BREAKING NEWS

11 പേരടങ്ങുന്ന സംഘത്തിന് ദേശീയ പതാകയുമായി വന്ന് കൊണാട്ട് പ്ലേസിൽ പാട്ടുപാടാൻ (ദേശീയ​ഗാനം) അനുമതി നൽകാം, ഇന്നത്തെ പ്രതിഷേധത്തിൽ പൊതുജനങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കരുത്…പോലീസ്!! “ഞങ്ങൾ നൂറ് സ്ഥലങ്ങൾ പ്രഖ്യാപിച്ചാൽ പ്രധാനമന്ത്രി ആ നൂറ് സ്ഥലങ്ങളും അടച്ചുപൂട്ടുമോ?” ചോദ്യവുമായി ദിപ്‌കെ, പോലീസിന്റെ നടപടി കോടതിയുടെ ഒറ്റവാക്കിന്റെ ബലത്തിൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി ഇന്ന് ഡൽഹിയിൽ നടത്താൻ ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ പൊതുജനങ്ങൾ പങ്കെടുക്കരുതെന്ന് ഡൽഹി പോലീസ്. അതേസമയം, ദേശീയപതാകയുമായി എത്തി ദേശീയഗാനം ആലപിക്കാൻ 11 പേരടങ്ങുന്ന സംഘത്തിന് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ അനുയോജ്യമായൊരു സ്ഥലത്ത് സൗകര്യമൊരുക്കാമെന്നും പോലീസ് അറിയിച്ചു.

ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് പ്രതിഷേധം നടത്തുന്നതിൽനിന്ന് സിജെപിയെ തടയണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പോലീസിന്റെ പുതിയ തീരുമാനമെത്തിയത്. പ്രതിഷേധം പൂർണമായി തടയുന്നതിനു പകരം, നിയമപരമായ മാർഗങ്ങളിലൂടെ ജനക്കൂട്ടത്തെ നിയന്ത്രിക്കുമെന്ന പോലീസിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച വൈകുന്നേരം പോലീസ് പൊതുജനങ്ങളോട് പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് അഭ്യർഥിച്ചത്. കൊണാട്ട് പ്ലേസിലും സമീപപ്രദേശങ്ങളിലും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബി.എൻ.എസ്.എസ്) 163-ാം വകുപ്പ് പ്രകാരമുള്ള നിരോധന ഉത്തരവുകൾ നിലവിലുണ്ടെന്ന് പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

ഇന്നു വൈകുന്നേരം അഞ്ചിന് ദേശീയപതാകയുമായി സെൻട്രൽ പാർക്കിൽ ഒത്തുചേരണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച വൈകുന്നേരം എക്സിൽ അദ്ദേഹം കുറിച്ചത് ഇങ്ങനെ: “ഞങ്ങൾ നൂറ് സ്ഥലങ്ങൾ പ്രഖ്യാപിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആ നൂറ് സ്ഥലങ്ങളും അടച്ചുപൂട്ടുമോ?” ആം ആദ്മി പാർട്ടിയും (എ.എ.പി) പ്രതിഷേധത്തിൽ പങ്കെടുക്കാനും കൂടുതൽ ആളുകളുമായി സ്ഥലത്തെത്താനും ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് പോലീസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

നിലവിലെ സുരക്ഷാ സാഹചര്യവും ക്രമസമാധാന പ്രശ്നങ്ങളും കണക്കിലെടുത്ത് ഒക്ടോബർ 16, 17 തീയതികളിൽ സെൻട്രൽ പാർക്ക് അടച്ചിടാൻ ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) തീരുമാനിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. ഭരണപരമായ കാരണങ്ങളാലാണ് പാർക്ക് അടച്ചിടുന്നതെന്നും അവിടെ ഒത്തുചേരലുകൾ അനുവദിക്കരുതെന്ന് എൻഡിഎംസി അറിയിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മിഷണർ നേഹ യാദവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊണാട്ട് പ്ലേസിലെയും സമീപപ്രദേശങ്ങളിലെയും വ്യാപാരി സംഘടനകളും മാർക്കറ്റ് അസോസിയേഷനുകളും നൽകിയ പരാതികളും പോലീസ് ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ ഒത്തുചേരലുകളും അക്രമസ്വഭാവമുള്ളവരുടെ ഇടപെടലുകളും മൂലം വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഉത്സവകാലത്ത് പ്രത്യേകിച്ചും ബിസിനസിന് തിരിച്ചടിയുണ്ടാകുന്നുവെന്നും സംഘടനകൾ അറിയിച്ചതായി പോലീസ് വ്യക്തമാക്കി. അതേസമയം ദേശീയപതാക പ്രദർശിപ്പിക്കുന്നതും കൈവശം വഹിക്കുന്നതും ദേശീയഗാനം ആലപിക്കുന്നതും നിശ്ചിത ചട്ടങ്ങൾ പാലിച്ചും ആവശ്യമായ ആദരവും അന്തസ്സും മര്യാദയും ഉറപ്പാക്കിയും വേണമെന്നും പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

ഒരു വ്യാപാരി സമർപ്പിച്ച ഹർജിയിലൂടെയാണ് വിഷയം ഡൽഹി ഹൈക്കോടതിയിലെത്തിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് നിതിൻ വാസുദേവ് സാംബ്രെ, ജസ്റ്റിസ് സഞ്ജയ് ശർമ എന്നിവരടങ്ങിയ ബെഞ്ച് പ്രതിഷേധം തടയാൻ വിസമ്മതിച്ചു. എന്നാൽ, പ്രതിഷേധക്കാരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും സമാധാനവും ക്രമസമാധാനവും നിലനിർത്താനും നിയമപ്രകാരം സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന പോലീസിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. ഹർജിക്കാരന്റെ ആശങ്കകൾ പരിഹരിക്കാൻ പ്രതിഷേധക്കാരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചതായും പോലീസ് വ്യക്തമാക്കി.
പ്രതിഷേധം കാരണം സെൻട്രൽ ഡൽഹിയിൽ വ്യാപാരികൾക്ക് മറ്റൊരു വാരാന്ത്യവും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കൊണാട്ട് പ്ലേസിന്റെ ഹൃദയഭാഗത്തുള്ള സെൻട്രൽ പാർക്കിൽ പ്രതിഷേധം നടത്തുന്നത് വ്യാപാരികളെ ലക്ഷ്യമിടുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.

“ഇത് പ്രതിഷേധത്തിനുള്ള സ്ഥലമല്ല. ഇതിനകം തന്നെ കടകളും മറ്റും അടച്ചുപൂട്ടാൻ തുടങ്ങിയിട്ടുണ്ട്. ദസറ വാരാന്ത്യമാണിത്. ഈ പ്രതിഷേധം തടയണം,” എന്നായിരുന്നു അഭിഭാഷകന്റെ വാദം. പ്രതിഷേധം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ അധികൃതർ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാരിനും ബന്ധപ്പെട്ട അധികാരികൾക്കും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ കോടതിയെ അറിയിച്ചു.
തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് ഒക്ടോബർ 10ന് സി.ജെ.പി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ജന്തർ മന്തറിലേക്ക് എത്തിയ നൂറുകണക്കിന് പേരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് പുതിയ പ്രതിഷേധാഹ്വാനം. പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയും പങ്കാളിയായ പ്രതിഷേധങ്ങളും കഴിഞ്ഞ ദിവസങ്ങളായി ഡൽഹിയിൽ തുടരുകയാണ്. ഇതിനിടെയാണ് ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധവേദി എന്ന പദവിയിൽനിന്ന് ഒഴിവാക്കിയത്.

ജന്തർ മന്തറിൽ ദേശീയപതാക ഉയർത്തിയ സംഭവവുമായി ബന്ധപ്പെട്ട് അതിക്രമിച്ചുകയറൽ കുറ്റം ചുമത്തപ്പെട്ട സിജെപി അംഗങ്ങളായ സൗരവ് ദാസും അശുതോഷ് റങ്കയും ഇപ്പോഴും ജയിലിലാണ്. വ്യാഴാഴ്ച ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നതിനാലാണ് പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കുന്നതെന്ന് അഭിജീത് ദിപ്‌കെ ആരോപിച്ചു.

“കഴിഞ്ഞ 10–15 ദിവസമായി വിദ്യാർഥി സംഘടനകളും ഡൽഹിയിലെ യുവാക്കളും തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. അവരെ വലിച്ചിഴച്ച് കൊണ്ടുപോകുന്നു. പ്രതിപക്ഷം പ്രതിഷേധത്തിൽ പങ്കുചേർന്നപ്പോൾ അവരെയും കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുൻ മുഖ്യമന്ത്രിമാരായ മമത ബാനർജി, അരവിന്ദ് കെജ്‌രിവാൾ, പിണറായി വിജയൻ എന്നിവരടക്കമുള്ളവരെ തടഞ്ഞുവച്ചു. ഇതെല്ലാം ആർക്കുവേണ്ടിയാണ്? ഒരാൾക്കുവേണ്ടി, ഗ്യാനേഷ് കുമാറിനുവേണ്ടി,” ദിപ്‌കെ പറഞ്ഞു.

പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പോലീസ് മർദിക്കുകയും വലിച്ചിഴച്ച് മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും ചെയ്തതായി എ.ഐ.എസ്.എ പ്രവർത്തക നേഹ ബോറ ആരോപിച്ചു. പ്രസ് കാർഡുകൾ കൈവശമുണ്ടായിരുന്നിട്ടും മാധ്യമപ്രവർത്തകരെ തടഞ്ഞുവയ്ക്കുകയും അവരുടെ ക്യാമറകൾ പിടിച്ചെടുക്കുകയും ചെയ്തെന്നാണ് ആരോപണം.

അതേസമയം, വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആറിനെതിരെ രാഹുൽ ഗാന്ധിയും ഇന്ത്യാ മുന്നണി നേതാക്കളും സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കും നോട്ടീസ് അയച്ചു. എസ്ഐആർ നടപടികൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബർ 12ന് ഇന്ത്യാ മുന്നണി നേതാക്കൾ സുപ്രീംകോടതി പരിസരത്തേക്ക് നടത്തിയ മാർച്ചിനെക്കുറിച്ച് പരാമർശിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, “ആർക്കും നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്താനാവില്ല” എന്ന് വ്യക്തമാക്കി.

LATEST UPDATES
ഒരിക്കൽ അനു ടീച്ചർ വാർത്തകളിൽ നിറഞ്ഞുനിന്നത് ഭർത്താവ് പകുത്തു നൽകിയ കരളിന്റെ കഷ്ണവുമായി ജീവിതത്തിലേക്കു തിരികെയെത്തിയതിലൂടെ... അധ്യാപികയെ കാണാതായിട്ട് 11 ദിവസം, അനുവിന്റെ തിരോ​ധാനത്തിൽ ലഹരിക്കേസിൽ നേരത്തെ അറസ്റ്റിലായ വടകര സ്വദേശിക്ക് പങ്കുണ്ടെന്ന സംശയത്തിൽ കുടുംബവും സഹപ്രവർത്തകരും
16 Oct 2026
BREAKING NEWS
സുഹൈൽ മൂന്നു ജീവനുകളെടുക്കുന്നതിന് മുൻപ് അമിതമായി മദ്യപിച്ചിരുന്നു... പരിശോധനാ ഫലം പുറത്ത്!! രാസലഹരി ഉൾപ്പെടെ ഉപയോഗിച്ചിരുന്നോ എന്ന കാര്യം കൂടുതൽ പരിശോധന നടത്തിയാലേ വ്യക്തമാകൂ...സുഹൈലും കൂട്ടുപ്രതികളും മുടിമുറിച്ചത് സാധാരണ നടപടിക്രമം മാത്രം
16 Oct 2026
BREAKING NEWS
ഇനിയും ഇമ്മാതിരി രൂപമാറ്റം വരുത്തി ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരും- പ്രതികൾക്ക് കോടതിയുടെ കർശന താക്കീത്!! സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ പോലെ മുടിവെട്ടി, ഒരേ വസ്ത്രങ്ങൾ ധരിച്ച്, മുഖവും തലയും മറച്ച്... മൂന്നുപേരെ തിരിച്ചറിയാനാകാതെ സാക്ഷി- മാ...
15 Oct 2026
BREAKING NEWS
ഞങ്ങൾ‍ക്ക് 21 വയസായി, മദ്യം വേണം... സ്കൂൾ യൂണിഫോമിൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിദ്യാർഥികൾ!! തരില്ലെന്നു പറഞ്ഞതോടെ അടുത്ത വരവ് യൂണിഫോം മാറ്റി, പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുന്നതോടെ പ്രതിഷേധം- നെടുമ്പാശേരി അപകടത്തോടെ പരിശോധന കർശമാക്കി- ജീവനക്കാർ
15 Oct 2026