തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച അഭിപ്രായ സര്‍വേ ഫലം പുറത്ത്. കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്‍ 14 മുതല്‍ 16 സീറ്റുകള്‍ വരെ യുഡിഎഫിനു ലഭിക്കുമെന്ന് ഏഷ്യാനെറ്റ് -എസെഡ് അഭിപ്രായ സര്‍വേ. 44% വോട്ടു വിഹിതം നേടിയാകും യുഡിഎഫിന്റെ മുന്നേറ്റമെന്നും ശബരിമല വിഷയമാണു ഫലത്തെ ഏറ്റവുമധികം സ്വാധീനിക്കുകയെന്നും സര്‍വേഫലം ചൂണ്ടിക്കാട്ടുന്നു.
3 മുതല്‍ 5 വരെ സീറ്റുകള്‍ എല്‍ഡിഎഫിനും പൂജ്യം മുതല്‍ ഒരു സീറ്റു വരെ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കു ലഭിക്കാം. 30% വോട്ടുകള്‍ എല്‍ഡിഎഫിനും 18% വോട്ടുകള്‍ എന്‍ഡിഎയ്ക്കും കിട്ടും. തെക്കന്‍ ജില്ലകളിലെ ഒരു സീറ്റിലാണ് എന്‍ഡിഎയ്ക്കു വിജയ സാധ്യത. ഭരണം മാറി 3 വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന നേതാവ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയെന്ന് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു. ഇഷ്ടപ്പെടുന്ന സംസ്ഥാന നേതാവ് ആരെന്ന ചോദ്യത്തിന് 24% പേര്‍ ഉമ്മന്‍ചാണ്ടിയെന്നും 21% പേര്‍ വി.എസ്. അച്യുതാനന്ദനെന്നും 18% മുഖ്യമന്ത്രി പിണറായി വിജയനെന്നും മറുപടി നല്‍കിയെന്നാണ് സര്‍വേ റിപ്പോര്‍ട്ട്.
വടക്കന്‍ കേരളത്തിലെ കാസര്‍കോട്, കണ്ണൂര്‍, വടകര, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട് സീറ്റുകളില്‍ 7 മുതല്‍ 8 വരെ യുഡിഎഫ് ജയിക്കും. 48% ശതമാനം വോട്ടു വിഹിതമാണ് ഈ മേഖലയില്‍ യുഡിഎഫിനു കിട്ടാന്‍ സാധ്യത. പൂജ്യം മുതല്‍ ഒരു സീറ്റുവരെ വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിനു കിട്ടും. വോട്ടുവിഹിതം 33%. എന്‍ഡിഎയ്ക്ക് 16% വോട്ടുകള്‍. ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി മണ്ഡലങ്ങളടങ്ങിയ മധ്യകേരളത്തില്‍ 4 മുതല്‍ 5 സീറ്റ് വരെയാണ് യുഡിഎഫിനു കിട്ടുക. എല്‍ഡിഎഫ് പരമാവധി ഒരു സീറ്റ് നേടും. വോട്ടു വിഹിതം: യുഡിഎഫ് 42%, എല്‍ഡിഎഫ് 27%. എന്‍ഡിഎ 17%.
തെക്കന്‍ കേരളത്തിലെ കോട്ടയം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ 3 മുതല്‍ 5 വരെ സീറ്റുകളാണ് യുഡിഎഫ് നേടുക. 1 മുതല്‍ 3 വരെ സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിക്കും. വോട്ടു വിഹിതം: യുഡിഎഫ് 44%, എല്‍ഡിഎഫ് 28%, എന്‍ഡിഎ 20%. ശബരിമല വിഷയത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുക ഏതു പാര്‍ട്ടിയെന്ന ചോദ്യത്തിനു കിട്ടിയ മറുപടി ഇങ്ങനെ: യുഡിഎഫ് 32%, എല്‍ഡിഎഫ് 26%, എന്‍ഡിഎ 21%. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടു ശരിയോ എന്ന ചോദ്യത്തിന് 54% പേരും തെറ്റെന്നാണ് മറുപടി നല്‍കിയത്. ശരിയെന്ന് 25 ശതമാനവും അറിയില്ലെന്ന് 21 ശതമാനം പേരും പ്രതികരിച്ചു.