സിനിമാതാരങ്ങളുടെ ഉള്‍പ്പെടെ ആരുടെ തല വേണമെങ്കിലും പോണ്‍ വീഡിയോകളില്‍ ചേര്‍ക്കാന്‍ പറ്റുന്ന സോഫ്റ്റ് വെയറുകള്‍ക്ക് പ്രചാരമേറുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചില സോഫ്റ്റ് വെയറുകളാണ് ഇത്തരം വീഡിയോകള്‍ നിര്‍മ്മിക്കുന്നതിന് സഹായിക്കുന്നത്. വ്യാജ മുഖങ്ങള്‍ സൃഷ്ടിക്കുന്നതിനായുള്ള ‘ഫേക്ക് ആപ്പ്’ എന്ന ഡസ്‌ക്ടോപ് ടൂള്‍ ഒരു ലക്ഷം പേരാണ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്.
മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സോഫ്റ്റ് വെയര്‍ മുഖങ്ങളുടെ കമ്പ്യൂട്ടര്‍ പതിപ്പ് തയ്യാറാക്കുന്നത്. മാറ്റിവെക്കാന്‍ ഉദ്ദേശിക്കുന്ന ആളിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ആയാളുടെ ശാരീരിക പ്രത്യേകതകള്‍ മനസിലാക്കുന്നതിനായി സോഫ്റ്റ് വെയറിന് നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വീഡിയോകളില്‍ യഥാര്‍ത്ഥ നടിക്ക് അല്ലെങ്കില്‍ നടന് പകരം മാറ്റിവെക്കാന്‍ ഉദ്ദേശിക്കുന്ന ആളിന്റെ ശരീരം പ്രത്യക്ഷമാവുന്നു.
സിനിമാതാരങ്ങളുടെ പോണ്‍ വീഡിയോകള്‍ നിര്‍മ്മിക്കാനും രാഷ്ട്രീയക്കാരുടെയും സിനിമാതാരങ്ങളുടെ മുഖങ്ങള്‍ പരസ്പരം മാറ്റാനുമാണ് ആളുകള്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തുന്നത്. ഡൊണാള്‍ ട്രംപിന്റെ സ്ഥാനത്ത് മുഖം ജര്‍മനി ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലിന്റെ മുഖം പ്രതിഷ്ഠിച്ചുള്ള ഒരു വീഡിയോ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
എമ്മ വാട്സണ്‍, ടെയിലര്‍ സ്വിഫ്റ്റ് എന്നിങ്ങനെ നിരവധി ഹോളിവുഡ് നടിമാരുടേയും ഗായികമാരുടെയും പോണ്‍ വീഡിയോകള്‍ ഈ സോഫ്‌റ്റ്വെയര്‍ വഴി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ജിഫികാറ്റ് വഴിയാണ് ഇത്തരം വീഡിയോകള്‍ പ്രചരിക്കപ്പെട്ടത്. ജിഫികാറ്റില്‍ പോണ്‍ വീഡിയോകള്‍ക്ക് നിയന്ത്രണമില്ല. എന്നാല്‍ സമ്മതത്തോടെയല്ലാത്ത പോണ്‍വീഡിയോകള്‍ക്ക് വിലക്കുണ്ട്.