സംഘപരിവാര്‍ യോഗത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍… ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, ചര്‍ച്ച കൊഴുക്കുന്നു

കൊച്ചി: നടന്‍ മോഹന്‍ലാല്‍ വീണ്ടും സംഘപരിവാര്‍ പരിപാടിയില്‍. ആര്‍എസ്എസിന്റെ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ട്രസ്റ്റിന്റെ യോഗത്തിലാണ് മോഹന്‍ലാല്‍ ഇന്നലെ പങ്കെടുത്തത്. പരിപാടിയുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഈ സംഘടനയുടെ രക്ഷാധികാരി മോഹന്‍ലാല്‍ ആണെന്നാണ് വിവരം. മേജര്‍ രവിക്കൊപ്പമാണ് മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുത്തത്. ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് വിശ്വശാന്തി ട്രസ്റ്റ്. ഇതിന്റെ പ്രധാനികളെല്ലാം സംഘപരിവാര്‍ പശ്ചാത്തലമുള്ളവരാണ്.

ആലുവയിലായിരുന്നു മോഹന്‍ലാല്‍ കൂടി പങ്കെടുത്ത യോഗം നടന്നത്. ആര്‍എസ്എസ് സംഘ്ചാലക് പിഇബി മേനോന്റെ വീട്ടിലായിരുന്നു യോഗം. ആര്‍.എസ്.എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സേവാ പ്രമുഖ് വിനോദ് തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

ആലുവ തന്ത്രവിദ്യാപീഠത്തിന്റെ അദ്ധ്യക്ഷന്‍ അഴകത്തു ശാസ്ത്ര ശര്‍മന്‍ നമ്പൂതിരിപ്പാടാണു ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തന്ത്രവിദ്യകള്‍ പഠിപ്പിക്കുന്ന സ്ഥാപനമായ തന്ത്രപീഠം സംഘപരിവാര്‍ ബന്ധമുള്ള ഒരു സ്ഥാപനമാണു. 2015-ല്‍ തന്ത്രവിദ്യാപീഠത്തിലെ പരിപാടി ഉദ്ഘാടനം ചെയ്തത് ആര്‍ എസ് എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവത് ആയിരുന്നു.

മോഹന്‍ലാല്‍ ബിജെപി അനുകൂല നിലപാടുകള്‍ കൈക്കൊള്ളുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. നേരത്തെ നോട്ടു നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോഹന്‍ലാല്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.

അറിയപ്പെടുന്ന ആര്‍എസ്എസ് അനുകൂലിയായ മേജര്‍ രവിയുമായുള്ള സൗഹൃദമാണ് മോഹന്‍ലാലിനെയും ആര്‍എസ് എസ് പാളയത്തിലേക്ക് എത്തിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിക്ക് കേരളത്തില്‍ സ്വീകാര്യത ഉണ്ടാക്കി എടുക്കുക എന്ന ലക്ഷ്യത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സിനിമാ മേഖലയില്‍നിന്നുള്ള ആളുകളെ പാര്‍ട്ടിയുടെ തണലിലേക്ക് അടുപ്പിക്കുന്നത്.

എന്നാല്‍ വിശ്വശാന്തി ട്രസ്റ്റ് ഇപ്പോള്‍ പുതിയതായി തുടങ്ങിയതല്ലെന്നും രണ്ടുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ആണെന്നുമാണു ആര്‍ എസ് എസ് പ്രാന്ത സംഘചാലക് പി ഇ ബാലന്‍ മേനോന്‍ ഇ വാര്‍ത്തയോട് പ്രതികരിച്ചത്. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിന്റെ ചുരുക്കം എന്നതിലുപരി ലോകസമാധാനം എന്ന അര്‍ത്ഥത്തിലാണു വിശ്വശാന്തി എന്ന പേരു നല്‍കിയതെന്നും മേനോന്‍ പറഞ്ഞു. മോഹന്‍ലാല്‍ രക്ഷാധികാരിയായ ട്രസ്റ്റില്‍ താനും അംഗമാണെന്ന് പറഞ്ഞ മേനോന്‍ ട്രസ്റ്റിലെ മറ്റ് അംഗങ്ങളുടെ പേരു വെളിപ്പെടുത്താന്‍ തയ്യാറായില്ല.

കളമശ്ശേരിയിലാണു ട്രസ്റ്റിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വനവാസികളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണു ട്രസ്റ്റിന്റെ ലക്ഷ്യമെന്ന് പി ഇ ബി മേനോന്‍ പറഞ്ഞു. എന്നാല്‍ സംഘപരിവാറിന്റെ വനവാസി കല്യാണ്‍ ആശ്രമിനു ട്രസ്റ്റുമായി പ്രത്യക്ഷബന്ധമൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular