ഒറ്റയാള്‍ പോരാട്ടം ജനകീയമായി… ശ്രീജിത്തിന് പൂര്‍ണ പിന്തുണയുമായി സോഷ്യല്‍ മീഡിയ

സഹോദരന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ച് ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ഒരു ചെറുപ്പക്കാരന്‍ സമരം ചെയ്യാന്‍ തുടങ്ങിയിട്ട് 763 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്നലെവരെ അതൊരു ഒറ്റയാള്‍ സമരമായിരിന്നു. പക്ഷെ ഇന്ന് ആ സമരം ജനങ്ങള്‍ ഏറ്റെടുത്തതോടെ ജനീകീയമായി മാറിയിരിക്കുകയാണ്. ഘോരഘോരം പ്രസംഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളോ മതമേലധ്യക്ഷന്മാരോ ആരും ഇത്രയും നാള്‍ സമരം ചെയ്യുന്ന ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ തിരിഞ്ഞു നോക്കിയില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ സമരത്തിന് ജനകീയമുഖം വന്നിരിക്കുകയാണ്.

നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്തിന്റെ ഒറ്റയാള്‍ സമരം കേരള സമൂഹം ഏറ്റെടുത്തു കഴിഞ്ഞു. ശ്രീജിത്തിന്റെ സമരത്തെക്കുറിച്ചും അയാളുടെ ആവശ്യമായ സിബിഐ അന്വേഷണത്തെക്കുറിച്ചും അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ ശ്രീജിത്ത് എന്തിനാണ് ഇനിയും സമരം ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ ചോദിച്ചത്.

ശ്രീജിത്തിനോടും ശ്രീജിത്തിന്റെ ബന്ധുക്കളോടും സര്‍ക്കാര്‍ സംസാരിച്ചിട്ടുണ്ടെന്നും ഇനിയും സമരം തുടരുന്നത് എന്തിനാണെന്ന് അറിയില്ലെന്നുമായിരുന്നു ആ ഉത്തരം. ശ്രീജിത്തിന്റെ സമരം എന്തിന് വേണ്ടിയാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആ സമരത്തിന് ലഭിക്കുന്ന ജനകീയ പിന്തുണ. ശ്രീജിത്തിന്റെ ജീവിതത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന സംഭവങ്ങള്‍ മനസിലാക്കിയാല്‍ ഇത്തരമൊരു ചോദ്യം പോലും ഉയരുകയില്ല. അടുത്ത കാലം വരെ ഒറ്റയാള്‍ പോരാട്ടമായി തുടര്‍ന്ന ശ്രീജിത്തിന്റെ സമരത്തിന് ഇപ്പോള്‍ ജനകീയ മുഖം കൈവന്നിരിക്കുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയോ പണമൊഴുക്കിന്റെയോ യാതൊരു സാധ്യതകളുമില്ലാത്തതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ ആരും തന്നെ ശ്രീജിത്തിന്റെ സമരത്തെ ഇന്നേവരെ ഏറ്റെടുത്തിരുന്നില്ല.

ഈ ചെറുപ്പക്കാരന്‍ കേരളത്തിന്റെ ഭരണസിരാ കേന്ദ്രത്തിന് മുന്നിലെ തെരുവില്‍ മരിച്ചു വീഴാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് പ്രചരണം ആരംഭിച്ചിരിക്കുന്നത്. 763 ദിവസം പിന്നിടുന്ന ഈ സമരത്തിനിടയില്‍ പലഘട്ടങ്ങളിലായി നടത്തിയ നിരാഹാര സമരങ്ങള്‍ ഇയാളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിരിക്കുന്നു. വെള്ളം പോലും കുടിക്കാതെയുള്ള സമരം കിഡ്നിയുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കി. മൂത്രത്തിന് പകരം ഇപ്പോള്‍ രക്തമാണ് പുറത്തുവരുന്നത്. തുടര്‍ച്ചയായി ഭക്ഷണം കഴിക്കാത്തത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഓര്‍മ്മകള്‍ ഇടവിട്ട് ശൂന്യമായി പോകുന്നത് പോലെയെന്നാണ് ശ്രീജിത്ത് തന്നെ ഇതിനെക്കുറിച്ച് പറയുന്നത്.

സഹോദരന്‍ ശ്രീജീവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് 2015 മെയ് 22ന് ശ്രീജിത്ത് ആദ്യമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി എത്തുന്നത്. പാറശാല പോലീസിന്റെ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ മരിച്ച തന്റെ സഹോദരന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും ശ്രീജിത്ത് പരാതി നല്‍കിയിരുന്നു. പോലീസ് പറയുന്നത് പോലെ ശ്രീജീവിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമായിരുന്നു ശ്രീജിത്തിന്റെ ആരോപണം. എന്നിട്ടും അന്വേഷണത്തില്‍ പുരോഗതിയൊന്നുമുണ്ടാകാതെ വന്ന സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം ആരംഭിച്ചത്.

ആദ്യം രണ്ട് മൂന്ന് തവണ സെക്രട്ടേറിയറ്റിന് മുന്നില്‍ വന്ന് പോയി സമരം ചെയ്ത ശ്രീജിത്ത് സാധാരണക്കാര്‍ക്ക് ഇവിടെ നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് ഇപ്പോള്‍ 763 ദിവസം പിന്നിട്ട ദീര്‍ഘമായ സമരത്തിന് ഇറങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ 2015 ഡിസംബര്‍ 11 മുതല്‍ ഈ ചെറുപ്പക്കാരന്‍ കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിന് മുന്നിലുണ്ട്. വിവിധ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി സെക്രട്ടേറിയറ്റില്‍ വന്നുപോകുന്ന കേരളത്തിലെമ്പാടുമുള്ള ഒട്ടനവധി പേര്‍ ഈ ചെറുപ്പക്കാരനെ കടന്നു പോയിരിക്കുന്നു. രണ്ട് വര്‍ഷവും ഒരു മാസവും പിന്നിട്ടപ്പോഴാണ് കേരളത്തിന്റെ മനസാക്ഷി ഈ ചെറുപ്പക്കാരനെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നത് എന്നത് നമ്മുടെയെല്ലാവരുടെയും കുറ്റം തന്നെയാണെന്ന് ആരും മറക്കരുത്.

ശ്രീജിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് കംപ്ലെയിന്റ് അതോറിറ്റി ശ്രീജീവിന്റേത് ആത്മഹത്യയല്ലെന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ മരിച്ചത് ക്രൂരമായ പോലീസ് മര്‍ദ്ദനം മൂലമാണെന്നും പോലീസുകാര്‍ ബലപ്രയോഗത്തിലൂടെ വിഷം കഴിപ്പിച്ചതാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് ആത്മഹത്യയാക്കി എഴുതി തള്ളാന്‍ ശ്രമിച്ച ഒരു കേസാണ് ഇതെന്ന് ഓര്‍ക്കണം. പാറശാല പോലീസ് 2014 മാര്‍ച്ച് 19ന് അറസ്റ്റ് ചെയ്ത ശ്രീജീവിനെ പിറ്റേദിവസം ശ്രീജിത്ത് കാണുന്നത് മെഡിക്കല്‍ കോളേജിലെ 21ാം വാര്‍ഡില്‍ അമ്പതാം നമ്പര്‍ ബെഡില്‍ കെട്ടിയിട്ട് മുഖത്ത് ഓക്സിജന്‍ മാസ്‌ക് ഘടിപ്പിച്ച രീതിയിലായിരുന്നു. സ്റ്റേഷനില്‍ വച്ച് അക്രമാസക്തനായെന്നും വിഷം കഴിച്ചെന്നുമാണ് പോലീസുകാര്‍ നല്‍കിയ വിശദീകരണം.

അടിവസ്ത്രത്തില്‍ ഫ്യൂരിഡാന്‍ എന്ന വിഷം ഒളിപ്പിച്ച് സെല്ലിനുള്ളില്‍ വച്ച് വായിലേക്ക് ഒഴിച്ചുവെന്നാണ് പോലീസ് മെനഞ്ഞ കെട്ടുകഥ. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വിഷം ഉള്ളില്‍ ചെന്നതായി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ പാറശാല പോലീസ് സ്റ്റേഷനിലെ സിഐ ഗോപകുമാര്‍ ശ്രീജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയപ്പോള്‍ എഴുതിവച്ചിരിക്കുന്ന സ്റ്റേറ്റ്മെന്റ് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ‘ടിയാന്റെ അടിവസ്ത്രം ഊരി പരിശോധിച്ച ശേഷമാണ് ടിയാന് ധരിക്കാന്‍ കൊടുത്തത്’ എന്നാണ് അതില്‍ പറയുന്നത്.

ശ്രീജീവ് അറസ്റ്റിലായ മാര്‍ച്ച് 19ന് രാത്രി സ്റ്റേഷന്‍ ഡ്യൂട്ടിയുണ്ടായിരുന്നു മോഹനന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ മൊഴിയും ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ഞങ്ങളുടെ മുന്നില്‍ വച്ച് അവന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എല്ലാം ഊരി മാറ്റിയ ശേഷം ജട്ടി മാത്രം താഴോട്ട് ആക്കി ഇരിക്കാന്‍ പറഞ്ഞ ശേഷം വീണ്ടും ജട്ടി നേരെ ഇട്ട ശേഷമാണ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്’ എന്നതാണ് ആ മൊഴി.

70 കിലോഗ്രാം തൂക്കമുള്ള(ശ്രീജീവിന്റെ തൂക്കം 69 ആണ്) ഒരാള്‍ക്ക് മരിക്കണമെങ്കില്‍ 63 ഗ്രാം ഫ്യൂരിഡാന്‍ കഴിക്കണമെന്നാണ് തിരുവനന്തപുരം കാര്‍ഷിക സര്‍വകലാശാലയിലെ പെസ്റ്റിസൈഡ് റിസെഡ്യൂ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിഭാഗം പ്രൊഫസറായ ഡോ. തോമസ് ബിജു മാത്യു പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് നല്‍കിയ മൊഴി. ഇതില്‍ മൂന്ന് ശതമാനം മാത്രമായിരിക്കും വിഷമുണ്ടാകുക. ബാക്കിയുള്ള 97 ശതമാനവും മണല്‍ അടങ്ങിയ മറ്റ് വസ്തുക്കളായിരിക്കും. ഏതെങ്കിലും ആഹാര പദാര്‍ത്ഥങ്ങള്‍ക്കൊപ്പമല്ലാതെ ഒരാള്‍ക്ക് ഇത് കഴിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതില്‍ നിന്നുതന്നെ ശ്രീജീവ് ലോക്കപ്പില്‍ വച്ച് സ്വയം വിഷം കഴിച്ചുവെന്ന പോലീസ് വാദം പൊള്ളയാണെന്ന് വ്യക്തമാകും.

പാറശാല സ്റ്റേഷനില്‍ എഎസ്ഐ ആയിരുന്ന ഫിലിപ്പോസിന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയുമായി ശ്രീജീവ് പ്രണയത്തിലായിരുന്നതാണ് ഈ ക്രൂരമായ കൊലപാതകത്തിലെ പോലീസിനെ നയിച്ചതെന്ന ശ്രീജിത്തിന്റെ ആരോപണം ജസ്റ്റിസ് നാരായണ കുറുപ്പിന്റെ റിപ്പോര്‍ട്ട് ശരി വച്ചിട്ടുണ്ട്. ശ്രീജീവിനെ മര്‍ദ്ദിച്ചത് അന്നത്തെ പാറശാല സിഐ ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്നാണെന്നും ഇതിന് സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവര്‍ സഹായിച്ചുവെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ മരണവുമായി ബന്ധപ്പെട്ട് മഹ്സര്‍ തയ്യാറാക്കിയ എസ്ഐ ഡി ബിജുകുമാര്‍ വ്യാജരേഖ ചമച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം. കൂടാതെ ശ്രീജിത്തിനും അമ്മയ്ക്കും 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഈ തുക കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

സാധാരണക്കാരന് അര്‍ഹിച്ച നീതി കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ എവിടേക്കാണ് പോകേണ്ടതെന്നാണ് ഈ സമരം ചോദിക്കുന്നത്. സ്വാധീനമുള്ളവരുടെ ഒരു വാട്സ്ആപ്പ് സന്ദേശം പോലും പരാതിയായി പരിഗണിക്കുന്ന പോലീസും സര്‍ക്കാരും മൂന്നര വര്‍ഷത്തിലേറെയായി ഒരു യുവാവിന്റെ പരാതിയ്ക്ക് നല്‍കുന്നത് പുല്ലുവിലയാണെങ്കില്‍ ഇത്തരം സമരങ്ങള്‍ അനിവാര്യമായി വരും. രണ്ട് വര്‍ഷത്തോളം ഒരു പുഴുവിനെ പോലെ തങ്ങള്‍ക്ക് മുന്നില്‍ കിടന്നും കണ്ടില്ലെന്ന് നടിച്ച് നിങ്ങള്‍ കടന്നു പോകുന്നതിനാലാണ് ശ്രീജിത്തിന് ഇന്നും ഇവിടെ കിടക്കേണ്ടി വരുന്നത്.

‘എത്രപ്രാവശ്യം എന്നുപറഞ്ഞാണ് ഈ പരാതിയുമായി ഞാന്‍ ഈ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങേണ്ടത്. എത്രപ്രാവശ്യമെന്ന് പറഞ്ഞാണ് ഇവരുടെയൊക്കെ കാല് പിടിക്കേണ്ടത്. മന്ത്രിയാണെങ്കിലും ഉദ്യോസ്ഥരാണെങ്കിലും സാറെ എന്ന് വിളിക്കുന്നത് ആ സ്ഥാനത്തിന് കൊടുക്കുന്ന മര്യാദ കൊണ്ടാണ്. ആ സ്ഥാനത്തിരുന്ന് പോക്രിത്തരം കാണിക്കരുത്. ഞാനുമൊരു മനുഷ്യനാണ്, ആ ഒരു പരിഗണന പോലും നല്‍കാതെയാണ് ഇത്രയും ദിവസം തെരുവില്‍ കിടത്തിയിരിക്കുന്നത്’ ശ്രീജിത്തിന്റെ തന്നെ വാക്കുകളാണ്. ഈ വാക്കുകളില്‍ ഇവിടുത്തെ ഭരണ സംവിധാനത്തെ അപ്പാടെയാണ് ഇയാള്‍ ചോദ്യം ചെയ്യുന്നത്. ഒരു മനുഷ്യനാണെന്ന പരിഗണന പോലും സാധാരണക്കാരന് നല്‍കിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയില്‍ ഇനിയും ഇത്തരം ഒറ്റയാള്‍ സമര ശബ്ദങ്ങള്‍ ഉയരുമെന്നാണ് ശ്രീജിത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular