മകനെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ല; കായംകുളം എം.എല്‍.എ പ്രതിഭാ ഹരി വിവാഹ മോചനം തേടി കോടതിയില്‍

ആലപ്പുഴ: ഏക മകനെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ലെന്നു കാട്ടി കായംകുളം എംഎല്‍എ യു.പ്രതിഭാ ഹരി വിവാഹമോചനം തേടി ആലപ്പുഴ കുടുംബകോടതിയെ സമീപിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കെ.ആര്‍.ഹരിയില്‍നിന്നു വിവാഹമോചനം തേടി പ്രതിഭ നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ നടന്ന കൗണ്‍സിലിങ് തീരുമാനമാകാതെ പിരിഞ്ഞു.

പത്ത് വര്‍ഷത്തോളമായി ഭര്‍ത്താവുമായി അകന്നു കഴിയുകയാണെന്നും ഏക മകനെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ലെന്നും പ്രതിഭയുടെ ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മകനെ തനിക്ക് വിട്ടുനല്‍കി വിവാഹ മോചനം നല്‍കണം എന്നാണ് എംഎല്‍എ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ഹരി ഹര്‍ജിയെ എതിര്‍ത്തു. അടുത്ത മാസം വീണ്ടും കൗണ്‍സിലിങ് നടത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഫെയ്സ്ബുക്ക് പേജില്‍ പ്രതിഭ പേരു മാറ്റി. അഡ്വ.യു.പ്രതിഭ എംഎല്‍എ എന്നാണ് ഫെയ്സ്ബുക്കില്‍ ഇപ്പോഴുള്ളത്.

കുട്ടനാട്ടിലെ തകഴി സ്വദേശിയാണ് പ്രതിഭ. സിപിഐഎം പ്രവര്‍ത്തകനായിരുന്ന ഹരിയും ഇതേ നാട്ടുകാരനാണ്. നേരത്തേ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു പ്രതിഭ. തകഴി പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

SHARE