കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മലപ്പുറത്ത് യെല്ലോ അലേര്‍ട്ട്; രാത്രിയില്‍ മലയോര യാത്ര ഒഴിവാക്കണമെന്നും മുന്നറയിപ്പ്

കൊച്ചി: കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 60-70 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം ജില്ലയില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു കാരണമാകാന്‍ സാധ്യതയുള്ളതിനാല്‍ താഴെ പറയുന്നതുപ്രകാരമുള്ള നടപടികള്‍ ഉടനടി നടപ്പാക്കാന്‍ ദുരന്തനിവാരണ അഥോരിറ്റി നിര്‍ദേശിക്കുന്നു:

മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം എന്നു പ്രചാരണം നടത്തുക. മരങ്ങള്‍ക്കു താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴുവാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍

കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യ ജീവനും വൈദ്യത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെയുള്ള സമയം സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ശ്രദ്ധയ്ക്ക്

ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതില്‍നിന്നും വിലക്കുക. സ്ത്രീകള്‍ മഴക്കാര്‍ കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് പോകരുത്

തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഇത്തരം സമയങ്ങളില്‍ നില്‍ക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.

പൊതു നിര്‍ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ഫോണ്‍ ഉപയോഗിക്കരുത്. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.

കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല. പട്ടം പറത്തുവാന്‍ പാടില്ല. തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.

ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടുപ്പിക്കാം. മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കഴ്ച്ചയോ കേഴ്വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുതി പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്റ് സുരക്ഷക്കായിട്ടുള്ള സുവര്‍ണ നിമിഷങ്ങളാണ്.

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേക്ക് പോകരുത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7