കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു

വയനാട്: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ജീവനക്കാരന്‍ കൂടി ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ടും തലശേരി സ്വദേശിയുമായ നടേശ് ബാബുവാണ് മരിച്ചത്. ബത്തേരിയിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.

പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്താനാകാതെ പുതുവൈപ്പ് ലയപ്പറമ്പില്‍ റോയി മരിച്ചിരുന്നു. 34 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇയാള്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ചത്.

ഹൃദയ സംബന്ധമായ രോഗത്തിന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു ഇയാള്‍. കഴിഞ്ഞ അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയതോടെ ചികിത്സയും നടത്തിയിരുന്നില്ല. ഇതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. അടിയന്തരമായി ഹൃദയ ശസ്ത്രക്രിയ ചെയ്തേ മതിയാവൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഒന്നരലക്ഷം രൂപയോളം വരുന്ന ചെലവ് താങ്ങാന്‍ റോയിക്കും കുടുംബത്തിനും കഴിയുമായിരുന്നില്ല. കുറച്ചുകാലമായി ആയുര്‍വേദ ചികിത്സയാണ് ചെയ്തിരുന്നത്. വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇയാള്‍. ഭാര്യ വീട്ടുജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. റോയിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്.

ഇവരുടെ വിദ്യാഭ്യാസമടക്കമുള്ള മറ്റു ചെലവുകള്‍ കണ്ടെത്താന്‍ റോയിയുടെ കുടുംബം ബുദ്ധിമുട്ടിലായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയോടെയായായിരുന്നു മരണം. കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും വിരമിക്കുമ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും റോയിക്ക് ലഭിച്ചില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പത്തുലക്ഷം രൂപയെങ്കിലും ഇയാള്‍ക്ക് കെ.എസ്.ആര്‍.ടിസിയില്‍ നിന്നും ലഭിക്കാനുണ്ടായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular