കേന്ദ്ര ബജറ്റ്-പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം; കര്‍ഷക പ്രതീക്ഷകള്‍ അട്ടിമറിച്ചു

കോട്ടയം: കഴിഞ്ഞ നാലുബജറ്റുകളില്‍ പ്രഖ്യാപിച്ച് നടപ്പിലാക്കുവാന്‍ സാധിക്കാതിരുന്ന നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിച്ച് കര്‍ഷകരെ വിഢികളാക്കിയുള്ള കേന്ദ്രബജറ്റ് പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്നും ഗ്രാമീണമേഖലയുടെ മറവില്‍ വന്‍കിട രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ക്ക് ഇന്ത്യയുടെ കാര്‍ഷികമേഖല തുറന്നുകൊടുക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ പച്ചപ്പരവതാനി വിരിച്ചിരിക്കുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.
കാര്‍ഷികോല്പന്നങ്ങളുടെ സംസ്‌കരണത്തിന് 100 ശതമാനം വിദേശനിക്ഷേപത്തിനായി മുന്‍കാലങ്ങളില്‍ തുറന്നുകൊടുത്ത് രാജ്യാന്തരക്കരാറുകളിലൂടെ ഇന്ത്യന്‍ കാര്‍ഷികമേഖല വിദേശകുത്തകകള്‍ കൈയ്യടക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ വേണം കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബജറ്റ് നിര്‍ദ്ദേശങ്ങളെ കര്‍ഷകസമൂഹം വിലയിരുത്തുവാന്‍. കാര്‍ഷികോല്പാദനത്തിനായി കര്‍ഷകനുവരുന്ന ചെലവിന്റെ 50 ശതമാനം കൂടുതല്‍ ലാഭമായി ലഭ്യമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ 2007 സെപ്തംബര്‍ 11ലെ ദേശീയ കാര്‍ഷികനയത്തിലും, ഡോ.എംഎസ് സ്വാമിനാഥന്‍ സമര്‍പ്പിച്ച വിവിധ റിപ്പോര്‍ട്ടുകളിലും, 2014ലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പത്രികയിലും, കഴിഞ്ഞ നാലു ബജറ്റുകളിലും ഇക്കാര്യം ആവര്‍ത്തിച്ചുപറഞ്ഞിട്ടും രാജ്യത്ത് നടപ്പിലായിട്ടില്ലന്നോര്‍ക്കണം. 2022 നോടുകൂടി കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്ന് കഴിഞ്ഞ ബജറ്റുകളിലെല്ലാം പറഞ്ഞത് വീണ്ടും ആവര്‍ത്തിച്ചിരിക്കുമ്പോള്‍ പഴയവീഞ്ഞ് പുതിയ കുപ്പിയിലായി എന്നല്ലാതെ 2018ലെ കേന്ദ്രബജറ്റിന് കാര്‍ഷികമേഖലയ്ക്ക് ഒരു പുതുമയും നല്‍കാനായിട്ടില്ല. നോട്ടുനിരോധനത്തിന്റെയും മുന്നൊരുക്കമില്ലാത്ത ജിഎസ്ടി നടപ്പാക്കലിന്റെയും ദുരിതം പേറുന്ന ഗ്രാമീണ കാര്‍ഷികമേഖലയ്ക്ക് രക്ഷനേടാനുള്ള പിടിവള്ളികളൊന്നും ഈ ബജറ്റിലില്ല. 100 കോടി വിറ്റുവരവുള്ള കര്‍ഷക ഉല്പാദകസംഘങ്ങള്‍ക്ക് നൂറുശതമാനം നികുതിയിളവ് നല്‍കുമ്പോള്‍ ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉല്പാദകസംഘങ്ങള്‍ക്ക് നിരാശപ്പെടേണ്ടിവരും. കശുവണ്ടി ഉള്‍പ്പെടെയുള്ള കാര്‍ഷികോല്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് സാര്‍ക്ക് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി സജീവമാക്കും.
വിവിധ കാര്‍ഷികോല്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന അടിസ്ഥാനവില വിപണിയിലിപ്പോള്‍ ലഭിക്കുന്നില്ല. താങ്ങുവില കമ്പോളവിലയേക്കാള്‍ കുറവെങ്കിലത് സര്‍ക്കാര്‍ വഹിക്കുകയല്ല, ഇതര രാജ്യങ്ങിലേതുപോലെ സര്‍ക്കാര്‍ ഉല്പന്ന സംഭരണം നടത്തുകയാണ് വേണ്ടത്. കാര്‍ഷികോല്പന്നങ്ങള്‍ക്ക് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന താങ്ങുവിലപോലും കര്‍ഷകന് ലഭിക്കാതിരിക്കുന്ന സാഹചര്യത്തില്‍ താങ്ങുവില ഒന്നരമടങ്ങായി ഉയര്‍ത്തുമെന്ന പ്രഖ്യാപനം വിരോധാഭാസമാണ്. 2017ലെ ബജറ്റിനുശേഷം കര്‍ഷകര്‍ നേരിട്ട വന്‍ വിലത്തകര്‍ച്ചയും രാജ്യത്തുടനീളമുണ്ടായ കര്‍ഷക ആത്മഹത്യകളും കേന്ദ്രധനമന്ത്രി നിസാരവല്‍ക്കരിച്ചുകണ്ടത് വേദനാജനകമാണ്. കാര്‍ഷികദുരിതവും തൊഴിലില്ലായ്മയും മറികടക്കാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളും ബജറ്റിലില്ലെന്നു മനസിലാക്കണമെങ്കില്‍ കഴിഞ്ഞ നാലു ബജറ്റുകളിലെ പ്രഖ്യാപനങ്ങളുമായി താരതമ്യപഠനം വേണം. ഇടനിലക്കാരില്ലാത്ത കാര്‍ഷികവിപണി, ഉല്പന്ന വില്പനയ്ക്കായി ഇ-പ്ലാറ്റ് ഫോം, ഭക്ഷ്യസംസ്‌കരണമേഖലയുടെ നിക്ഷേപങ്ങള്‍, വിവിധ ഗ്രാമീണ പദ്ധതികള്‍ തുടങ്ങിയ പല പദ്ധതികളും കഴിഞ്ഞ ബജറ്റുകളുടെ ആവര്‍ത്തനമാണ്. കാര്‍ഷികത്തകര്‍ച്ചയില്‍ നിന്ന് മോചനം തേടി കര്‍ഷകരക്ഷയ്ക്കുതകുന്ന പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ അപമാനിച്ചിരിക്കുമ്പോള്‍ ഗ്രാമങ്ങളിലെ കൃഷി ഉപേക്ഷിച്ച് ജോലിതേടി നഗരങ്ങളിലേയ്‌ക്കൊഴുകുന്ന ഇന്ത്യയിലെ കര്‍ഷകജനതയ്ക്കും ഗ്രാമീണ യുവാക്കള്‍ക്കും കൃഷിയില്‍ കൂടുതല്‍ പ്രതീക്ഷനല്‍കാന്‍ ഈ ബജറ്റിനാവില്ല.
റബറുള്‍പ്പെടെ വിവിധ കാര്‍ഷിക നാണ്യ ഉല്പന്നങ്ങള്‍ക്ക് അടിസ്ഥാനവിലയോ അടിസ്ഥാന ഇറക്കുമതി വിലയോ സംഭരണമോ ഉത്തേജകപദ്ധതികളോ ഇല്ലാതെ 146 കോടി രൂപ റബര്‍ബോര്‍ഡിന്റെ നിത്യചെലവിനായി മാത്രം മാറ്റിവച്ചിരിക്കുന്ന കേന്ദ്രബജറ്റ് റബര്‍കര്‍ഷകരോടും നീതികേടാണ് കാണിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ബജറ്റ് കര്‍ഷകരെ അവഗണിച്ചിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റ പുതിയ ബജറ്റില്‍ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കുവാന്‍ ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിക്കാതെ കര്‍ഷകരുടെമേല്‍ കാര്‍ഷികാദായ നികുതി, ഭൂനികുതി, കെട്ടിടനികുതി, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ എന്നീ ഇനങ്ങളില്‍ അമിതനികുതി ഏര്‍പ്പെടുത്തിയാല്‍ ശക്തമായി എതിര്‍ക്കും. റബര്‍ കര്‍ഷകര്‍ക്കായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 500 കോടിയില്‍ 50 കോടി രൂപയില്‍ താഴെ മാത്രമേ നല്‍കിയിട്ടുള്ളുവെന്നു സംസ്ഥാന ധനമന്ത്രി മറക്കരുതെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular