യുവതീ യുവാക്കള്‍ പ്രണയിക്കട്ടെ… തീവ്രനിലപാടില്‍ മലക്കം മറിഞ്ഞ് പ്രവീണ്‍ തൊഗാഡിയ, പ്രണയദിനത്തെ എതിര്‍ക്കില്ലെന്നും തീവ്രനേതാവ്

ബംഗളുരു: സംഘപരിവാറിനോട് തെറ്റിപിരിഞ്ഞതിന് പിന്നാലെ തീവ്ര നിലപാടുകള്‍ മയപ്പെടുത്തി വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. പ്രണയ ദിനം നിരോധിക്കേണ്ടതില്ലായെന്നാണ് തൊഗാഡിയയുടെ പുതിയ നിലപാട്. യുവതി യുവാക്കള്‍ക്ക് പ്രണയിക്കാനുള്ള അവകാശമുണ്ടെന്ന് തൊഗാഡിയ ഞായറാഴ്ച വിഎച്ച്പി ബജറഗ് ദള്‍ സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞു. പ്രണയദിനത്തില്‍ യാതൊരു വിധ അക്രമങ്ങളും പ്രതിഷേധങ്ങളും അനുവദിക്കില്ലായെന്നും തൊഗാഡിയ പറഞ്ഞു.

വര്‍ഷങ്ങളായി വാലന്റൈന്‍സ് ദിനാഘോഷങ്ങളെ ശക്തമായി എതിര്‍ക്കുന്ന സംഘടനയായ വിശ്വ ഹിന്ദു പരിഷത്ത് ഇപ്പോള്‍ മലക്കംമറിഞ്ഞിരിക്കുകയാണ്. രണ്ട് പേര്‍ പ്രണയിച്ചില്ലെങ്കില്‍ വിവാഹം നടക്കില്ല. വിവാഹം നടന്നില്ലെങ്കില്‍ ലോകത്തിന് പുരോഗതിയുണ്ടാകില്ല. യുവതീ യുവാക്കള്‍ക്ക് പ്രണയിക്കാനുള്ള അവകാശമുണ്ടെന്നും തൊഗാഡിയ പറഞ്ഞു. പ്രണയദിനാഘോഷങ്ങള്‍ ഹിന്ദു വിരുദ്ധവും ദേശവിരുദ്ധവുമാണെന്നാണ് ഇത്രയും കാലം വിഎച്ച്പിയും ബജ്‌രംഗദളുമെല്ലാം എടുത്ത നിലപാട്. അതുകൊണ്ട് വാലന്റൈന്‍സ് ദിനം നിരോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

തന്റെ ജീവന് ഭീഷണിയുണ്ടെന്നും തന്നെ കൊല്ലാന്‍ ബിജെപി സര്‍ക്കാര്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തുമെന്നും പറഞ്ഞ തൊഗാഡിയ തന്റെ തീവ്ര ഹിന്ദു നിലപാടുകള്‍ മയപ്പെടുത്തി, ഗുജറാത്തിലടക്കം മൃതുഹിന്ദുത്വ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് പക്ഷത്തേക്ക് ചായാനുള്ള ശ്രമങ്ങളാണോ നടത്തുന്നത് എന്ന് ചില രാഷ്ട്രീയ നിരീക്ഷണങ്ങളും വരുന്നുണ്ട്.

SHARE