അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതി മേക്കാട്ട് സഹല്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. മരട് നെട്ടൂര്‍ സ്വദേശിയാണ് . അഭിമന്യുവിനെ കൊലപ്പെടുത്തി രണ്ടു വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഒളിവിലായിരുന്ന സഹല്‍ ഇന്നു രാവിലെ കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. അഭിമന്യുവിനെ കുത്തിയത് സഹലാണ് എന്നാണ് പൊലീസ് കുറ്റപത്രം.

പൊലീസ് ഇയാളെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ചിരിക്കുകയാണ്. തുടര്‍ന്ന് കോവിഡ് 19 പരിശോധന ഉള്‍പ്പടെ നടത്തിയ ശേഷം രണ്ടു ദിവസത്തേയ്ക്ക് കോവിഡ് കേന്ദ്രത്തില്‍ ആക്കാനാണ് തീരുമാനം. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയാല്‍ കോടതിയിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതി കീഴടങ്ങുന്നത്. പ്രതിക്കായി പൊലീസ് രണ്ടു വര്‍ഷമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിക്കാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇയാള്‍ കേരളം വിട്ടെന്നും വിദേശത്താണെന്നുമായിരുന്നു പൊലീസ് വിശദീകരിച്ചിരുന്നത്. കേസില്‍ പ്രതിക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് വാദം. കേസിലെ മറ്റ് പ്രതികള്‍ എല്ലാവരും അറസ്റ്റിലായിട്ടുണ്ട്.

കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ- ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണു 2018 ജൂലൈ 2ന് അര്‍ധ രാത്രിയില്‍ ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു കൊല ചെയ്യപ്പെട്ടത്. രണ്ടാം വര്‍ഷ ബിഎസ്സി(കെമിസ്ട്രി) വിദ്യാര്‍ഥിയായ അഭിമന്യു(19) എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്നു. കോളജിലെ കിഴക്കേ കവാടത്തിലെ മതിലിലെ ചുവരെഴുത്തിനുള്ള അവകാശ തര്‍ക്കമാണ് ആക്രമണത്തിലെത്തിയത്. എസ്എഫ്‌ഐ ബുക്ക് ചെയ്തിരുന്ന മതിലില്‍ ക്യാംപസ് ഫ്രണ്ട് ചുവരെഴുതിയതായിരുന്നു പ്രശ്‌നകാരണം.

ക്യാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്തിനു മുകളില്‍ ‘വര്‍ഗീയത തുലയട്ടെ’ എന്ന് എഴുതി ചേര്‍ത്തതിനെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതു സംഘര്‍ഷത്തിലെത്തി. ക്യാംപസ് ഫ്രണ്ടുകാര്‍ അല്‍പ്പസമയത്തിനകം പുറത്ത് നിന്ന് എസ്ഡിപിഐക്കാരെക്കൂട്ടി മടങ്ങിയെത്തി എസ്എഫ്‌ഐ സംഘത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. അഭിമന്യുവിനെ അടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഗുരുതരമായി കുത്തേറ്റ ബിഎ മലയാളം വിദ്യാര്‍ഥി അര്‍ജുന്‍ ഏറെ നാളത്തെ ചികില്‍സ കഴിഞ്ഞ് കോളജില്‍ മടങ്ങിയെത്തി പഠനം തുടരുകയാണ്. എംഎ ഇക്കണോമിക്‌സ് വിദ്യാര്‍ഥിയായ വിനീത് കുമാറിനും തുടയില്‍ കുത്തേറ്റിരുന്നു.

അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജുനെ കുത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ ചേര്‍ത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീം (31) കഴിഞ്ഞ നവംബറില്‍ കീഴടങ്ങിയിരുന്നു. കേസില്‍ ഒമ്പതു പ്രതികള്‍ക്കെതിരെ വിചാരണ ആരംഭിച്ചിരുന്നു. അരൂക്കുറ്റി വടുതല നദ്വത്ത് നഗര്‍ ജാവേദ് മന്‍സിലില്‍ ജെ. ഐ.മുഹമ്മദ് (20), എരുമത്തല ചാമക്കാലായില്‍ ആരിഫ് ബിന്‍ സലീം (25), പള്ളുരുത്തി പുതിയാണ്ടില്‍ റിയാസ് ഹുസൈന്‍ (37), കോട്ടയം കങ്ങഴ ചിറക്കല്‍ ബിലാല്‍ സജി (18),പത്തനംതിട്ട കോട്ടങ്കല്‍ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടുപറമ്പ് പി എം റജീബ്(25), നെട്ടൂര്‍ പെരിങ്ങോട്ട് പറമ്പ് അബ്ദുല്‍ നാസര്‍ (നാച്ചു 24), ആരിഫിന്റെ സഹോദരന്‍ എരുമത്തല ചാമക്കാലായില്‍ ആദില്‍ ബിന്‍ സലീം (23), പള്ളുരുത്തി പുളിക്കനാട്ട് പി.എച്ച് സനീഷ് (32) എന്നിവര്‍ക്കെതിരെയാണു പ്രാരംഭ വിചാരണ തുടങ്ങിയത്.

വീട്ടിലെ പരിമിതമായ സാഹചര്യങ്ങളിലെ കഷ്ടപ്പാടില്‍ നിന്നുള്ള മോചനം തേടി സ്‌കൂള്‍ പഠന കാലത്തു തന്നെ എറണാകുളത്ത് എത്തിയിരുന്നു. എന്നും ബുദ്ധിമുട്ടുകളുടെ നടുവിലായിരുന്ന ജീവിതത്തില്‍ അഭിമന്യു ആശ്വാസം കണ്ടെത്തിയിരുന്നത് സംഘടനാ പ്രവര്‍ത്തനത്തിലായിരുന്നു. അഭിമന്യു അഞ്ചില്‍ പഠിക്കുമ്പോഴാണു കൊച്ചിയിലേക്ക് എത്തുന്നത്. പഠിക്കാന്‍ മിടുക്കനായ നിര്‍ധന കുടുംബാംഗമെന്ന നിലയില്‍ വൈഎംസിഎയുടെ തൃക്കാക്കരയിലുള്ള ബോയ്സ് ഹോമിലെത്തിയ അഭിമന്യു എട്ടാം ക്ലാസ് വരെ ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളിലായിരുന്നു പഠനം. തുടര്‍ന്നു നാട്ടിലേക്കു മടങ്ങി. വീട്ടിനടുത്തുള്ള സ്‌കൂളിലാണു പ്ലസ്ടു വരെ പഠിച്ചത്.

ജോലി അന്വേഷിച്ച് വീണ്ടും എറണാകുളത്ത് എത്തിയ അഭിമന്യു ഒരുവര്‍ഷക്കാലം ഹൈക്കോര്‍ട്ട് ജംക്ഷനിലെ ഹോട്ടലിലും വിവിധ കടകളിലുമായി ജോലി ചെയ്തു. തുടര്‍ന്നാണു 2017-ല്‍ മഹാരാജാസില്‍ ഡിഗ്രിക്കു പ്രവേശനം നേടിയത്. കോളജില്‍ എത്തിയ ശേഷമാണ് അഭിമന്യു സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്.

വട്ടവടയിലെ നിര്‍ധന കുടുംബാംഗമായ അഭിമന്യു ആക്രമണ ദിവസം രാത്രിയോടെയാണ് നാട്ടില്‍ നിന്ന് പച്ചക്കറി കയറ്റിവന്ന ചരക്ക് ലോറിയില്‍ കയറി കൊച്ചിയിലെത്തിയത്. പിറ്റേന്ന് ക്യാംപസില്‍ കൊണ്ടുവന്ന അഭിമന്യുവിന്റെ മൃതദേഹത്തിനു മുന്നില്‍ ‘നാന്‍ പെറ്റ മകനെ..’ എന്ന അമ്മ ഭൂപതിയുടെ നിലവിളി കേരള മന:സാക്ഷിയുടെ മുഴുവന്‍ തേങ്ങലായി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7