കൊച്ചി: കെസി വേണുഗോപാലിന് മാധ്യമങ്ങളെ കുറ്റപ്പെടുത്താനാവില്ലെന്നും വാർത്താസമ്മേളനങ്ങളിൽ പറയുന്ന കാര്യങ്ങൾ പൊതുമധ്യത്തിലുള്ളതാണെന്നും അതു റിപ്പോർട്ട് ചെയ്യുന്നത് മാധ്യമപ്രവർത്തകരുടെ ജോലിയാണെന്നും ഹൈക്കോടതി. സോളർ കേസ് പ്രതി സരിത എസ് നായരുടെ വാർത്താസമ്മേളനങ്ങളും വെളിപ്പെടുത്തലുകളും പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെയെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് നേതാവും എംപിയുമായ കെസി വേണുഗോപാലിന്റെ പരാതിയിൽ രണ്ട് സ്വകാര്യ ചാനലുകൾക്കെതിരെ എടുത്തിരുന്ന കേസാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് റദ്ദാക്കിയത്. എന്നാൽ സരിതയ്ക്ക് എതിരെയുള്ള അപകീർത്തിക്കേസിൽ തങ്ങൾ ഇടപെടുന്നില്ലെന്നും അക്കാര്യം വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
2016 ലാണ് സംഭവം. സരിത എസ് നായർ വാർത്താചാനലുകൾക്ക് നൽകിയ അഭിമുഖം തന്നെ താറടിച്ചു കാണിക്കാനാണെന്ന് ആരോപിച്ചാണ് കെസി വേണുഗോപാൽ മാനനഷ്ടക്കേസ് നല്‍കിയത്. ഇതിൽ പറയുന്നതനുസരിച്ച് ചാനലുകളിൽ സരിത കാണിക്കുന്ന കത്തില്‍ താൻ ലൈംഗികമായി ആക്രമിച്ചു എന്നാണ് പറയുന്നത്. തന്നെ കരിവാരിത്തേക്കാനായി ഈ അഭിമുഖം ചാനലുകളും സരിതയും ഗൂഡാലോചന നടത്തി പുറത്തുവിട്ടതാണെന്നും കെസി വേണുഗോപാൽ ആരോപിച്ചിരുന്നു.
മാത്രമല്ല സരിത എസ് നായരുടെ വാർത്താസമ്മേളനത്തിലെ കാര്യങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ജൂഡീഷ്യൽ കമ്മിഷനെ നിയമിക്കുകയും സരിതയുടെ കത്ത് കമ്മിഷനു മുൻപാകെ എത്തുകയും കമ്മിഷന്റെ നിര്‍ദേശപ്രകാരം ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തിരുന്നതായും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ കെസി വേണുഗോപാലിന് മാധ്യമങ്ങളെ കുറ്റപ്പെടുത്താനാവില്ല. മാധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നത്.
മാധ്യമങ്ങളും സരിതയുമായി ഒത്തുകളിച്ചു എന്ന് ആരോപിക്കുന്നതിനപ്പുറം ഇത് തെളിയിക്കാനാവശ്യമായതൊന്നും ഹാജരാക്കാൻ വേണുഗോപാലിന് കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയതായി ഹൈക്കോടതി വ്യക്തമാക്കിയത്.