ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്കുള്ള കത്തിന്റെ ആസൂത്രകന്‍ തിരുവനന്തപുരം എം പിയുമായ ശശി തരൂരാണോ? ആയിരിക്കാമെന്നാണ് ചൊവ്വാഴ്ച ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പത്രപ്രവര്‍ത്തകനായ ഹരിന്ദര്‍ ബവേജ പറയുന്നത്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചതിനു ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ബവേജ വെളിപ്പെടുത്തുന്നത് ഈ കത്തിന്റെ ബീജാവാപം നടന്നത് അഞ്ച് മാസങ്ങള്‍ക്കു മുമ്പ് ശശി തരൂര്‍ ഒരുക്കിയ വിരുന്നിലായിരുന്നുവെന്നാണ്.
തിങ്കളാഴ്ച നിര്‍ണ്ണായകമായ എഐസിസി യോഗത്തിന് വഴിയൊരുക്കിയത് തരൂരും ഗുലാം നബി ആസാദും കബില്‍ സിബലും ഉള്‍പ്പെടെയുള്ള 23 നേതാക്കള്‍ സോണിയയ്ക്കെഴുതിയ കത്താണ്. പാര്‍ട്ടിക്ക് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന നേതൃത്വം വേണമെന്നതായിരുന്നു കത്തിലെ മുഖ്യ ആവശ്യം. കോണ്‍ഗ്രസ് ഇന്നു നേരിടുന്ന വെല്ലുവിളിയും ഉണര്‍വ്വും ഉത്സാഹവമുള്ള രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിലേക്ക് കോണ്‍ഗ്രസ് തിരിച്ചുവരേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്ന കത്തിലെ ആശയങ്ങള്‍ തരൂരിന്റെ വിരുന്നില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടുവെന്ന് ബവേജ പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് എഴുതപ്പെട്ടതായാണ് കത്തിലുള്ളത്.
തരൂരിന്റെ വിരുന്നില്‍ പങ്കെടുത്ത പല പ്രമുഖരും പക്ഷേ, കത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് ബവേജയുടെ റിപ്പോര്‍ട്ടിലുണ്ട്. മുന്‍ ധനമന്ത്രി പി ചിദംബരം, മകനും എം പിയുമായ കാര്‍ത്തി ചിദംബരം, സച്ചിന്‍ പൈലറ്റ്, അഭിഷേക് മനുസിങ്വി , മണിശങ്കര്‍ അയ്യര്‍ എന്നിവരാണ് വിരുന്നില്‍ പങ്കെടുത്തെങ്കിലും കത്തില്‍ ഒപ്പിട്ടില്ലാത്ത നേതാക്കള്‍.
വിരുന്നില്‍ പങ്കെടുത്തതായി സിങ്വി സമ്മതിച്ചെന്ന് റിപ്പോര്‍ട്ട് പറയുന്നു.”പാര്‍ട്ടിക്കുള്ളില്‍ നടക്കേണ്ട ക്രിയാത്മകമായ ചില പരിഷ്‌കരണങ്ങളെക്കുറിച്ച് വിരുന്നില്‍ അനൗപചാരികമായ ചര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ കത്തിനെക്കുറിച്ച് ഒരു ഘട്ടത്തിലും എന്നോട് ഒന്നും പറഞ്ഞിട്ടില്ല.” പാര്‍ട്ടി കാര്യങ്ങളെക്കുറിച്ച് അഭിപ്രായപ്രകടനം നടത്താനില്ലെന്നാണ് ചിദംബരം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്. സച്ചിന്‍ പൈലറ്റും പ്രതികരിക്കാന്‍ വിസമ്മതിച്ചു.
കത്തില്‍ താന്‍ ഒപ്പുവെയ്ക്കാതിരുന്നത് തന്നോട് ആരും ആവശ്യപ്പെടാതിരുന്നതുകൊണ്ടാണെന്നായിരുന്നു മണി ശങ്കര്‍ അയ്യരുടെ പ്രതികരണം. ”എന്നെ ആരും സമീപിച്ചില്ല” പാര്‍ട്ടിയുടെ അടിസ്ഥാനപരമായ മതേതര മൂല്യങ്ങള്‍ തിരിച്ചുപിടിക്കേണ്ടതിനെക്കുറിച്ച് വിരുന്നില്‍ ചര്‍ച്ച നടന്നു. ഒരു കത്തയക്കേണ്ടതിനെക്കുറിച്ചും സൂചനയുണ്ടായി. വിരുന്നില്‍ പങ്കെടുത്ത ആരും തന്നെ ഇതിനെ എതിര്‍ത്തില്ല. പക്ഷേ, കത്തുമായി ബന്ധപ്പെട്ട് വിരുന്നിനു ശേഷം എന്നെ ആരും സമീപിച്ചില്ല. ”
1999 ല്‍ ശരദ്പവാറും താരിഖ് അന്‍വറും പി എ സങ്മയും സോണിയുടെ നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ വെല്ലുവിളിക്കു ശേഷം കോണ്‍ഗ്രസിനുള്ളില്‍ ഉയരുന്ന ആദ്യ കലാപമായാണ് ഈ കത്ത് വിശേഷിപ്പിക്കപ്പെടുന്നത്. കോണ്‍ഗ്രസ് വലിയൊരു കുടുംബമാണെന്നും ആര്‍ക്കുമെതിരെ ഒരു വിദ്വേഷവും തനിക്കില്ലെന്നും സോണിയ തിങ്കളാഴ്ച എഐസിസി യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ സീനിയര്‍ നേതാക്കള്‍ വിമര്‍ശം ഉയര്‍ത്തേണ്ടത് പാര്‍ട്ടി ഫോറത്തില്‍ മാത്രമായിരിക്കണമെന്ന താക്കീതും സോണിയയുടെ ഭാഗത്തു നിന്നുണ്ടായി.
രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മുതിര്‍ന്ന നേതാക്കളുടെ പടപ്പുറപ്പാടിന്റെ തുടക്കമായാണ് കത്തിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. കത്ത് അനവസരത്തിലുള്ളതാണെന്ന് രാഹുല്‍ വിമര്‍ശിച്ചിരുന്നു. കത്ത് എഴുതിയവര്‍ ബിജെപിയെ സഹായിക്കുകയാണെന്ന ധ്വനിയും രാഹുലിന്റെ ഭാഗത്തു നിന്നുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ വിമര്‍ശിച്ച് കബില്‍ സിബല്‍ രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞ 30 വര്‍ഷമായി ഒരു വാക്കു കൊണ്ടു പോലും ബിജെപിയെ സഹായിച്ചിട്ടില്ലെന്നാണ് സിബല്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ രാഹുല്‍ തന്നെ നേരിട്ട് സിബലിനെ വിളിച്ച് ബിജെപിയെ സഹായിച്ചുവെന്ന പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്ന് പറഞ്ഞു. ഇതോടെ സിബല്‍ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. കത്തിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തരൂരിന്റെ ഭാഗത്തു നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് ബവേജ തന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.