സംസ്ഥാനത്ത് നികുതി അടക്കാതെ ഓടുന്നത് രണ്ടായിരത്തിലധികം വാഹനങ്ങള്‍; കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്, വാഹനങ്ങളെക്കുറിച്ച് വിവരം നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി അടയ്ക്കാത്ത പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. നിലവില്‍ ജനുവരി പതിനഞ്ച് വരെയാണ് നികുതി അടയ്ക്കാന്‍ ഇത്തരം വാഹന ഉടമകള്‍ക്ക് സാവകാശം നല്‍കിയിരിക്കുന്നത്.

രണ്ടായിരത്തില്‍ അധികം വാഹനങ്ങളാണ് കേരളത്തില്‍ നികുതിവെട്ടിക്കുന്നതിനായി കൃത്രിമരേഖകള്‍ ഉണ്ടാക്കി പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ആയിരത്തിലധികം വാഹനങ്ങള്‍ കേരളത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. നികുതി അടയ്ക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടും വീഴ്ചവരുത്തുന്നവര്‍ക്കെതിരെ പിഴയും റവന്യു റിക്കവറിയുമടക്കം നടത്താനാണ് കമ്മീഷണറുടെ തീരുമാനം.

നികുതിയുടെ നിശ്ചിത ശതമാനം പിഴയായി ഈടാക്കാന്‍ നിലവില്‍ നിയമമുണ്ട്. മൂന്നുമാസത്തേയ്ക്ക് 10 ശതമാനമാണ് പിഴ. വൈകുന്നതനുസരിച്ച് 50 ശതമാനംവരെ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. ഇത്തരത്തില്‍ നികുതി അടക്കുന്നതിലൂടെ 300 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് ഓടുന്ന പോണ്ടിച്ചേരി വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിനെ അറിയിക്കാന്‍ 7025950100 എന്ന വാട്സാപ്പ് നമ്പറും പുറത്തുവിട്ടിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular