ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ പീഡിപ്പിച്ച വീട്ടമ്മ എന്ന തരത്തില്‍ തന്റെ ചിത്രം വാട്ട്സാപ്പിലൂടെ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി യുവതിയുടെ രംഗത്ത്. പത്തനംതിട്ട അടൂര്‍ മണക്കാലയിലെ ഡോ. അഞ്ജു രാമചന്ദ്രനാണ് അടൂര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
കുമ്പസാരം രഹസ്യം വെച്ച് ബ്ലാക്ക്മെയില്‍ ചെയ്ത് ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ ചേര്‍ന്ന് പീഡിപ്പിച്ച വീട്ടമ്മയുടെ ചിത്രം എന്ന തരത്തിലാണ് ബംഗ്ലൂരുവില്‍ ജോലി ചെയ്യുന്ന ഡോ അഞ്ജു ചിത്രം പ്രചരിക്കുന്നത്. അഞ്ജുവിന്റെ സുഹൃത്തുക്കളാണ് ഇതവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
തുടര്‍ന്ന് 26ാം തിയതി അടൂര്‍ പൊലീസിലും പത്തനംത്തിട്ട സൈബര്‍ സെല്ലിലും പരാതി നല്‍കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കി.
ഇത് മൂന്നാം തവണയാണ് അഞ്ജുവിന്റെ ചിത്രം ഉപയോഗിച്ചുള്ള വ്യാജപ്രചരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പ് അഞ്ജു ഫെയ്സ്ബുക്കിലിട്ട ഒരു ഫോട്ടോയാണ് വ്യാജപ്രചരണത്തിന് ഉപയോഗിക്കുന്നത്. കാറില്‍ ഇരിക്കുന്ന ചിത്രമാണ് ഇത്. നേരത്തെ അശ്ലീലചിത്രങ്ങള്‍ക്കൊപ്പമാണ് ചിത്രം പ്രചരിപ്പിച്ചത്. തുടര്‍ന്ന് മറ്റൊരു ശബ്ദസന്ദേശത്തിനൊപ്പവും ചിത്രം പ്രചരിപ്പിച്ചു. ഇതിനും ശേഷമാണ് വൈദികര്‍ പീഡിപ്പിച്ച യുവതിയുടേതെന്ന പേരില്‍ ചിത്രം പ്രചരിക്കുന്നത്.
ഇനിയാര്‍ക്കും ഇത്തരമൊരു അവസ്ഥ വരാതിരിക്കാനാണ് സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്ന് അഞ്ജു വ്യക്തമാക്കി. അഞ്ജുവിന്റെ പരാതിയില്‍ അടൂര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.