ബിനോയ് കോടിയേരിക്കെതിരായ പരാതി; പാര്‍ട്ട് ഒരാഴ്ച മുന്‍പേ ഇടപെട്ടതായി റിപ്പോര്‍ട്ട്

കൊച്ചി: ബിനോയ് കോടിയേരിക്കെതിരെയുള്ള പരാതിയില്‍ പാര്‍ട്ടി ഒരാഴ്ചമുന്‍പേ ഇടപെട്ടിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്നു പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പറയുന്നു. എന്നാല്‍, പരാതി സ്വീകരിച്ച പാര്‍ട്ടി നേതൃത്വം, പരാതിക്കാരനായ യുഎഇ പൗരന്‍ ഹസന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖിയോടും ഒപ്പമുണ്ടായിരുന്ന രാഖുല്‍ കൃഷ്ണയോടും പറഞ്ഞത് അങ്ങിനെയല്ലെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്തു. ദുബായിലെ ജാസ് ടൂറിസം കമ്പനിയുടെ മാനേജിങ് ഡയറക്ടറായ യുഎഇ പൗരനും രാഖുലും കഴിഞ്ഞയാഴ്ചയാണു ഡല്‍ഹിയിലെത്തി പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കുന്നത്. പരാതി കൈപ്പറ്റിയ നേതൃത്വം ഇടപെടല്‍ ഉറപ്പു നല്‍കി. തുടര്‍ന്നു പരാതിയുടെ പകര്‍പ്പ് കോടിയേരി ബാലകൃഷ്ണനു ലഭ്യമാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലേക്കു വരാന്‍ ആവശ്യപ്പെട്ടു. ഏറെ ആലോചനകള്‍ക്കു ശേഷമാണ്, തിരക്കുകളുള്ളതിനാല്‍ യാത്ര ഉടനെ സാധ്യമല്ലെന്നും പ്രശ്‌നം ഒരാഴ്ചയ്ക്കുള്ളില്‍ താന്‍ പരിഹരിച്ചുകൊള്ളാമെന്നും നേതൃത്വത്തിനു മറുപടി നല്‍കിയതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നുമാണു കോടിയേരി പറഞ്ഞത്. കോടിയേരിയുടെ മറുപടി പരാതിക്കാരനെയും രാഖുല്‍ കൃഷ്ണയെയും പാര്‍ട്ടി നേതൃത്വം അറിയിച്ചോ എന്നു വ്യക്തമല്ല. പരാതിയില്‍ യുഎഇ പൗരന്റെ ഇന്ത്യയിലെ ഫോണ്‍ നമ്പറായി നല്‍കിയിട്ടുള്ളതു രാഖുലിന്റെ മൊബൈല്‍ നമ്പറാണ്. അത് ഏതാനും ദിവസങ്ങളായി ‘സ്വിച്ച്ഡ് ഓഫ്’ സ്ഥിതിയിലാണ്. കോടിയേരിയെ കണ്ടു പരാതി പറഞ്ഞപ്പോള്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും നടപടിയുണ്ടായില്ല; അതിനാലാണു നേതൃത്വത്തെ സമീപിക്കുന്നതെന്നു പരാതിക്കാര്‍! വ്യക്തമാക്കി. കേസില്‍ തുടര്‍നടപടികളെടുക്കുംമുന്‍പ് അവസാന ശ്രമമായാണു നേതൃത്വത്തെ കാണുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.
പരാതി പാര്‍ട്ടിയുടെ അവെയ്‌ലബ്ള്‍ പൊളിറ്റ്ബ്യൂറോ ചര്‍ച്ച ചെയ്തു. യോഗത്തില്‍ പങ്കെടുത്തവര്‍ക്കു വിഷയത്തെക്കുറിച്ചു മുന്‍ധാരണകളൊന്നും ഇല്ലായിരുന്നുവെന്നാണു പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുകയേ മാര്‍ഗമുള്ളൂ എന്നും യുഎഇ പൗരന്‍ പറഞ്ഞതുകൂടി കണക്കിലെടുത്താണത്രേ വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്തു.
ഇടപെടില്ല എന്നാണു നിലപാടെങ്കില്‍, പാര്‍ട്ടിക്കാരല്ലാത്ത വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പാര്‍ട്ടിക്ക് ഇടപെടാനാവില്ല എന്നുതന്നെ പരാതിക്കാര്‍ക്കു മറുപടി നല്‍കുമായിരുന്നുവെന്നും, മറിച്ച്, പരാതി കൈപ്പറ്റിയ പാര്‍ട്ടി നേതൃത്വം ആരോപണവിധേയന്റെ പിതാവിനോടു വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് ഉറപ്പു വാങ്ങുകയാണു ചെയ്തതെന്നും പാര്‍ട്ടിവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
ബിനോയ് ദുബായിലും നേപ്പാളിലും മറ്റും നടത്തിയിരുന്നതും വായ്പ വാങ്ങി വികസിപ്പിക്കാന്‍ ശ്രമിച്ചതുമായ ബിസിനസിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിനു പല കേന്ദ്രങ്ങളില്‍നിന്നും ലഭിക്കുന്നുണ്ടെന്നാണു സൂചന. സോള്‍വ് മാനേജ്‌മെന്റ് കണ്‍സല്‍റ്റന്‍സി എന്ന പേരില്‍ ബിനോയ് നടത്തിയിരുന്ന കമ്പനിയുടെ വിശദാംശങ്ങള്‍ക്കു പുറമേ, ബിനോയിയുടെ സുഹൃത്തെന്നു വിശേഷിപ്പിക്കുന്ന രാഖുല്‍ കൃഷ്ണ പങ്കാളിയായി 2007ല്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ടൂറിസം കമ്പനി തുടങ്ങിയതിന്റെ പശ്ചാത്തലവും മറ്റു ചില നേതാക്കളുടെ മക്കളും ബിനോയിയുമായി ചേര്‍ന്നുള്ള ഇടപാടുകളുടെ വിവരങ്ങളും ലഭ്യമായിട്ടുണ്ടത്രേ.
കോടിയേരി ബാലകൃഷ്ണന്‍ തെറ്റിനു കൂട്ടുനിന്നില്ലെന്ന് എസ്ആര്‍പി പറയുമ്പോഴും, മകനെതിരെയുള്ള പരാതി ദേശീയ നേതൃത്വത്തിനു മുന്‍പില്‍ എത്തുന്നതിനു മുന്‍പു പരിഹരിക്കാന്‍ സാധിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യവും പാര്‍ട്ടിവൃത്തങ്ങള്‍ ഉന്നയിക്കുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular