ഡാമുകളുടെ കാര്യത്തില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ജലകമ്മീഷന്‍; ഇന്ന് പ്രത്യേക നിയമസഭാ യോഗം

ന്യൂഡല്‍ഹി: ഡാമുകളുടെ കാര്യത്തില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ജലകമ്മീഷന്‍. ഡാമുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ ആലോചിക്കണമെന്നായിരുന്നു മുന്നറിയിപ്പ്. കേന്ദ്ര ജലകമ്മീഷന്‍ പ്രളയമുന്നറിയിപ്പ് വിഭാഗം ഡയറക്ടര്‍ ശരത് ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയമുന്നറിയിപ്പുകേന്ദ്രം തുടങ്ങാമെന്ന് 2011ലെ നിര്‍ദേശവും കേരളം കണക്കിലെടുത്തില്ല. ഇപ്പോഴത്തെ പ്രളയത്തിന് ശേഷം നിര്‍ദേശം ആവര്‍ത്തിച്ചപ്പോഴും അനുകൂല നിലപാടില്ല.

അതേസമയം പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സമ്മേളനത്തിന്റെ അജണ്ട. പ്രളയം വരുത്തിവെച്ച ദുരിതവും അത് മറികടക്കാന്‍ സ്വീകരിക്കേണ്ട വഴികളും വിശദമായി ചര്‍ച്ച ചെയ്യാനാണ് മന്ത്രിസഭ തീരുമാനപ്രകാരം പ്രത്യേക സഭ സമ്മേളനം ചേരുന്നത്.

ഡാം മാനേജ്മെന്റിലെ വീഴ്ചയാണ് പ്രളയം രൂക്ഷമാക്കിയതെന്ന പ്രതിപക്ഷ വിമര്‍ശനത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടായേക്കും. പ്രളയം സംബന്ധിച്ച് ചട്ടം 130 പ്രകാരമുള്ള ഉപക്ഷേപം മുഖ്യമന്ത്രി അവതരിപ്പിക്കും. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും തുടര്‍ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി വിശദീകരിക്കും. പാര്‍ട്ടികള്‍ നിശ്ചയിക്കുന്ന അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. ചര്‍ച്ചക്ക് ശേഷം ചട്ടം 275 അനുസരിച്ചുള്ള പ്രമേയവും സഭ പാസാക്കും.

ഡാമുകള്‍ കൂട്ടത്തോടെ തുറന്നത് പ്രളയക്കെടുതി രൂക്ഷമാക്കിയെന്ന വിമര്‍ശം സഭയിലും ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സിപിഐഎം ഹൈജാക്ക് ചെയ്യുന്നുവെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തും. രാവിലെ ഒന്‍പത് മുതല്‍ രണ്ട് മണി വരെയാണ് സഭ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ സമയം ക്ലിപ്തപ്പെടുത്താതെ പ്രളയമേഖലകളില്‍ നിന്നുള്ള എല്ലാ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നല്‍കിയിട്ടുണ്ട്.

സഭാ സമ്മേളനത്തിന് ശേഷമാകും മന്ത്രിസഭായോഗം. സഭയിലുയരുന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കുന്നതിന് വേണ്ടിയാണ് ഇന്നലെ ചേരേണ്ടിയിരുന്ന മന്ത്രിസഭായോഗം ഇന്നത്തേക്ക് മാറ്റിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7