സൗദിയിലും യുഎഇയിലും വാറ്റ് നിലവില്‍വന്നു; അഞ്ച് ശതമാനം നികുതി വര്‍ധന

റിയാദ്: പുതുവര്‍ഷ ദിനത്തില്‍ സൗദി അറേബ്യയില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വന്നു. ഇന്നലെ അര്‍ധരാത്രി മുതല്‍ ഇന്ന് പുലര്‍ച്ച വരെ ഉത്പന്നങ്ങളില്‍ പുതിയ വില രേഖപ്പെടുത്തുന്ന തിരക്കിലായിരുന്നു ജീവനക്കാര്‍. ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 5 ശതമാനം നികുതിയാണ് ഈടാക്കുന്നത്. യുഎഇയിലും ഇന്ന് മുതലാണ് നികുതി വര്‍ധന പ്രാബല്യത്തിലാകുന്നത്.
മറ്റ് ജിസിസി രാജ്യങ്ങളും വരും വര്‍ഷങ്ങളില്‍ വാറ്റ് നടപ്പാക്കി തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. എണ്ണയിതര വരുമാനം കൂടുതല്‍ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. യുഎഇയില്‍ വിദ്യാഭ്യാസ ഫീസ്, ചികില്‍സാചെലവ്, യാത്രക്കൂലി തുടങ്ങിയവയെ വാറ്റില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജീവിത ചെലവില്‍ നേരിയ വര്‍ധനയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. അടിസ്ഥാനസൗകര്യ വികസനം, പൊതുസേവനങ്ങള്‍ തുടങ്ങിയവയ്ക്കാകും വാറ്റില്‍നിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിക്കുകയെന്നു സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
എല്ലാത്തരം ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്നു മുതല്‍ അഞ്ചു ശതമാനം വാറ്റ് ഏര്‍പ്പെടുത്തുന്നതോടെ വിലയില്‍ വര്‍ധനയുണ്ടാകും. ബ്രെഡ് മുതല്‍ പച്ചക്കറി വരെ എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും വില കൂടുന്നതോടെ, കുടുംബ ബജറ്റിലും വര്‍ധന വരും. വിദ്യാഭ്യാസ മേഖലയില്‍ അംഗീകൃത നഴ്‌സറി, പ്രീ സ്‌കൂള്‍, സ്‌കൂളുകള്‍ എന്നിവയില്‍ ഫീസിന് വാറ്റ് നല്‍കേണ്ടതില്ല. ഫെഡറല്‍, പ്രാദേശിക സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ളതോ, ഫണ്ട് ചെയ്യുന്നതോ ആയിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസിലും വാറ്റ് ബാധകമല്ല. എന്നാല്‍ യൂണിഫോം ഉള്‍പ്പെടെ അനുബന്ധ സേവനങ്ങള്‍ക്ക് വാറ്റ് ബാധകമാണെന്നാണു പ്രാഥമിക വിവരം.
അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മാത്രമാണ് വാറ്റ് ഇളവ് ലഭ്യമാകുന്നതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. ആരോഗ്യ രംഗത്തു വാക്‌സിനേഷന്‍, ചികില്‍സ തുടങ്ങിയവയ്ക്കു വാറ്റ് ബാധകമല്ല. എന്നാല്‍ കോസ്‌മെറ്റിക്‌സ് തുടങ്ങിയ ചികില്‍സ അല്ലാത്ത സേവനങ്ങള്‍ക്ക് വാറ്റ് ബാധകമാണ്. ക്യാബിനറ്റ് തീരുമാനത്തില്‍ ഇല്ലാത്ത മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വാറ്റ് നല്‍കേണ്ടതുണ്ട്. ജലം, വൈദ്യുതി, ടെലിഫോണ്‍, മൊബൈല്‍ കോളുകള്‍ തുടങ്ങിയവയ്ക്കും വാറ്റ് ബാധകമാണ്. റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് അഞ്ചുശതമാനം വാറ്റ് ഈടാക്കുമെങ്കിലും താമസ വാടകയ്ക്കു നല്‍കേണ്ടതില്ലെന്നാണു വിവരം.
സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ അഞ്ചുശതമാനം വാറ്റ് നല്‍കേണ്ടിവരും. പണിക്കൂലി ഉള്‍പ്പെടെയുള്ള നിരക്കാണ് ഈടാക്കുന്നത്. ആഭരണങ്ങള്‍ക്ക് ഒരു പവനില്‍ പണിക്കൂലി സഹിതം 56 ദിര്‍ഹമെങ്കിലും വര്‍ധിക്കുമെന്നും ജ്വല്ലറി വൃത്തങ്ങള്‍ സൂചിപ്പിച്ചു. 24 കാരറ്റില്‍ വാറ്റ് ഈടാക്കില്ലെന്നാണ് പ്രാഥമിക വിവരം. അതിനാല്‍ സ്വര്‍ണ ബാറുകള്‍ക്ക് വില കൂടാന്‍ സാധ്യതയില്ലെന്ന് അറിയുന്നു.
ഇന്നലെ കടയടച്ച് അര്‍ധരാത്രി 12 മുതല്‍ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളില്‍ യുദ്ധ സമാന സാഹചര്യമായിരുന്നു. നേരം വെളുക്കുന്നതിന് മുമ്പുള്ള 8 മണിക്കൂറിനകം രണ്ട് ലക്ഷത്തിലേറെ വരുന്ന ഉത്പന്നങ്ങളില്‍ പുതിയ വില രേഖപ്പെടുത്തി. ലുലു ഉള്‍പ്പെടെയുള്ള വന്‍കിട വാണിജ്യ സ്ഥാപനങ്ങള്‍ പത്ത് റിയാല്‍ വരെയുള്ള ഉത്പന്നങ്ങളുടെ വില ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാതെ നേരിട്ട് അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular