അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ഇന്ന് ചെന്നൈ പാര്‍ട്ടി ആസ്ഥാനത്ത്; വിള്ളലിന് സാധ്യത, രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകും

ചെന്നൈ: നിര്‍ണായക നിയമസഭസമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെ അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ഇന്ന് ചെന്നൈയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ചേരും. ജയലളിതയുടെ മരണത്തെതുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗറില്‍ വിമതനേതാവ് ടി.ടി.വി. ദിനകരന്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചത് പാര്‍ട്ടിയില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം യോഗത്തില്‍ എത്ര എം.എല്‍.എമാര്‍ പങ്കെടുക്കുമെന്ന കാര്യവും തമിഴ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുകയാണ്.

പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകും. ഇന്നത്തെ സാഹചര്യത്തില്‍ രജനിയുടെ രംഗപ്രവേശം അണ്ണാ ഡി.എം.കെക്ക് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി അണികളെ ഉറപ്പിച്ചു നിര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ തീരുമാനിക്കും. ആഭ്യന്തരപ്രശ്‌നങ്ങള്‍ കാരണം പാര്‍ട്ടി സംഘടനസംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ചര്‍ച്ചകള്‍ നടക്കും.

ദിനകരനെ പിന്തുണക്കുന്ന പതിനെട്ട് എം.എല്‍.എമാരെ അയോഗ്യരാക്കിയ സാഹചര്യത്തില്‍ 234 അംഗ നിയമസഭയുടെ എണ്ണം 216 ആയി ചുരുങ്ങി. കേവലഭൂരിപക്ഷത്തിന് 108 പേരുടെ പിന്തുണ വേണം. 113 പേരുടെ പിന്തുണയുണ്ടെന്നാണ് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ അവകാശവാദം. അണ്ണാഡി.എം.കെ സ്വതന്ത്ര എം.എല്‍.എമാരായ നടന്‍ കരുണാസ്, തമീമുന്‍ അന്‍സാരി, യു. തനിയരസ് എന്നിവര്‍ ചാഞ്ചാടി നില്‍ക്കുകയാണ്. മൂന്ന് സ്വതന്ത്രരെ മാറ്റിനിര്‍ത്തിയാല്‍ എത്രപേര്‍ യോഗത്തിനെത്തുമെന്നത് നിര്‍ണായകമാണ്.

അതേസമയം, എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ മദ്രാസ് ഹൈകോടതിയുടെ വിധിയും ഉടന്‍ വരാന്‍ സാധ്യതയുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular