അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുന്ന ഒന്നാണ് കികി ഡാന്‍സ് ചലഞ്ച്. കനേഡിയന്‍ ഹിപ്പ് ഹോപ്പ് താരം ഡ്രേക്കിന്റെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘ഇന്‍ മൈ ഫീലിങ്സ’ എന്ന ഗാനത്തിന് ചുവടുവെക്കുന്നതാണ് കികി ചലഞ്ച്. ജൂണ്‍ 29ന് ഷിഗ്ഗി എന്നയാള്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് കികി ഡാന്‍സ് ചലഞ്ചിന് തുടക്കമിട്ടത്.
ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പുറത്തുചാടി ഡോര്‍ തുറന്നിട്ട് പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതാണ് ചലഞ്ച്. ഇന്‍ മൈ ഫീലിങ്സ്, കികി ഡാന്‍ഡ് ചലഞ്ച് തുടങ്ങിയ ഹാഷ് ടാഗോടെയാണ് വീഡിയോകള്‍ പ്രചരിക്കുന്നത്. നിരവധി പേരാണ് ഇതോടെ ചലഞ്ച് ഏറ്റെടുത്ത് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.
ചലഞ്ച് അപകടകരമായ രീതിയിലേക്ക് ഗതിമാറിയ സംഭവങ്ങള്‍ പതിവായതോടെ മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ കികി ചലഞ്ചിന് ശ്രമിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിലും ചലഞ്ച് വൈറലാവുകയും അപകടങ്ങളുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെയും തുടര്‍ന്ന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പോലീസ്. ചലഞ്ചിനെതിരെ മുന്നറിയിപ്പുമായി ഡല്‍ഹി പൊലീസാണ് ഇപ്പോള്‍ ഒടുവിലായി രംഗത്തു വന്നിരിക്കുന്നത്.
നൃത്തം ചെയ്യേണ്ടത് റോഡിലല്ല, ഫ്ളോറിലാണ്. റോഡില്‍ ചാടിയിറങ്ങി ഡാന്‍സ് ചെയ്താന്‍ നിങ്ങള്‍ക്കായി പുതിയ വാതിലുകള്‍ തുറക്കപ്പെടുമെന്ന് പൊലീസ് പുറത്തു വിട്ട ട്വീറ്റില്‍ പറയുന്നു. ആംബുലന്‍സിന്റെ വാതിലുകള്‍ തുറന്നിട്ടുള്ള ചിത്രം ട്വീറ്റ് ചെയ്താണ് പൊലീസ് യുവതീയുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കിക്കി ചലഞ്ചിനെ തമാശയായി കാണാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.
ചലഞ്ചിനെതിരെ കഴിഞ്ഞ ദിവസം മുംബൈ പൊലീസും രംഗത്ത് വന്നിരിന്നു. നടുറോഡിലെ ഡാന്‍സ്, അവരുടെ മാത്രം ജീവനല്ല മറ്റുള്ളവരുടെ ജീവന് കൂടി അപകടപ്പെടുത്തുന്നുണ്ടെന്നാണ് മുംബൈ പൊലീസ് പറയുന്നത്. അതുകൊണ്ടു തന്നെ ഇനിയിതു തുടര്‍ന്നാല്‍ ‘ശരിക്കുള്ള മ്യൂസിക്കിനെ’ നേരിടാന്‍ തയാറാകൂ എന്നാണ് മുംബൈ പൊലീസിന്റെ ട്വീറ്റില്‍ പറയുന്നത്.
Dance on the floors, not on the roads!
#KikiChallenge is not worth the fun.#InMyFeelings Keep #Delhi roads safe for all. pic.twitter.com/8BZcl5H78S— Delhi Police (@DelhiPolice) July 31, 2018