പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി 30 വരെ നീട്ടി. 18 വരെ അപേക്ഷ സ്വീകരിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. സി.ബി.എസ്.ഇ. സിലബസുകാര്‍ക്കുകൂടി അപേക്ഷിക്കാവുന്ന വിധത്തിലാണ് മാറ്റം. അപേക്ഷ സ്വീകരിക്കാന്‍ കൂടുതല്‍ സമയം നല്‍കിയതോടെ അലോട്ട്‌മെന്റുകളും ക്ലാസ് തുടങ്ങുന്നതും വൈകും. നിലവില്‍ ജൂണ്‍ 13ന് ക്ലാസ് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്.

കേന്ദ്ര സിലബസില്‍ പഠിക്കുന്നവരുടെ പരീക്ഷാഫലം വൈകുന്നതിനാല്‍ ഇത് മൂന്നാംവര്‍ഷമാണ് സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന തീയതികള്‍ മാറ്റേണ്ടിവരുന്നത്. 200 പ്രവൃത്തിദിനങ്ങള്‍ ലഭ്യമാകുന്ന വിധത്തിലാണ് ഇത്തവണ പ്ലസ് വണ്‍ പ്രവേശന കലണ്ടര്‍ നിശ്ചയിച്ചത്. ജൂണ്‍ പകുതിയോടെ ക്ലാസ് തുടങ്ങാന്‍ തീരുമാനിച്ചത് ഇതിനാലാണ്. ഇത്തവണ ഐ.സി.എസ്.ഇ. പത്താം ക്ലാസ് ഫലം നേരത്തേ വന്നിരുന്നു. സി.ബി.എസ്.ഇ. ഫലമാണ് വൈകുന്നത്.

ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ.യുമായി ബന്ധപ്പെട്ടവര്‍ കോടതിയെ സമീപിച്ചിരുന്നു. സി.ബി.എസ്.ഇ.ഫലം മേയ് 28ന് മാത്രമേ പ്രസിദ്ധപ്പെടുത്തുകയുള്ളൂവെന്നാണ് സൂചന.

കേരളത്തിലെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള തീയതി ഹയര്‍ സെക്കന്‍ഡറി വകുപ്പ് വളരെ നേരത്തേ സി.ബി.എസ്.ഇ. അധികൃതരെ അറിയിച്ചതാണ്. മറുപടിയുണ്ടായില്ലെന്നാണ് അറിയുന്നത്.

പ്ലസ് വണ്‍ പ്രവേശനത്തിനായി ബുധനാഴ്ച രാത്രിവരെ 4,44,492 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. ഇത്തവണ എസ്.എസ്.എല്‍.സി. കഴിഞ്ഞവരില്‍ 4,30,178 കുട്ടികളും പ്ലസ് വണ്‍ അപേക്ഷിച്ചുകഴിഞ്ഞു. ഐ.സി.എസ്.ഇ. സിലബസില്‍നിന്ന് അപേക്ഷിച്ചവരുടെ എണ്ണം 3705 ആണ്.

Similar Articles

Comments

Advertismentspot_img

Most Popular