കേരളത്തിലെ എംഎല്‍എമാരുടെയും എംപിമാരും നാട്ടിലേയ്ക്ക് ഓടുന്നത് കല്യാണവും മരണവും കൂടാനാണ്, പുതിയ പ്രസ്താവനയുമായി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്

തിരുവനന്തപുരം: കേരളത്തില്‍ ഒരു തമാശ പോലും പറയാനാവാത്ത അവസ്ഥയാണെന്നും ഇനി ഒരു കാര്യത്തിലും അഭിപ്രായം പറയാനില്ലെന്നും പറഞ്ഞ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പുതിയ പ്രസ്താവനയുമായി രംഗത്ത്. കേരളത്തിലെ എം എല്‍ എമാരുടേയും എം പിമാരുടേയും പ്രധാന ജോലി കല്യാണവും മരണവും കൂടലാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ഡല്‍ഹിയില്‍ നിന്നു നാട്ടിലേയ്ക്ക് ഓടുന്നത് കല്യാണവും മരണവും കൂടാനാണെന്ന് കണ്ണന്താനം തിരുവന്തപുരത്ത് പറഞ്ഞു. ജനങ്ങള്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷി ജനപ്രതിനിധികള്‍ക്ക് ഉണ്ടാകണമെന്നും കണ്ണന്താനം പറഞ്ഞു.

വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അല്ലാതെ മറ്റൊരു കാര്യത്തിലും അഭിപ്രായം പറയാന്‍ താനില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ഏതാനും ദിവസം മുമ്പ് പറഞ്ഞിരുന്നു. തമാശപോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. തന്റെ പല പ്രസ്താവനകളും മാധ്യമങ്ങള്‍ വിവാദമാക്കുകയായിരുന്നു. എന്ത് പറഞ്ഞാലും അതിനെ വളച്ചൊടിച്ച് പരിഹസിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ബീഫ് നിയന്ത്രണത്തിനെക്കുറിച്ചും പെട്രോള്‍ വിലവര്‍ധനയെ ന്യായീകരിച്ചുകൊണ്ടുമുള്ള കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളാണ് വന്നത്. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇനി ഒരു കാര്യത്തിലും പ്രതികരിക്കാനില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.

ഇന്നത്തെ കാലാവസ്ഥയെന്താണ് എന്ന് ആരെങ്കിലും ചോദിച്ചാല്‍, ഇനി മുതല്‍ ടൂറിസം നല്ലതാണെന്ന് ആയിരിക്കും ഞാന്‍ പറയുക. തന്റെ വകുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ അല്ലാതെ മറ്റൊരു കാര്യത്തിലും വാ തുറക്കില്ലെന്നും കണ്ണന്താനം പറഞ്ഞു. കണ്ണന്താനത്തിന്റെ ഭാര്യ നടത്തിയ പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളില്‍ നിറഞ്ഞിരുന്നു.

SHARE