അമ്മയുടെ പല കാലഘട്ടങ്ങളിലെ അതിമനോഹര ചിത്രങ്ങള്‍ ചേര്‍ത്ത ടൈറ്റിലുകള്‍ ഏറെ ചന്തമുള്ളതായിരുന്നു. ഞങ്ങള്‍ക്ക് കണ്ണ് നിറയാന്‍ അത് തന്നെ ധാരാളമായി.

ഞാന്‍ ആദ്യമായി കണ്ട കമല്‍ ചിത്രമായിരുന്നു ‘ആമി’. അമ്മയെക്കുറിച്ചുള്ള ഈ ചിത്രം അദ്ദേഹം സംവിധാനം ചെയ്തു എന്നതില്‍ ഞാന്‍ ആഹല്‍ദിക്കുന്നു. സിനിമയുടെ നിര്‍മാണത്തെക്കുറിച്ചു പറയാന്‍ ഞാന്‍ ഒരു വിമര്‍ശകനൊന്നുമല്ല. എങ്കിലും കണ്ടിരിക്കേണ്ട സിനിമയാണിത് എന്ന് പറയാനാവും.

ഇതിന്റെ വിജയത്തില്‍ എനിക്ക് യാതൊരു വാണിജ്യ താല്പര്യവുമില്ലെന്നു കൂടി ഈയവസരത്തില്‍ വെളിപ്പെടുത്തട്ടെ.

അമ്മയുടെ നിഷ്‌കളങ്കതയും, തുറന്ന സമീപനവും, സംവേദനാത്മകതയും ഒക്കെ അത്യധികം നന്നായി ചിത്രീകരിച്ചിട്ടുണ്ട്. അവരുടെ മുഖഭാവങ്ങളും പെരുമാറ്റ രീതികളും കൃത്യമായി ചെയ്യാന്‍ മഞ്ജു ഒരുപാട് അധ്വാനിച്ചിട്ടുണ്ട് എന്നത് വ്യക്തം. അഭിനന്ദനങ്ങള്‍ മഞ്ജു. പല ഫ്രെയിമുകളിലും എന്റെ അച്ഛനെ തന്നെ ഓര്‍മിപ്പിച്ചു കൊണ്ടു മുരളി ഗോപി എന്നെ വികാരാധീനനാക്കി.

അമ്മയെ പൂര്‍ണമായും മനസ്സിലാക്കി സ്‌നേഹിച്ച ഒരേയൊരാള്‍ എന്റെ അച്ഛനായിരുന്നിരിക്കണം. ആ സ്‌നേഹത്തിലൂന്നിത്തന്നെയാണ് അമ്മ വളര്‍ന്നതും. താന്‍ എന്തെഴുതിയാലും പറഞ്ഞാലും ദാസേട്ടന്‍ എപ്പോഴും ഒപ്പമുണ്ടെന്നു അമ്മ വിശ്വസിച്ചിരുന്നു.

അച്ഛനും മകളും തമ്മിലുള്ള ബന്ധം പോലെയായിരുന്നു പല കാര്യങ്ങളിലും അവരുടെ സ്‌നേഹം. അത്രക്ക് ഉറച്ചത്, എന്നാല്‍ പ്രകടമല്ലാത്തതും.

യഥാര്‍ത്ഥ സ്‌നേഹത്തിനു പ്രകടനം ആവശ്യമില്ലെന്നു ഞാന്‍ മനസ്സിലാക്കുന്നു. സിനിമാ നിര്‍മാണത്തിനും കാണികളുടെ പ്രോത്സാഹനത്തിനും അപ്പുറമാണ് ആ തലം. അവിടെയും കമല്‍ വിജയിച്ചിട്ടുണ്ട്.

ആ വലിയ എഴുത്തുകാരിയുടെ മകന്‍ എന്ന നിലയില്‍ ‘ആമി’യുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍. സ്ഥൈര്യത്തോടെ, ഉറപ്പോടെ പറയട്ടെ, ‘ആമി’ യെക്കുറിച്ച് എനിക്ക് അഭിമാനം മാത്രമാണുള്ളത്.
കടപ്പാട് കൈരളി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51