ഭക്ഷ്യവിഷബാധ: തിരുവനന്തപുരത്ത് 57 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍, വിഷബാധയ്ക്ക് കാരണം സ്‌കൂളില്‍ നല്‍കിയ മുട്ട…?

തിരുവനന്തപുരം: തിരുവനന്തപുരത്ത് 57 വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോന്നയ്ക്കല്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് ഭക്ഷ്യ വിഷബാധയേറ്റതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളെജ് എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് കഴിക്കാന്‍നല്‍കിയ മുട്ടയില്‍ നിന്നോ കറിയില്‍ നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് പ്രഥമിക നിഗമനം. ആ ദിവസം കുട്ടികള്‍ക്ക് അസ്വസ്ഥതകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, വ്യാഴാഴ്ച രാവിലെ സ്‌കൂളിലെത്തിയ പത്ത് കുട്ടികള്‍ അസ്വസ്ഥത കാരണം വീട്ടിലേക്ക് മടങ്ങിപ്പോയി.

വൈകീട്ടോടെ വേങ്ങോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഛര്‍ദിയും വയറുവേദനയും കാരണം വിദ്യാര്‍ഥികള്‍ കൂട്ടമായി ചികിത്സയ്ക്കെത്തി. ഇതോടെയാണ് രക്ഷാകര്‍ത്താക്കള്‍ക്ക് സംശയം തോന്നിയത്. കുട്ടികളെ സ്‌കൂള്‍ വാഹനത്തിലും 108 ആംബുലന്‍സിലുമായി എസ്എടി ആശുപത്രിയില്‍ ഉടന്‍ എത്തിക്കുകയായിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡും തുറന്നിട്ടുണ്ട്.

രക്ഷാകര്‍ത്താക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ കഴിച്ച മുട്ടയില്‍ നിന്നോ കറികളില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധയെന്ന സംശയമുണ്ടായത്. വീട്ടില്‍ നിന്നും പൊതിച്ചോറുകള്‍ കൊണ്ടുപോയ വിദ്യാര്‍ഥികള്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇവര്‍ സ്‌കൂളില്‍നിന്നു ലഭിച്ച മുട്ടയും കറിയും കഴിച്ചതായും പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular