ആലപ്പുഴയില്‍ 11 വയസ്സുകാരി തൂങ്ങിമരിച്ചനിലയില്‍; അമ്മയുടെ മാനസികപീഡനമാണ് മരണത്തിന് കാരണമെന്ന് ആരോപണം

ആലപ്പുഴ : കാര്‍ത്തികപ്പള്ളി വലിയകുളങ്ങരയില്‍ 11 വയസ്സുകാരി തൂങ്ങിമരിച്ചനിലയില്‍. വലിയകുളങ്ങര സ്വദേശി ഹര്‍ഷയാണ് മരിച്ചത്. പഠനത്തെച്ചൊല്ലി അമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് കുട്ടി ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

വീട്ടിനുള്ളില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ട കുട്ടിയെ ആശുപത്രിയിലെത്തിക്കും മുമ്പ് മരണം സംഭവിച്ചെന്നാണ് അമ്മയും രണ്ടാനച്ഛനും നല്‍കിയ മൊഴി. അതേസമയം, അമ്മയുടെ മാനസികപീഡനമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുട്ടിയുടെ മരണത്തില്‍ സംശയമുണ്ടെന്നും ഇവര്‍ പറഞ്ഞു. ഇതിന് മുമ്പും അമ്മ കുട്ടിയെ മര്‍ദിച്ചിരുന്നതായും അയല്‍ക്കാര്‍ വെളിപ്പെടുത്തി. അമ്മയ്ക്കെതിരേ കുട്ടി നേരത്തെ പിങ്ക് പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

പലദിവസവും വീട്ടില്‍നിന്ന് കുട്ടിയുടെ കരച്ചിലും ബഹളവും കേള്‍ക്കാറുണ്ടായിരുന്നു. കാര്യം തിരക്കി അയല്‍ക്കാര്‍ വരുമ്പോള്‍ വീട്ടിലേക്ക് ആരും കയറരുതെന്നായിരുന്നു വീട്ടമ്മ പറഞ്ഞതെന്നും നാട്ടുകാര്‍ പറഞ്ഞു. തൃക്കുന്നപ്പുഴ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് പോലീസിന്റെ പ്രതികരണം.

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7