ഫോട്ടോ ഷൂട്ടില്‍ പ്രസവശേഷമുള്ള സ്‌ട്രെച്ച് മാര്‍ക്കുകള്‍ അപ്രത്യക്ഷമായി; കരീനയ്ക്കും വോഗിനും പൊങ്കാലയിട്ട് ആരാധകര്‍

പ്രമുഖ ഫാഷന്‍ മാഗസിന്‍ ആയ വോഗ് ഇന്ത്യയ്ക്കും ബോളിവുഡിന്റെ സ്വന്തം ബേബോ കരീന കപൂറിനും ആരാധകരുടെ ശകാരവര്‍ഷം. ഫോട്ടോഷോപ്പിങ് അല്പം കൂടിയ പോയതിന്റെ പേരിലാണ് വോഗിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ആരാധകര്‍ പൊങ്കാലയിട്ടത്.

വോഗിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഓറഞ്ച് ബിക്കിനി അണിഞ്ഞ് സെക്സി ലുക്കില്‍ പ്രത്യക്ഷപ്പെട്ട കരീനയുടെ ചിത്രമാണ് പൊല്ലാപ്പിലാക്കിയത്. ചിത്രം കൂടുതല്‍ നന്നാക്കുക എന്ന ഉദ്ദേശത്തോടെ ഫോട്ടോഷോപ്പിലൂടെ പ്രസവാനന്തരമുണ്ടായ സ്ട്രെച്ച് മാര്‍ക്കുകള്‍ വരെ മായ്ച്ച് കളഞ്ഞിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയ സ്ത്രീക്ക് ഒരിക്കലും ഇങ്ങനെ കോട്ടം തട്ടാതെ നില്‍ക്കാനാകില്ലെന്നും ഈ ചിത്രത്തില്‍ സ്ട്രെച്ച് മാര്‍ക്കുകളോ ചെറിയ രീതിയിലെങ്കിലും ചാടിയ വയറോ കാണാനില്ലെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.

മാഗസിന്റെ കവറിന് വേണ്ടി ചിത്രം നന്നാക്കാം പക്ഷെ ഈ പ്രവര്‍ത്തി സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുക എന്നും പ്രസവ ശേഷമുള്ള അമിതമായ വയറും തടിയും കളയാന്‍ കഷ്ടപ്പെടുന്ന അമ്മമാര്‍ക്ക് അത് മനഃപ്രയാസമുണ്ടാക്കുമെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു. ഈ ചിത്രത്തിന് പകരം പ്രസവ ശേഷം തന്റെ ശരീരത്തിന് സംഭവിച്ച മാറ്റങ്ങളെ അതേ പോലെ അഭിമാനത്തോടെ ലോകത്തെ കാണിക്കുന്ന ഒരമ്മയുടെ ചിത്രമായിരുന്നെങ്കില്‍ എത്ര നന്നായെന്നും ചിലര്‍ ചോദിക്കുന്നു.

ഇതാണ് നിങ്ങളുടെ കാഴ്ചപ്പാടില്‍ ഒരു യഥാര്‍ത്ഥ അമ്മയെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അമ്മയെക്കുറിച്ചോര്‍ത്ത് വരെ നാണക്കേടായിരിക്കാമെന്നും നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും ഒരിക്കലും വോഗില്‍ നിന്നും ഇത്തരം ഒരു പ്രവര്‍ത്തി പ്രതീക്ഷിച്ചില്ലെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണം.

2016 ഡിസംബറിലാണ് കരീന തൈമൂറിന് ജന്മം നല്‍കിയത്. പ്രസവശേഷം പഴയ രൂപത്തിലേക്ക് തിരിച്ചു വരാന്‍ കഠിനമായ പരിശീലനം നടത്തിയിരുന്നു കരീന. ദിവസം പത്തു മണിക്കൂര്‍ വരെ കരീന വര്‍ക്ക് ഔട്ട് ചെയ്തിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാല്‍ തന്നെ യാതൊരു ഉടവും തട്ടാതെയുള്ള ഈ ചിത്രം ഫോട്ടോഷോപ്പല്ലെന്ന് വാദിക്കുന്നവരും ഉണ്ട്. എങ്കില്‍ പോലും ഒരു പ്രസവം കഴിഞ്ഞതിന്റെ യാതൊരു അടയാളവും ഇല്ലാതിരിക്കുക എന്നത് അസാധ്യമാണെന്നാണ് ഇതിനെതിരെ ഉയരുന്ന വാദം. എന്ത് തന്നെ ആയാലും ഈ വിഷയത്തില്‍ വോഗ് ഇന്ത്യയോ കരീനയോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular