ബ്ലാസ്‌റ്റേഴ്‌സിന്റെ പരശീലകനായി ഡേവിഡ് ജയിംസ് വീണ്ടും എത്തുന്നു? കൊച്ചിയില്‍ തിരക്കിട്ട ചര്‍ച്ച

കേരള ബ്ലാസ്റ്റേഴ്സിന്റെ പരീശീലകനായി ഡേവിഡ് ജയിംസ് വീണ്ടും എത്തുമെന്ന് സൂചന. പുതിയ കോച്ചിനെ ഇന്നുതന്നെ തീരുമാനിക്കുമെന്നാണ് വിവരം. ബ്ലാസ്‌റ്റേഴ്‌സിനെ കളിപഠിപ്പിക്കാന്‍ ഡേവിഡ് ജയിംസിനെ തിരികെ കൊണ്ടുവരാനാണ് ശ്രമം. ഡേവിഡുമായി തിരക്കിട്ട ചര്‍ച്ച കൊച്ചിയില്‍ പുരോഗമിക്കുകയാണ്. 2014ല്‍ ബ്ലാസ്റ്റേഴ്സിന്റെ മാര്‍ക്വീതാരവും കോച്ചുമായിരുന്നു ഡേവിഡ്. അസി. കോച്ച് താങ്ബോയ് സിങ്തോയ്ക്ക് നാളത്തെ മല്‍സരത്തിന്റെ ചുമതല. തുടര്‍ന്നുള്ള മല്‍സരങ്ങളിലാകും പുതിയ പരിശീലകന്‍ ചുമതലയേറ്റെടുക്കുക എന്നാണ് വിവരം. പരുക്ക് ഭേദമാകാത്തതിനാല്‍ സി.കെ.വിനീതിന് ഇനിയുള്ള മൂന്നു മല്‍സരങ്ങള്‍വരെ നഷ്ടപ്പെട്ടേക്കും.

റെനി മ്യൂലന്‍സ്റ്റീന്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസ്ഥാനം ഇന്നലെ രാജിവച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് രാജിയെന്നാണ് വിശദീകരണമെങ്കിലും തുടര്‍തോല്‍വികളില്‍ മാനെജ്മെന്റ് പ്രകടമാക്കിയ അതൃപ്തിയാണ് രാജിയിലേക്കുള്ള വഴിതെളിച്ചതെന്നാണ് വിവരം.

വ്യാഴാഴ്ച കലൂര്‍ സ്റ്റേഡിയത്തില്‍ എഫ്‌സി പുണെ സിറ്റിയെ ബ്ലാസ്റ്റേഴ്‌സ് നേരിടാനൊരുങ്ങവെ പൊടുന്നനെ മ്യൂലന്‍സ്റ്റീന്‍ രാജിവച്ചത് ടീമിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഐഎസ്എലില്‍ ബ്ലാസ്റ്റേഴ്‌സിനു 11 മല്‍സരം ബാക്കിയുള്ളപ്പോഴാണു മ്യൂലന്‍സ്റ്റീന്റെ പടിയിറക്കം.

ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായാണ് ഡേവിഡ് ജയിംസ് കൊച്ചിയിലെത്തിയത്. ഡേവിഡ് ജയിംസിനെ മടക്കിക്കൊണ്ടുവരണമെന്ന ആവശ്യം ആരാധകര്‍ക്കിടയിലും ശക്തമാണ്. 2014ല്‍ ഐഎസ്എല്‍ ആദ്യ സീസണില്‍ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലകനും മാര്‍ക്വീ താരവുമായിരുന്നു ഡേവിഡ് ജയിംസ്.

നോര്‍വേയുടെ മുന്‍ ദേശീയ താരം ജോണ്‍ ആര്‍ണീ റീസയുടെ പേരും പരിഗണനയിലുണ്ട്. കൂടുതല്‍ സാധ്യത ഡേവിഡ് ജയിംസിനാണെന്നാണ് അറിയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular