ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടിസ്: ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് നടപടി

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടിസ്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് കോടതി വിധി. കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മറ്റ് രണ്ടുപേര്‍ക്കും നോട്ടിസ് അയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. മറ്റ് മൂന്ന് പ്രതികള്‍ വിചാരണ നേരിടണമെന്ന ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു. കേസില്‍ പിണറായിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് അപ്പീലില്‍ പറയുന്നു.
2017 ഓഗസ്റ്റ് 23നാണ് പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫിസര്‍ കെ.ജി.രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഉത്തരവിട്ടിരുന്നു. വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയന്‍ അറിയാതെ ലാവ്‌ലിന്‍ ഇടപാടു നടക്കില്ലെന്ന് അപ്പീലില്‍ സിബിഐ ചൂണ്ടിക്കാട്ടി.
മന്ത്രിതലത്തില്‍ രാഷ്ട്രീയമായ തീരുമാനമെടുക്കാതെ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരമൊരു വിഷയത്തില്‍ നടപടിയെടുക്കാനാവില്ല. സംസ്ഥാനത്തിനു 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ തീരുമാനമാണിത്. വിചാരണയ്ക്കു മുന്‍പേ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ശരിയല്ലെന്നും അപ്പീലില്‍ പറയുന്നു. ഹൈക്കോടതി വിധിക്കെതിരെ പ്രതികളായ കെ.ജി.രാജശേഖരന്‍ നായര്‍, ആര്‍.ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവരും കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനും നല്‍കിയ അപ്പീലുകളും പരിഗണനയ്ക്കു വന്നു.
കേസില്‍ കെ.മോഹനചന്ദ്രന്‍, പിണറായി വിജയന്‍, എ.ഫ്രാന്‍സിസ് എന്നിവരുടെ പങ്കിനു മതിയായ തെളിവുകളുണ്ടൊണ് ഹര്‍ജിയില്‍ സിബിഐ പറയുന്നത്. പ്രഥമദൃഷ്ട്യാ ഗൂഢാലോചനയ്ക്കും തെളിവുണ്ട്. അതു വിചാരണഘട്ടത്തില്‍ മാത്രമേ വ്യക്തമാകുകയുള്ളുവെന്നും ഹര്‍ജിയില്‍ പറയുന്നു. തെളിവുണ്ടെന്നു വിലയിരുത്തിയശേഷം, ഗൂഢാലോചനയുടെ വശം പരിശോധിക്കാതെയാണു മറ്റു മൂന്നു പ്രതികളെ ഒഴിവാക്കിയത്. ഇത്തരമൊരു നടപടി നിയമപരമായി അനുവദനീയമല്ലെന്നും സിബിഐ പറയുന്നു.

കേസില്‍ നിയമവശമാണു ഹൈക്കോടതി പരിശോധിക്കേണ്ടിയിരുന്നത്. എന്നാല്‍, കുറ്റപത്രത്തില്‍ പിഴവുകള്‍ കണ്ടെത്താനാണു ശ്രമിച്ചത്. ചില കാര്യങ്ങള്‍ വിചാരണയില്‍ മാത്രം പരിശോധിക്കണമെന്നു തീരുമാനിച്ച ഹൈക്കോടതിതന്നെ മൂന്നു പ്രതികളെ വിചാരണയില്‍നിന്ന് ഒഴിവാക്കി. റിവിഷനല്‍ കോടതിയായി പ്രവര്‍ത്തിച്ച ഹൈക്കോടതി വസ്തുതാപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുക വഴി വിചാരണക്കോടതിയുടെ അധികാരം കവര്‍ന്നെടുത്തു.

അന്വേഷണത്തില്‍ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കുന്നത്. എന്നാല്‍, ചിലരെ തിരഞ്ഞുപിടിച്ചു കേസിലുള്‍പ്പെടുത്തുന്ന രീതിയാണ് അന്വേഷണ ഏജന്‍സിയുടേതെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍, വസ്തുതാപരമായി തെളിവുകളുണ്ടായിട്ടും ചിലരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുകയാണ് ഹൈക്കോടതി ചെയ്തത്. കുറ്റാരോപിതര്‍ക്കെതിരെ നടപടി തുടരാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടോയെന്നു പരിശോധിക്കുന്നതിനു പകരം, തെളിവത്രയും പരിശോധിച്ച് കേസ് തീര്‍പ്പാക്കുകയാണു ഹൈക്കോടതിയും വിചാരണക്കോടതിയും ചെയ്തത് എ്‌നനും സിബിഐ ഹര്‍ജിയില്‍ പറയുന്നു

Similar Articles

Comments

Advertismentspot_img

Most Popular