ചെറുതോണി അണക്കെട്ട് തുറന്നു; ആദ്യം 50 സെന്റീമിറ്റര്‍ ഉയര്‍ത്തി, പിന്നീട് 70 സെന്റീമീറ്ററാക്കി

തൊടുപുഴ: കേരളത്തില്‍ ഇന്നുമുതല്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പു ലഭിച്ചതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. മുന്‍കരുതലിന്റെ ഭാഗമായിട്ടാണു രാവിലെ 11 മണിയോടെ ഷട്ടര്‍ തുറന്നത്. ഒരു ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ അന്‍പതിനായിരം ലിറ്റര്‍ വെള്ളമാണു ആദ്യം പുറത്തേക്ക് ഒഴുക്കിയത്. പിന്നീട് 11. 20 ആയപ്പോഴേക്കും 20 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി ഇപ്പോള്‍ 70000 ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയായി ഉയര്‍ന്നു. 3474 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് -2387.54 അടി (11 മണിക്ക്) … അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം നിലവില്ലെന്നു ഇടുക്കി കലക്ടര്‍ കെ. ജീവന്‍ബാബു അറിയിച്ചു. എത്ര സമയം വരെ ഷട്ടര്‍ ഉയര്‍ത്തുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ല, ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കെ.എസ്.ഇ.ബിയാണ്. മഴയുടെ ലഭ്യത അനുസരിച്ച് യുക്തിപൂര്‍വം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്കെതിരെ റോഷി അഗസ്റ്റിന്‍ എംഎല്‍എ രംഗത്തെത്തി. ഇടുക്കി ഡാം തുറക്കുന്നതില്‍ കെഎസ്ഇബി ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് എംഎല്‍എ ആരോപിച്ചു. ആവശ്യത്തിന് മുന്നറിയിപ്പില്ലാതെ ഇടുക്കി ഡാം തുറക്കരുതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ജില്ലാ ഭരണകൂടത്തെ നോക്കുകുത്തിയാക്കി കെഎസ്ഇബി പ്രവര്‍ത്തിക്കുന്നു. മുന്നൊരുക്കങ്ങള്‍ക്ക് മതിയായ സമയം ലഭിക്കുന്നില്ല. ഇന്നലെ ഷട്ടര്‍ തുറക്കുമെന്ന് അറിയിച്ച ശേഷം സമയം മാറ്റിയത് എന്തിനെന്ന് വ്യക്തമാക്കണം. ഇന്ന് രാവിലെ 11 മണിക്ക് തുറക്കുമെന്ന വിവരം ജനം അറിഞ്ഞിട്ടില്ല. 12 മണിക്കൂര്‍ മുമ്പെങ്കിലും മുന്നറിയിപ്പ് നല്‍കണം. ഡാം തുറക്കുന്നത് നിശ്ചയിച്ച സമയത്തില്‍ നിന്ന് മാറ്റിയത് ശരിയല്ല. കെഎസ്ഇബി അനാവശ്യമായി ധൃതി കാണിക്കുകയാണ്. അനൗണ്‍സ്‌മെന്റ് നടത്തുന്നതില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. മതിയായ മുന്നൊരുക്കത്തിന് ആറ് മണിക്കൂര്‍ വേണമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അതേസമയം പല ജില്ലകളിലും മഴ തുടരുകയാണ്. കോഴിക്കോടിന്റെ മലയോര മേഖലയിലുള്‍പ്പെടെ കനത്തമഴ തുടരുകയാണ്.

കേരളതീരത്തുനിന്ന് ഏകദേശം 500 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ ലക്ഷദ്വീപിനും മാലദ്വീപിനുമിടയില്‍ ന്യൂനമര്‍ദം രൂപം കൊണ്ടു. ഇന്നു രാവിലെയോടെ തീവ്രവും വൈകിട്ടോടെ അതിതീവ്രവുമാകുന്ന ന്യൂനമര്‍ദം രാത്രി ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. ‘ലുബാന്‍’ ചുഴലിക്കാറ്റ് ലക്ഷദ്വീപിനു പടിഞ്ഞാറു വഴി ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം. കേരളത്തില്‍ ഇന്നു മുതല്‍ 9 വരെ കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യത.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7