കൊച്ചി:ഒരാളെ എലിമിനേറ്റ് ചെയ്യാനുള്ള ഓപ്പറേഷന് തരണം എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മേജര്‍ രവി. ആ ദിവസത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും നാടിന് എന്നെങ്കിലും തന്നെ ആവശ്യം വരുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി ക്ലബ് എഫ് എമ്മിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മേജര്‍ പദവി അഭിമാനത്തോടെയാണ് കൊണ്ടു നടക്കുന്നതെന്നും മരണം വരെ അത് കാത്തു സൂക്ഷിക്കുമെന്നും മേജര്‍ രവി പറഞ്ഞു.
‘ഒരു കമാന്‍ഡോ ആദ്യമായിട്ടും അവസാനമായിട്ടും കമാന്‍ഡോ തന്നെയാണ്. ഒന്നരക്കൊല്ലം മുന്‍പ് കേന്ദ്ര സര്‍ക്കാറിനെ ഞാന്‍ ഒരു കാര്യത്തിന് സമീപിച്ചിരുന്നു. ഒരു സ്റ്റാമ്പ് പേപ്പറുമായാണ് ഞാന്‍ ചെന്നത്. അത് ബ്ലാങ്ക് ആയിരുന്നു. എന്റെ ആവശ്യം ഇതായിരുന്നു, എനിക്ക് ഒരാളെ (ആ പേര് വെളിപ്പെടുത്തിയില്ല) എലിമിനേറ്റ് ചെയ്യാനുള്ള ഓപ്പറേഷന് തരണം. അതില്‍ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ ഭാര്യയും മകനും സര്‍ക്കാറിനോട് ഒന്നും ആവശ്യപ്പെട്ട് വരികയില്ല എന്ന്. ഇന്നും ഞാന്‍ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. നാടിന് എന്നെങ്കിലും എന്നെ ആവശ്യം വരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.’
തന്റെ മേജര്‍ പദവി കാശ് കൊടുത്തു വാങ്ങിയതല്ലെന്നും അഞ്ചരക്കൊല്ലം ട്രെയിന്‍ ചെയ്തിട്ടാണ് പട്ടാളക്കാരനായതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പദവിക്ക് കളങ്കം വരുത്തുന്ന പ്രവൃത്തികളൊന്നും ചെയ്യാറില്ലെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.