ചെന്നൈ: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ബോധവല്‍ക്കരണം നല്കുന്നതില് മുന്‍പന്തിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്. വൈറസ് വ്യാപനം ഇനിയും നിയന്ത്രണത്തില്‍ നില്‍ക്കാത്ത സാഹചര്യത്തില്‍ ട്വിറ്ററില്‍ തന്റെ പേരുതന്നെ മാറ്റിയിരിക്കുകയാണ് അശ്വിന്. ആളുകള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ഉദ്ദേശത്തോടെ ‘lets stay indoors India’ എന്നാണ് അശ്വിന്റെ ട്വിറ്ററിലെ പുതിയ ‘പ്രൊഫൈല്‍ നെയിം’. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകളോട് വീടിനുള്ളില്‍ത്തന്നെ കഴിയാനുള്ള ആഹ്വാനമാണിതെന്ന് വ്യക്തം.
ഇതിനു പുറമെ, വൈറസിനെ പ്രതിരോധിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളോട് സഹകരിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും അശ്വിന് ട്വീറ്റ് ചെയ്തു.
നമുക്കു ലഭിക്കുന്ന വിവരങ്ങളനുസരിച്ച് (ഇതില്‍ ആധികാരികമായവയും പരിഭ്രാന്തി സൃഷ്ടിക്കുന്നവയുമുണ്ട്) അടുത്ത രണ്ടാഴ്ച (വൈറസ് വ്യാപനം തടയുന്നതില്‍) വളരെ സുപ്രധാനമാണെന്ന് വ്യക്തമാണ്. ഈ കാലയളവില്‍ ഇന്ത്യയിലെ എല്ലാ നഗരങ്ങളും ആളൊഴിഞ്ഞുതന്നെ കിടക്കണം. കാരണം, കൈവിട്ടുപോയാല്‍ ഇതു വലിയ ദുരന്തത്തിലേ അവസാനിക്കൂ’ അശ്വിന് കുറിച്ചു
വൈറസ് വ്യാപനത്തെ ചെറുക്കാന്‍ കൂട്ടായി പരിശ്രമിക്കേണ്ടതിന്റെ ആവശ്യകത കൃത്യമായ ഇടവേളകളില്‍ ട്വിറ്ററിലൂടെ ജനങ്ങളിലേക്കെത്തിക്കുകയാണ് താരം. വൈറസ് വ്യാപനം തടയാന്‍ ‘സാമൂഹിക അകലം’ പാലിക്കാന്‍ സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശത്തോടു മുഖം തിരിച്ച ചെന്നൈയിലെ ജനതയ്ക്ക് മുന്നറിയിപ്പുമായി നേരത്തെ അശ്വിന് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനോടു ക്രിയാത്മകമായി പ്രതികരിച്ച ആളുകളെ അഭിനന്ദിച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു.