അങ്കമാലിയില്‍ ഒരു കുടുബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു; ബൈക്കില്‍ രക്ഷപെടുന്നതിനിടെ പ്രതി പിടിയില്‍

കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ അടുത്തബന്ധു വെട്ടിക്കൊലപ്പെടുത്തി. എരപ്പ് അറക്കില്‍ ശിവന്‍ (60), ഭാര്യ വത്സ(56), മകള്‍ സ്മിത(33) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവന്റെ സഹാദരന്‍ ബാബുവാണ് മൂന്നുപേരെയും വെട്ടി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.
കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. കൊല്ലപ്പെട്ട സ്മിതയുടെ മക്കളില്‍ ഒരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.45 ഓടെ ശിവന്റെ വീട്ടിലെത്തിയ സഹോദരന്‍ മൂന്നുപേരെയും ആക്രമിച്ചു.
ശിവന്റെ അഞ്ച് സഹോദരങ്ങള്‍ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. ശിവനും ബാബുവും തമ്മില്‍ ഏറെക്കാലമായി തര്‍ക്കം നിലനിന്നിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സഹോദരന്റെ കുടുംബത്തെ അക്രമിച്ചശേഷം സ്ഥലത്തുനിന്ന് ബൈക്കില്‍ രക്ഷപെട്ട ബാബുവിനെ കൊരട്ടിയില്‍ വച്ച് പൊലീസ് പിടികൂടി.
പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങാന്‍ പോകുന്നുവെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇയാള്‍ ബൈക്കില്‍ സ്ഥലം വിട്ടത്.
കൊലപാതകത്തിനുശേഷം കൊരട്ടി ചിറങ്ങര ക്ഷേത്രക്കുളത്തില്‍ ബാബു ആത്മഹത്യാശ്രമവും നടത്തി. ബൈക്കുമായി നേരെ കുളത്തിലേക്കു കുതിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും തമ്മില്‍ സ്വത്തിന്റെ പേരില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്നു എന്തു പ്രകോപനത്തിലാണ് കൃത്യം നടത്തിയതെന്നു വ്യക്തമായിട്ടില്ല. ഇയാള്‍ ഒറ്റയ്ക്കാണോ കൃത്യം നടത്തിയത്, എന്നിങ്ങനെയുള്ള കാര്യങ്ങളിലും വ്യക്തത വന്നിട്ടില്ല.

SHARE