800 രൂപയ്ക്ക് പ്രധാനമന്ത്രിയുടെ വരെ ആധാറിന്റെ ഡ്യൂപ്ലിക്കേറ്റ്; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

800 രൂപ മുടക്കിയാല്‍ പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടേതുള്‍പ്പെടെ ആരുടെ ആധാര്‍ കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റും നിങ്ങള്‍ക്ക് സ്വന്തമാക്കം!. വിശ്വാസം വരുന്നില്ലല്ലേ, ഇത്തരത്തില്‍ ആധാര്‍ കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് അച്ചടിച്ചുകൊടുക്കുന്ന ഏജന്‍സികള്‍ ധാരാളം ഉണ്ടെന്നാണ് ദ ട്രിബൂണ്‍ പത്രം പുറത്തു വിട്ട തെളിവുകള്‍ വ്യക്തമാക്കുന്നത്. അതായത് ഏതു കള്ളനും ഭീകരവാദിക്കും നിങ്ങളുടേതിന് സമാനമായ ഒറിജിനല്‍ ആധാര്‍ അടിച്ചെടുക്കാമെന്നര്‍ത്ഥം.

ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കണ്ട നമ്പര്‍ വഴിയാണ് പത്രത്തിന്റെ ലേഖിക രചന ഖൈര തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്. അനാമിക എന്ന പേരും നല്‍കി. ഫോണ്‍ നമ്പറും മെയില്‍ ഐ.ഡിയും നല്‍കി. നല്‍കിയ അക്കൗണ്ട് നമ്പറിലേക്ക് 500 രൂപ അടച്ചു കഴിഞ്ഞപ്പോള്‍ ലേഖികക്ക് എന്റോള്‍മെന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആക്കിക്കൊണ്ടുള്ള മെയില്‍ ലഭിച്ചു. യൂസര്‍ ഐ ഡിയും പാസ്സ്വേര്‍ഡും പിന്നാലെ എത്തി. അതോടെ ഇന്ത്യയില്‍ ആധാര്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ലേഖികക്ക് ലഭ്യമായി.

ആധാര്‍ കാര്‍ഡ് അച്ചടിച്ചെടുക്കാനുള്ള സോഫ്റ്റ്വെയര്‍ ആവശ്യപ്പെട്ട ലേഖികക്ക് വീണ്ടും ഒരു 300രൂപ കൂടി മുടക്കേണ്ടി വന്നപ്പോള്‍ അതും ലഭ്യമായി. ടീം വ്യൂര്‍ വഴി ലേഖികയുടെ കമ്പ്യൂട്ടറില്‍ മറ്റൊരാള്‍ കയറി ഈ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുകയായിരുന്നു. അതോടെ ഇന്ത്യയില്‍ ആരുടെ പേരിലുമുള്ള ആധാര്‍ കാര്‍ഡ് അച്ചടിക്കാനും ലേഖികക്ക് കഴിയുമെന്ന സ്ഥിതി വന്നു. അതീവ സുരക്ഷിതമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്ന ആധാര്‍ കാര്‍ഡ് ആര്‍ക്കും എവിടെയും അച്ചടിക്കാമെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular