തിരുവനന്തപുരം: സംസ്ഥാനത്ത് റിക്കാർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവില കുത്തനെ ഇടിഞ്ഞു പവന് ഒറ്റയടിക്ക് 1,320 രൂപയും ഗ്രാമിന് 165 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 57,600 രൂപയിലും ഗ്രാമിന് 7,200 രൂപയുമായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 140 രൂപ ഇടിഞ്ഞ് 5,930 രൂപയിലെത്തി.
കേരളപ്പിറവി മുതൽ സ്വർണവില താഴേക്കു പോകുന്ന പ്രവണതയാണ് കാണിക്കുന്നത്. ബുധനാഴ്ച മുതലാണ് നേരിയ വർധന ഉണ്ടായത്. ബുധനാഴ്ച പവന് 80 രൂപ കൂടിയിരുന്നു. ദീപാവലി ദിനത്തിൽ പവന് 120 രൂപ ഉയർന്ന് 59,640 രൂപയെന്ന പുത്തൻ ഉയരത്തിലെത്തിയ ശേഷമാണ് കഴിഞ്ഞയാഴ്ച സ്വർണവില താഴേക്കുപോയത്.
ഒക്ടോബർ ആദ്യം 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച് വില വില കുതിച്ചുകയറുന്നതാണ് കാണാൻ സാധിച്ചത്.
ഒക്ടോബര്‍ 16 ഓടെ വില പവന് 57,000 രൂപ കടന്നു. ഒക്ടോബര്‍ 19 ന് ഇത് 58,000 രൂപയും കടന്നു. 29ന് 59,000 കടന്ന സ്വർണവില വീണ്ടും കുതിച്ചുയർന്ന് 60000ത്തിന് അടുത്തെത്തി.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വൻ വിജയത്തിനു പിന്നാലെ ഡോളറിന്റെ മൂല്യം ഉയർന്നതും ക്രിപ്റ്റോകറൻസികൾ റിക്കാർഡ് കുതിപ്പ് ആരംഭിച്ചതുമാണ് രാജ്യാന്തരതലത്തിൽതന്നെ സ്വർണവില കുറയാനിടയാക്കിയത്.
കഴിഞ്ഞയാഴ്ച ഔൺസിന് 2,790 ഡോളർ എന്ന റിക്കാർഡിലെത്തിയ രാജ്യാന്തര സ്വർണവില ഇന്ന് 2,647 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. നിലവിൽ 2,668 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ത്യൻ രൂപ എക്കാലത്തെയും ദുർബലമായ അവസ്ഥയിൽ (84.32) ആണ്.
അതേസമയം, വെള്ളിവില ഗ്രാമിന് ഇന്നുമാത്രം മൂന്നുരൂപ താഴ്ന്ന് 99 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.