സുപ്രീം കോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയില്‍, ഇന്ത്യന്‍ ജനാധിപത്യം അപകടത്തില്‍; വെളിപ്പെടുത്തലുകളുമായി മുതിര്‍ന്ന ജഡ്ജിമാര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സഹ ജഡ്ജിമാര്‍ രംഗത്ത്. സുപ്രീംകോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണെന്നും ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്നും സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു.

സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം തകരുമെന്നും ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് മഥന്‍ വി ലോക്കൂര്‍, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി എന്നിവാണ് വെളിപ്പെടുത്തലുമായി പുറത്ത് വന്നത്.

ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത്. 4 ജഡ്ജിമാര്‍ കോടതി വിട്ട് പുറത്തിറങ്ങി വാര്‍ത്ത സമ്മേളനം വിളിക്കുകയായിരുന്നു. സുപ്രീംകോടതി ജസ്റ്റിസ് ജെ. ചെലമേശ്വരിന്റെ നേത്രത്വത്തിലുളള ജഡ്ജിമാരാണ് കോടതി നിര്‍ത്തിവെച്ച് വാര്‍ത്താസമ്മേളനം വിളിച്ചത്.

ഞങ്ങള്‍ നിശ്ശബ്ദരായിരുന്നുവെന്ന് പിന്നീട് ആരും പറയരുതെന്ന് പറഞ്ഞാണ് കടുത്ത വിമര്‍ശനങ്ങളിലേക്ക് ജഡ്ജിമാര്‍ കടന്നത്. പ്രതിഷേധം ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് എന്നത് പൊട്ടിത്തറിയുടെ രാഷട്രീയ പ്രാധാന്യമേറ്റുന്നു. ഗുജറാത്തിലെ സൊഹ്‌റാബുദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹ മരണം ഏറെ രാഷട്രീയ വിവാദം ഉയര്‍ത്തിയിരുന്നു.

ജനാധിപത്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയാണ് തങ്ങളുടെ ശ്രമമെന്നും നാളെ ജനങ്ങള്‍ ഞങ്ങളെ കുറ്റപ്പെടുത്താതിരിക്കാന്‍ വേണ്ടിയാണ് മാധ്യമങ്ങളെ കാണുന്നതെന്നും ജസ്റ്റിസ് ജെ. ചെലമേശ്വര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണോ എന്ന ചോദ്യത്തിന് അത് രാജ്യം തീരുമാനിക്കട്ടെ എന്നായിരുന്നു ജഡ്ജിമാരുടെ മറുപടി. ഒട്ടും സന്തോഷത്തോടെയല്ല ഇതിന് തുനിഞ്ഞത്. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്തം. കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും. ചീഫ് ജസ്റ്റിസിന് നാലുപേരും കൂടി ഒപ്പിട്ട കത്ത് നല്‍കി. നേരിട്ടു കാണുകയും ചെയ്തു. ഒരു കാര്യം ശരിയായ രീതിയില്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടെന്ന് ജഡ്ജിമാര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular