കേരളത്തിലെ പ്രളയ ദുരന്തത്തിന് കൈത്താങ്ങായി ഐക്യ രാഷ്ട്രസഭ വാഗ്ദാനം ചെയ്ത സഹായം നിരസിച്ച കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് ടിജി മോഹന്‍ദാസ്. വിദേശത്തു നിന്ന് കേരളത്തിന് വാഗ്ദാനം ചെയ്തിരിക്കുന്ന സാമ്പത്തിക സഹായം കേരളത്തിന് നിലവിലെ അവസ്ഥയില്‍ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ഈ അവസ്ഥ കേന്ദ്രത്തിന് ഒറ്റയ്ക്ക് താങ്ങാനാകുമെന്നും ഇതില്‍ കേരള സര്‍ക്കാര്‍ തൃപ്തരാണെന്നും കേന്ദ്രം നിലപാടെടുത്തിരുന്നു. ഈ നിലപാടിനെ പിന്തുണച്ചുകൊണ്ടാണ് കേരള ബിജെപി ബൗദ്ധിക സെല്‍ മേധാവി ടിജി മോഹന്‍ദാസ് രംഗത്തെത്തിയിരിക്കുന്നത്.
യുഎന്നിന്റെ സഹായം കേന്ദ്രം മാന്യതയോടെയാണ് വേണ്ടെന്ന് പറഞ്ഞത് എന്ന് ടിജി മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ചു. നമ്മള് മറികടക്കും എന്ന ഹാഷ് ടാഗോടെയായിരുന്നു ട്വീറ്റ്.