താനാരാടോ..? ഷോട്ട് റെഡി സാര്‍… പകച്ചുപോയി എന്റെ ബാല്യം; മമ്മൂട്ടിയുമായുള്ള ആദ്യ കണ്ടുമുട്ടല്‍ അനുഭവം പങ്കുവെച്ച് സൗബിന്‍ ഷാഹിര്‍

മലയാളികളുടെ ഇഷ്ടതാരം സൗബിന്‍ ഷാഹിര്‍ സൂപ്പര്‍താരം മമ്മൂട്ടിയെ ആദ്യം കണ്ടുമുട്ടിയപ്പോള്‍ ഉണ്ടായ രസകരമായ അനുഭവം താരം തന്നെ പങ്കുവെച്ചിരിക്കുയാണ്. അന്ന് സൗബിന്‍ സിനിമയില്‍ സഹായിയായി പ്രവര്‍ത്തിക്കുന്ന കാലം. ആ കഥ പറയുകയാണ് സൗബിന്‍. സ്ട്രീറ്റ് ലൈറ്റ്സ് എന്ന ചിത്രത്തിന്റെ ജിസിസി റിലീസിനോടനുബന്ധിച്ച് ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സൗബിന്‍ ആ കഥ വിവരിച്ചത്.

കൊച്ചി സ്വദേശിയായ സൗബിന് ചെറുപ്പം മുതലേ സിനിമ തലയ്ക്ക് പിടിച്ചതാണ്. അതിന് പ്രധാന കാരണവുമുണ്ട്-സൗബിന്റെ ബാപ്പ ബാപ്പു ഷാഹിര്‍ അന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു. ബാപ്പ വഴി സഹ സംവിധായകനായി കേറിക്കൂടാനായിരുന്നു തീരുമാനം. ബാപ്പയുടെ സമ്മതത്തിനായി പക്ഷേ, ഏറെ പരിശ്രമിക്കേണ്ടിവന്നു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു സൗബിന്‍ അന്ന്.

ബിരുദം നേടിയ ശേഷം മതി സിനിമാഭ്രാന്തെന്ന് ബാപ്പ കട്ടയ്ക്ക് പറഞ്ഞെങ്കിലും, ഒടുവില്‍ മകന്റെ വാശിക്ക് മുന്‍പില്‍ ആ പിതാവിന് സമ്മതിക്കേണ്ടി വന്നു.

അങ്ങനെ 2003ല്‍ സംവിധായകന്‍ സിദ്ദിഖിന്റെ സഹായിയായി സൗബിന്‍ കേറിക്കൂടി. ആദ്യ ചിത്രം ക്രോണിക് ബാച്ച്ലര്‍. നായകന്‍ സാക്ഷാല്‍ മമ്മൂട്ടി. കൊച്ചി പനമ്പള്ളി നഗറിലായിരുന്നു ഷൂട്ടിങ്. സൗബിന് ആദ്യമായി ലഭിച്ച ജോലി, മമ്മൂട്ടിയോട് ചെന്ന് ഷോട്ട് റെഡി സാര്‍ എന്ന് പറയാന്‍ സിദ്ദിഖ് ചുമതലപ്പെടുത്തി.

സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ഇഷ്ട നടനെ ആദ്യമായി നേരില്‍ കാണാന്‍ പോവുകയാണ്. അതും അദ്ദേഹത്തിന് അഭിനയിക്കാന്‍ സമയമായി എന്നറിയിക്കാന്‍. ഇത്തിരി ഭയമുണ്ടായിരുന്നെങ്കിലും ധൈര്യമായി ചെന്നു. എന്നാല്‍ സൂപ്പര്‍ താരത്തെ നേരിട്ട് കണ്ടതോടെ വന്ന കാര്യം മറന്ന് താനങ്ങനെ നോക്കി നിന്നുപോയെന്ന് സൗബിന്‍ പറയുന്നു.

താനാരോടോ? തന്റെ മുന്നില്‍ പകച്ച് നില്‍ക്കുന്ന പയ്യനെ കണ്ട് മമ്മൂട്ടി ചോദിച്ചു.

ഷോട്ട് റെഡി സാര്‍…മറുപടി ഇതായിരുന്നു.

അതു കേട്ട് മമ്മൂട്ടി പൊട്ടിച്ചിരിച്ചു. എന്നിട്ട് ചോദിച്ചു.

എത്ര വരെ പഠിച്ചെടോ താന്‍ ?

ഡിഗ്രി ഫസ്റ്റ് ഇയറാണ് സാര്‍..

മമ്മൂട്ടി ഉടന്‍ അവിടെയുണ്ടായിരുന്നയാളെ വിളിച്ച് സൗബിന്റെ കൈയില്‍ നിന്ന് പാഡ് വാങ്ങാന്‍ പറഞ്ഞു. എന്നിട്ട് ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു: ‘എടോ, താനാദ്യം പോയി ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ടു വാ..ഇതോടെ സൗബിന്റെ കാര്യം പരുങ്ങലിലായി. സാര്‍, ഞാന്‍ അസി.ഡയറക്ടാണ് സാര്‍..

കരച്ചിലിന്റെ വക്കോളമെത്തി സൗബിന്‍. പക്ഷേ, മമ്മൂട്ടി വഴങ്ങുന്നില്ല.

സൗബിന്‍ നിരാശയോടെ ബാപ്പയോട് ചെന്ന് കാര്യം പറഞ്ഞു. മകന്റെ വിഷമം കണ്ട് അദ്ദേഹം തന്നെ മമ്മൂട്ടിയെ സമീപിച്ച് സൗബിന് സിനിമയോടുള്ള അഭിനിവേശം അറിയിച്ചതോടെ സമ്മതിക്കുകയായിരുന്നു.

ഈ കഥ കേട്ട് മാധ്യമപ്രവര്‍ത്തകരും സ്ട്രീറ്റ് ലൈറ്റ്സ് സംവിധായകന്‍ ഷാംദത്ത് സൈനുദ്ദീന്‍, നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ എന്നിവരോടൊപ്പം സൗബിന്റെ തൊട്ടടുത്തിരുന്ന മമ്മൂട്ടിയും ആസ്വദിച്ച് ചിരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular