തിരുവനന്തപുരം: നേരത്തെ അമൃത എക്‌സ്പ്രസ് പുറപ്പെട്ടിരുന്ന രാത്രി പത്തരയ്ക്ക് ഒരു തീവണ്ടിയെങ്കിലും തിരുവനന്തപുരത്ത് നിന്നും പുറപ്പെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന അമ്യത, രാജ്യറാണി എക്‌സ്പ്രസുകള്‍ രണ്ട് മണിക്കൂര്‍ നേരത്തെയാക്കിയതിനെതിരെ കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
സതേണ്‍ റയില്‍വേ ജനറല്‍ മാനേജര്‍ (ചെന്നൈ) മൂന്നാഴ്ചക്കകം വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന തീവണ്ടിയായിരുന്നു രാത്രി പത്തരക്ക് പുറപ്പെട്ടിരുന്ന അമ്യതയെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇപ്പോള്‍ അമൃത എട്ടരക്ക് തിരുവനന്തപുരത്ത് നിന്നും രാജ്യറാണി 8.50 ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടാന്‍ തുടങ്ങി. മംഗലാപുരം എക്‌സ്പ്രസ് 8.40 ന് കൊച്ചുവേളിയില്‍ നിന്നാണ് പുറപ്പെടുന്നത്.
വ്യക്തമായ കാരണങ്ങള്‍ പറയാതെയാണ് അമ്യതയും രാജ്യറാണിയും എട്ടരക്കും 8.50 നും പുറപ്പെടാന്‍ റയില്‍വേ തീരുമാനിച്ചത്. പുലര്‍ച്ചെ രണ്ടരക്ക് തൃശൂരിലെത്തുന്ന അമ്യത പാലക്കാടെത്താന്‍ മൂന്നര മണിക്കൂറെടുക്കും. തീവണ്ടി തൃശൂരില്‍ നിര്‍ത്തിയിടാനാണ് തീരുമാനം. വെറുതെ നിര്‍ത്തിയിടാന്‍ ഒരു തീവണ്ടി നേരത്തെയാക്കുന്നത് എന്തിനാണെന്നും കമ്മീഷന്‍ ചോദിച്ചു.
രാത്രി 11.15 ന് തിരുവനന്തപുരത്ത് എത്തേണ്ട ചെന്നൈ- ഗുരുവായൂര്‍ എക്‌സ്പ്രസ് കൃത്യ സമയം പാലിക്കാറില്ല. രാത്രി എട്ടരയോടെ മൂന്ന് തീവണ്ടികളാണ് തിരുവനന്തപുരത്തും കൊച്ചുവേളിയില്‍ നിന്നുമായി പുറപ്പെടുന്നത്. ചെന്നൈ – ഗുരുവായൂര്‍ തീവണ്ടി സമയത്തെത്താതിരുന്നാല്‍ രാത്രി എട്ടരക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും തീവണ്ടിയില്ലാതാകും. ഇത് യാത്രക്കാരുടെ സഞ്ചരിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.