വാങ്ങിയ പണം തിരിച്ചുകൊടുത്തിട്ടുണ്ട്; ഇനി അമേരിക്കയുടെ സഹായം വേണ്ട: യുഎസിന് പാക്കിസ്ഥാന്റെ മറുപടി

ഇസ്‌ലാമാബാദ്: ധനസഹായം നിര്‍ത്തിയ യുഎസിനു മറുപടിയുമായി പാക്കിസ്ഥാന്‍. യുഎസുമായി കൂടുതല്‍ ഇടപാടുകള്‍ക്കില്ലെന്ന് ഞങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ യുഎസിന്റെ വിലക്കുകള്‍ക്ക് വലിയ പ്രാധാന്യമില്ല. പാക്കിസ്ഥാനു നല്‍കിയ ധനസഹായത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ തയാറാണ്. ട്രംപ് അവകാശപ്പെട്ടത്രയും പണം ഞങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ക്കതു തിരിച്ചുകൊടുത്തിട്ടുണ്ടെന്നും പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലേറ്റ പരാജയത്തില്‍ ഡോണള്‍ഡ് ട്രംപ് ദുഃഖിതനാണ്. പാക്കിസ്ഥാനെതിരെ ആരോപണങ്ങളുന്നയിക്കുന്നതിനുള്ള കാരണവുമതാണ്. യുഎസില്‍നിന്ന് ധനസഹായം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല. എന്തിനാണ് പാക്കിസ്ഥാനു സഹായം നല്‍കിയതെന്ന് ട്രംപിനു തന്റെ ഉദ്യോഗസ്ഥരോടു ചോദിക്കാവുന്നതാണെന്നും ആസിഫ് പറഞ്ഞു.
പാക്കിസ്ഥാന് വര്‍ഷാവര്‍ഷം മുടക്കമില്ലാതെ നല്‍കാറുള്ള സാമ്പത്തിക സഹായം നിര്‍ത്തിവയ്ക്കുമെന്നാണു യുഎസ് അറിയിച്ചിരുന്നത്. 15 വര്‍ഷമായി പാക്കിസ്ഥാന്‍ നമ്മെ വിഡ്ഢികളാക്കുകയാണ്. 33 ബില്യണ്‍ ഡോളര്‍ സഹായമാണ് ഇത്രയും കാലത്തിനിടെ അവര്‍ക്ക് നല്‍കിയത്. നമ്മുടെ നേതാക്കളെ അവര്‍ വിഡ്ഢികളാക്കി. തിരിച്ചുതന്നതാകട്ടെ നുണകളും കാപട്യങ്ങളും മാത്രം. അഫ്ഗാനിസ്ഥാനില്‍ ഭീകര്‍ക്കെതിരെ നമ്മള്‍ പോരാടുമ്പോള്‍, ഭീകരരുടെ സുരക്ഷിത താവളമായി പാക്കിസ്ഥാന്‍ മാറി. ഇനിയും മുന്നോട്ടുപോകാനാവില്ല’– യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
പാക്കിസ്ഥാനു സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ക്ക് യുഎസ് നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് ട്രംപിന്റെ വാക്കുകള്‍. പാക്കിസ്ഥാനു നല്‍കുന്ന 25.5 കോടി ഡോളറിന്റെ (1645 കോടിയോളം രൂപ) സഹായം തടഞ്ഞുവയ്ക്കാന്‍ ട്രംപ് ഭരണകൂടം നീക്കം തുടങ്ങിയിരുന്നു. ഭീകര സംഘടനകള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതില്‍ പാക്കിസ്ഥാന്‍ നിഷ്‌ക്രിയത്വം കാട്ടുന്നതിലുള്ള അതൃപ്തിയാണ് കടുത്ത നടപടിയിലേക്ക് നയിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular