പാലക്കാട്ടെ ഇരട്ട വോട്ടിൽ അന്വേഷണം; വ്യാജമായി വോട്ടുകൾ ചേർത്തിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ തഹസിൽദാർക്കും റിട്ടേണിങ് ഓഫിസർക്കും നിർദ്ദേശം

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രണ്ടായിരത്തിലേറ ഇരട്ടവോട്ടുകളെന്ന പരാതിയിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. ആരോപണം പുറത്തുവന്ന പശ്ചാത്തലത്തിൽ ബൂത്ത് ലെവൽ ഓഫിസർമാരോട് കലക്ടർ ഡോ. എസ്.ചിത്ര വിശദീകരണം തേടി.

വ്യാജമായി വോട്ടുകൾ ചേർത്തെന്ന് കണ്ടെത്തിയ മേഖലയിൽ അന്വേഷണം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും തഹസിൽദാർക്കും റിട്ടേണിങ് ഓഫിസർമാർക്കും ഡെപ്യൂട്ടി കലക്ടർ നിർദേശം നൽകി. ജില്ലാ കലക്ടറുടെ നിർദേശ പ്രകാരമാണ് നടപടി. ഡെപ്യൂട്ടി കലക്ടർക്കാണ് തെരഞ്ഞെടുപ്പ് ചുമതല.

പാലക്കാട് മണ്ഡലത്തിൽ പുതുതായി വോട്ടർ പട്ടികയിൽ ചേർത്തിരിക്കുന്നവരിൽ പലരും മറ്റിടങ്ങളിൽ വോട്ടുള്ളവരാണ്. മാത്രമല്ല വോട്ടു മാറിയ കാര്യം പലരും അറിഞ്ഞിട്ടുമില്ല എന്നതാണ് വസ്തുത. എങ്ങനെ തങ്ങളുടെ വോട്ട് പാലക്കാട്ടേക്ക് മാറിയെന്ന് അറിയില്ലെന്നും പ്രദേശത്ത് നിരവധി പേർ ഇതേ രീതിയിൽ പരാതി ഉന്നയിച്ചിട്ടുണ്ടെന്നുമാണ് പലരും പറയുന്നത്.

കേരളത്തിനു പുറത്ത് സ്ഥിരതാമസമാക്കിയവുടെ വോട്ടുകൾ പോലും പാലക്കാട് മണ്ഡലത്തിൽ പുതുതായി ചേർത്തിട്ടുണ്ടെന്നാണ് അറിയുന്നത്. ഇത്തരത്തിൽ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടത്.

എൽഡിഎഫ് സ്ഥാനാർഥി സരിൻ മൂന്നു മാസം മുൻപ് മാത്രമാണ് പാലക്കാട് വോട്ട് ചേർത്തതെന്നാണ് യുഡിഎഫ് ആരോപണം. ബിജെപി ജില്ലാ അധ്യക്ഷൻ, സംസ്ഥാന ഉപാധ്യക്ഷൻ എന്നിവരും ആരോപണ നിഴലിൽ ഉൾപ്പെട്ടിട്ടുണ്ടെന്നതും മറ്റൊരു വസ്തുത.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7