ശശീന്ദ്രനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എന്‍.സി.പി നേതൃത്വം ഇന്ന് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കും; പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവരാന്‍ സാധ്യത

തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി നേതൃത്വം ഇന്ന് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കും. നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുന്‍പ് സത്യപ്രതിജ്ഞാചടങ്ങ് നടത്തണമെന്നാണ് എന്‍സിപി കത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യമുന്നയിക്കുക. ഇന്നലെ ദില്ലിയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷം ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുമെന്ന് ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ സൗകര്യം പരിഗണിച്ച് കത്ത് കൈമാറാനാണ് തീരുമാനമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവരുന്നതിലെ ധാര്‍മിക പ്രശ്നങ്ങളുയര്‍ത്തി കാട്ടി പ്രതിപക്ഷം പ്രതിഷേധത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.

ഫോണ്‍വിളി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുമെന്ന് എന്‍.സി.പി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. സ്ത്രീയോട് ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയതുമായി ബന്ധപ്പെട്ട കേസിനെത്തുടര്‍ന്നാണ് ശശീന്ദ്രന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്.

പിന്നാലെ മന്ത്രിസ്ഥാനത്തെത്തിയ തോമസ് ചാണ്ടിക്കും ഭൂമി കൈയേറ്റക്കേസില്‍ കോടതിയില്‍നിന്ന് ഉണ്ടായ രൂക്ഷ പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നിരുന്നു. എന്നാല്‍, തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ശശീന്ദ്രനെ പിന്നീട് കുറ്റവിമുക്തനാക്കി.

Similar Articles

Comments

Advertismentspot_img

Most Popular